ഇനി മറ്റ് സിനിമകളിൽ അതിഥിവേഷങ്ങൾ ചെയ്യില്ലെന്ന തീരുമാനത്തിൽ മാറ്റം വരുത്തിയത് ‘ജയിലർ 2’വിന് വേണ്ടി മാത്രമാണെന്ന് വിജയ് സേതുപതി. പ്രമുഖ അവതാരകൻ ഗോബിനാഥിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. രജനീകാന്തിനോടുള്ള കടുത്ത ആരാധനയും, അഞ്ച് പതിറ്റാണ്ടിലേറെയായി സൂപ്പർതാര പദവി നിലനിർത്തുന്ന അദ്ദേഹത്തിൽ നിന്ന് പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവസരവുമാണ് ചിത്രത്തിൽ ഒരു ചെറിയ വേഷം സ്വീകരിക്കാൻ പ്രധാന കാരണമായതെന്ന് താരം വ്യക്തമാക്കി.
മറ്റ് സിനിമകളിൽ അതിഥിവേഷങ്ങളിൽ എത്തുന്നത് പിന്നീട് തന്റെ സ്വന്തം സിനിമകളുടെ ബിസിനസിനെ ബാധിക്കാറുണ്ടെന്ന് വിജയ് സേതുപതി പറയുന്നു. എന്നാൽ രജനീകാന്തിന്റെ സിനിമകളിൽ അത്തരം പ്രശ്നങ്ങളില്ല. എങ്കിലും കഥാപാത്രം സിനിമയ്ക്ക് അത്രയേറെ അനുയോജ്യമാണെന്ന് തോന്നിയാൽ മാത്രം ഭാവിയിലും ഇത്തരം വേഷങ്ങൾ പരിഗണിക്കും. കൂടാതെ, നായകനെ ഉയർത്തിക്കാട്ടാൻ മാത്രം എഴുതപ്പെടുന്ന പതിവ് വില്ലൻ വേഷങ്ങളിൽ തനിക്ക് താല്പര്യമില്ലെന്നും, തിരക്കഥ ആവേശം കൊള്ളിച്ചാൽ മാത്രമേ ഇനി വില്ലനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’-ൽ രജനീകാന്ത് വീണ്ടും മുത്തുവേൽ പാണ്ഡ്യനായി എത്തുമ്പോൾ എസ്.ജെ. സൂര്യ, രമ്യ കൃഷ്ണൻ, വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്നുണ്ട്. മോഹൻലാൽ, ശിവ രാജ്കുമാർ, വിജയ് സേതുപതി എന്നിവർ അതിഥിവേഷങ്ങളിൽ എത്തുന്ന ചിത്രം ഒക്ടോബർ 15-നാണ് തിയറ്ററുകളിൽ എത്തുന്നത്.
