പിഎം ശ്രീ സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് ചേരും. മന്ത്രിമാർ ചുമതലയുള്ള ജില്ലകളിലായതിനാൽ ഓൺലൈനായാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്. നേരത്തെ രണ്ടുതവണ യോഗം ചേർന്ന ഉപസമിതി, പദ്ധതിയുടെ ഇതുവരെയുള്ള പുരോഗതിയും സമർപ്പിക്കേണ്ട റിപ്പോർട്ടിന്റെ ഏകദേശ രൂപവും ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും.
പാഠ്യപദ്ധതിയിൽ കേന്ദ്ര ഇടപെടൽ ഒഴിവാക്കുന്നതും, പദ്ധതിക്കായി സംസ്ഥാനത്തെ സ്കൂളുകൾ തിരഞ്ഞെടുക്കുന്നതുമായിബന്ധപ്പെട്ട കാര്യങ്ങൾ, പദ്ധതി നടപ്പാക്കലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി നടത്തേണ്ട ആശയവിനിമയത്തിന്റെ സ്വഭാവം സംബന്ധിച്ചും യോഗത്തില്‍ ധാരണയാകും എന്നാണ് വിവരം. പൊതുവിദ്യാഭ്യാസ മന്ത്രി എൽ. ഷംസുദ്ദീൻ അധ്യക്ഷനായ ഉപസമിതിയിൽ മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, എം. ലിജു, റോജി എം. ജോൺ എന്നിവരാണ് അംഗങ്ങൾ.ഉപസമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികളെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാരുമായി ചില കാര്യങ്ങളിൽ സംസ്ഥാനത്തിന് വ്യത്യസ്ത അഭിപ്രായമുണ്ട്. മുൻ എൽഡിഎഫ് സർക്കാർ കരാറിൽ ഒപ്പിട്ടതിനാൽ പദ്ധതിയിൽ നിന്ന് പെട്ടെന്ന് പിന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ്. സംസ്ഥാനത്തിന് അർഹതപ്പെട്ട കോടിക്കണക്കിന് രൂപയുടെ ഫണ്ട് വാങ്ങിയെടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും യുഡിഎഫ് യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് തർക്കങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്.
