കോമൺവെൽത്ത് ഗെയിംസ് സമാധാനപരമായി അവസാനിച്ചതിന് പിന്നാലെ പാകിസ്താൻ ബോക്സിങ് താരം ഖുദ്റത്തുല്ല ഖാനെ ടീം ഹോട്ടലിൽ നിന്ന് കാണാതായി. താരം യു.കെയിൽ തുടരാൻ വേണ്ടി ബോധപൂർവ്വം മുങ്ങിയതാണെന്നാണ് പുറത്തുവരുന്ന ശക്തമായ സൂചനകൾ. ഗെയിംസ് പൂർത്തിയാക്കി പാക് സംഘം നാട്ടിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പുള്ള നിർണായക മണിക്കൂറുകളിലാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്.
ഞായറാഴ്ച പുലർച്ചെ രണ്ടു മണിവരെ മുറിയിൽ താരത്തെ കണ്ടിരുന്നുവെങ്കിലും, രാവിലെ ഒമ്പതിന് ടീം അംഗങ്ങൾ ലോബിയിൽ ഒത്തുകൂടിയപ്പോഴാണ് കാണാനില്ലെന്ന വിവരം വ്യക്തമാകുന്നത്. താരത്തിന്റെ പാസ്പോർട്ടും റിട്ടേൺ ടിക്കറ്റും ടീം മാനേജറുടെ കൈവശമാണ് ഉള്ളത്, കൂടാതെ തന്റെ ലഗേജുകൾ പോലും കൊണ്ടുപോകാതെയാണ് താരം അപ്രത്യക്ഷനായിരിക്കുന്നത്. സംഭവത്തെ തുടർന്ന് പാക് സംഘത്തിലെ മറ്റുള്ളവർ നിശ്ചയിച്ച പ്രകാരം അന്ന് തന്നെ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
ഖുദ്റത്തുല്ലയെ കാണാതായ വിവരം ബോധ്യപ്പെട്ടതോടെ താരത്തെ കണ്ടെത്താൻ സ്കോട്ട്ലൻഡ് പൊലീസും യു.കെ ഇമിഗ്രേഷൻ അധികൃതരും ചേർന്ന് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട് . വിദേശരാജ്യങ്ങളിൽ വെച്ച് പാക് അത്ലറ്റുകൾ മുങ്ങുന്നത് ഇതാദ്യത്തെ സംഭവമല്ല. 2022-ലെ ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിനിടെ ബോക്സർമാരായ സുലൈമാൻ ബലോചിനെയും നസീറുല്ല ഖാനെയും കാണാതായിരുന്നു. കൂടാതെ 2024-ൽ ഇറ്റലിയിൽ നടന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തിനിടയിലും ഏഷ്യൻ സ്വർണ ജേതാവ് സുഹൈബ് റഷീദും ഇത്തരത്തിൽ മുങ്ങിയിരുന്നുവെന്നത് ശ്രദ്ധേയമാണ്.
കായികമേളകളുടെ മറവിൽ രാജ്യം വിട്ടുപോകുന്ന പാക് താരങ്ങളുടെ ഇത്തരം തുടർച്ചയായ ഒളിച്ചോട്ടങ്ങൾ അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. കരിയറിനേക്കാൾ ഉപരിയായി വിദേശ രാജ്യങ്ങളിൽ അഭയം തേടാൻ പാക് കായികതാരങ്ങൾ ഇത്തരം വേദികൾ ഉപയോഗപ്പെടുത്തുന്നത് പാക് കായികലോകത്തിന് തന്നെ വലിയ ലജ്ജകരമായ അനുഭവമായി മാറിയിരിക്കുകയാണ്.
