നമ്മൾ എപ്പോഴും കേൾക്കാറുള്ളത് അമേരിക്കൻ സൈന്യത്തിന്റെ അജയ്യമായ കരുത്തിനെക്കുറിച്ചാണ്, എവിടെയും ഏതുസമയത്തും ചെന്ന് വിജയം കൊയ്യാൻ കഴിയുന്ന ഒരു വൻശക്തി. എന്നാൽ ഈ അടുത്ത് ഇറാനുമായി നടന്ന സംഘർഷങ്ങളിൽ തുറന്നുകാട്ടപ്പെട്ടത് യുദ്ധതന്ത്രത്തിൽ അമേരിക്കയ്ക്കുണ്ടായ വലിയൊരു പോരായ്മയാണ്. സീസൺ അനുസരിച്ച് വസ്ത്രം ധരിക്കണം എന്ന് പറയുന്നതുപോലെ, പോരാടുന്ന ഭൂപ്രദേശം അറിഞ്ഞുള്ള യുദ്ധതന്ത്രമായിരുന്നു അമേരിക്കയ്ക്ക് അവിടെ ആവശ്യമായിരുന്നത്. എന്നാൽ ശത്രുവിനെക്കുറിച്ച് വ്യക്തമായി പഠിച്ച് തന്ത്രം മെനയുന്നതിൽ അമേരിക്ക പൂർണ്ണമായും പരാജയപ്പെട്ടു.
വെനസ്വേലയിൽ മണിക്കൂറുകൾ കൊണ്ട് ഭരണം തന്നെ കൈക്കലാക്കാൻ കഴിഞ്ഞ ഡൊണാൾഡ് ട്രംപ്, അതേ ആവേശത്തോടെയാണ് ഇറാനിലേക്കും വെച്ചുപിടിച്ചത്. എന്നാൽ എല്ലാത്തരം അരിയും ഒരേ വേവല്ല എന്ന് ട്രംപിന് ആരും പറഞ്ഞു കൊടുത്തില്ല എന്ന് തോന്നുന്നു! അടുപ്പത്തുവെച്ച ഇരുമ്പുരുളിയിൽ വീണതുപോലെയായി ട്രംപിന്റെ അവസ്ഥ. എന്ത് ലക്ഷ്യങ്ങൾ പറഞ്ഞാണോ അമേരിക്ക ഈ യുദ്ധം തുടങ്ങിയത്, അതെല്ലാം പിന്നീട് തിരുത്തി എഴുതേണ്ടി വന്നു. ഇറാനിന്റെ ആണവ പദ്ധതികളെക്കുറിച്ച് പറഞ്ഞ് ട്രംപും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ബെഞ്ചമിൻ നെതന്യാഹുവും കൂടി തുടങ്ങിയ യുദ്ധം ഇപ്പോൾ എത്തിനിൽക്കുന്നത് ഹോർമൂസ്, ബാബൽ മന്ദേവ് എന്നീ രണ്ട് കടലിടുക്കുകളിലാണ്. ഇറാന്റെ ആണവ പദ്ധതികൾ പഴയപടി തന്നെ തുടരുന്നു, എന്നാൽ അമേരിക്കയ്ക്ക് നഷ്ടമായത് കോടിക്കണക്കിന് ഡോളറുകളും വൻ ആയുധശേഖരവുമാണ്.
ഗൾഫ് മേഖലയിലുള്ള സൗഹൃദ അറബ് രാജ്യങ്ങൾക്ക് നൽകിയിരുന്ന വ്യോമ പ്രതിരോധ മിസൈലുകൾ പലതും ഇറാന്റെ ശക്തമായ ആക്രമണം തടയാൻ അവർക്ക് ഉപയോഗിച്ചു തീർക്കേണ്ടി വന്നു. അവർ ഇനിയും കൂടുതൽ ആയുധങ്ങൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇസ്രയേലിനും നിരന്തരമായി ആയുധങ്ങൾ നൽകണം. ഇങ്ങനെ തീർന്നുപോയ ആയുധങ്ങൾ വീണ്ടും ഉണ്ടാക്കി നിറയ്ക്കാൻ അമേരിക്കയ്ക്ക് ഇനി വർഷങ്ങൾ വേണ്ടിവരും. ചുരുക്കത്തിൽ, ആയുധശേഷിയിൽ ദുർബലനായ ഒരു അമേരിക്കയാണ് ഇപ്പോൾ ഇറാനെ നേരിടുന്നത്.
എന്നാൽ ഇറാനുമായുള്ള തുടർച്ചയായ സംഘർഷം കൊണ്ട് മാത്രമാണോ അമേരിക്കയുടെ കയ്യിൽ ആയുധങ്ങൾ കുറഞ്ഞത്? അല്ല. അമേരിക്കയുടെ ചില ആഗോള താല്പര്യങ്ങളും, അവരുടെ പ്രതിരോധ വ്യാവസായിക അടിത്തറയുടെ യഥാർത്ഥ ശേഷിയും തമ്മിലുള്ള ഘടനാപരമായ അസന്തുലിതാവസ്ഥയാണ് ഇവിടെ വെളിച്ചത്തുവന്നത്.
ശീതയുദ്ധകാലത്തിനുശേഷം വലിയ തോതിലുള്ള യുദ്ധങ്ങൾക്ക് ഇനി സാധ്യതയില്ല എന്ന് അമേരിക്ക മുൻകൂട്ടി അനുമാനിച്ചു. അതിനാൽ നീണ്ടതും തീവ്രതയുള്ളതുമായ യുദ്ധങ്ങൾക്ക് പകരം, ആയുധങ്ങളുടെ കാര്യക്ഷമതയ്ക്കാണ് അവർ മുൻഗണന നൽകിയത്. ആയുധ ഉൽപ്പാദനത്തെ ഒരു വ്യാവസായിക ആവശ്യമായി മാത്രമാണ് അവർ കണ്ടത്. എന്നാൽ ഉക്രൈൻ, ഇറാൻ യുദ്ധങ്ങൾ ഈ ചിന്താഗതിയുടെ പരിധികൾ തുറന്നുകാട്ടി.
ദശലക്ഷക്കണക്കിന് 155 എം.എം പീരങ്കി ഷെല്ലുകൾ, പേട്രിയറ്റ് ഇന്റർസെപ്റ്ററുകൾ, ജാവലിൻ ടാങ്ക് വിരുദ്ധ മിസൈലുകൾ, (GMLRS) എന്ന് വിളിക്കുന്ന ഗൈഡഡ് മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റങ്ങൾ എന്നിവ ഉക്രൈനിന് നൽകിയതോടെ യു.എസിന്റെ ആയുധശേഖരം ആദ്യമേ കുറഞ്ഞിരുന്നു. ഇതിനുപുറമേ ഇസ്രയേലിനുള്ള നിരന്തരമായ സഹായങ്ങൾ, ചെങ്കടലിൽ ഹൂത്തികൾക്കെതിരെ നടത്തുന്ന ദീർഘകാല സൈനിക നീക്കങ്ങൾ, ഇറാനെതിരായ സൈനിക നടപടികൾ എന്നിവയൊക്കെ നിർണായകമായ ആയുധശേഖരം വേഗത്തിൽ തീർന്നുപോകാൻ കാരണമായി.
ടോമോഹോക് ക്രൂസ് മിസൈലുകൾ, പ്രിസിഷൻ സ്ട്രൈക്ക് മിസൈലുകൾ, പേട്രിയറ്റ്, താഡ് (THAAD) ഇന്റർസെപ്റ്ററുകൾ, എസ്.എം-3, എസ്.എം-6 തുടങ്ങിയ നാവിക-വ്യോമ പ്രതിരോധ മിസൈലുകൾ അടക്കം അത്യാധുനിക കൃത്യതയാർന്ന വലിയൊരു വിഭാഗം ആയുധങ്ങളാണ് ഇറാനെതിരായ നീക്കങ്ങളിൽ അമേരിക്ക ചെലവഴിച്ചത്. ആയുധങ്ങളുടെ ആവശ്യം സമാധാനകാലത്തെ ഉൽപ്പാദന അളവിനേക്കാൾ വളരെ കൂടുതലായി മാറി. ഇതോടെ അമേരിക്കൻ പ്രതിരോധ വ്യാവസായിക അടിത്തറ തീർത്തും ക്ഷീണത്തിലായി.
ശീതയുദ്ധത്തിനു ശേഷം പ്രതിരോധ മേഖലയ്ക്കുള്ളിലെ കമ്പനികളുടെ ഏകീകരണം വിതരണക്കാരുടെ എണ്ണം ഗണ്യമായി കുറച്ചു. റോക്കറ്റ് മോട്ടോറുകൾ, സ്ഫോടകവസ്തുക്കൾ, ഷെൽ ബോഡികൾ, മൈക്രോ ഇലക്ട്രോണിക്സ് എന്നിവയുടെ നിർമ്മാണം മന്ദഗതിയിലാവുകയോ സ്തംഭിക്കുകയോ ചെയ്തു. പ്രതിസന്ധി ഘട്ടങ്ങളിൽ ഉൽപ്പാദനം വേഗത്തിലാക്കാനുള്ള ശേഷിയെ ഇത് ബാധിച്ചു. നൈപുണ്യമുള്ള തൊഴിലാളികളുടെ കുറവും നിർമ്മാണ അടിസ്ഥാന സൗകര്യങ്ങളിലെ കുറവും ഈ മേഖലയെ കൂടുതൽ തളർത്തി.
ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആയുധ ഉൽപ്പാദനം കൂട്ടാൻ ശ്രമിച്ചെങ്കിലും വിചാരിച്ച ഫലം കണ്ടില്ല. കാനൻ ബോൾ അഥവാ പീരങ്കി ഷെൽ ഉൽപ്പാദനം കൂട്ടാൻ വലിയ നിക്ഷേപങ്ങൾ നടത്തിയെങ്കിലും ഉൽപ്പാദനം വളരെ പതുക്കെയായിരുന്നു. സ്ഫോടകവസ്തുക്കളുടെയും ലോഹ ഘടകങ്ങളുടെയും ക്ഷാമം പുതിയ ആയുധങ്ങൾ സൈന്യത്തിന് ലഭിക്കാത്ത അവസ്ഥയുണ്ടാക്കി. പേട്രിയറ്റ്, താഡ്, ടോമോഹോക് പോലുള്ള ആയുധങ്ങൾ പണം ഉണ്ടെന്നതുകൊണ്ട് മാത്രം ഒറ്റരാത്രികൊണ്ട് നിർമ്മിക്കാൻ കഴിയില്ലെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പിന് ബോധ്യപ്പെട്ടു. വൈകിയാണെങ്കിലും തിരുത്തൽ നടപടികൾ തുടങ്ങിയെങ്കിലും, സമീപഭാവിയിൽ വലിയ വർദ്ധനവുണ്ടാക്കാൻ അവ പര്യാപ്തമല്ല. ഇറാൻ യുദ്ധം പോലൊന്ന് മുൻകൂട്ടി കാണാൻ അമേരിക്കയിലെ മുൻ ഭരണകൂടങ്ങൾക്ക് കഴിയാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം.
നിലവിലുള്ള സാഹചര്യത്തിൽ ഇറാനെതിരെ ഇടവിട്ടുള്ള ആക്രമണങ്ങൾ നടത്താൻ ആവശ്യമായ ചില ആയുധങ്ങൾ അമേരിക്കയുടെ കയ്യിലുണ്ട്. ജെ-ഡാം (JDAM) കിറ്റുകൾ, സ്മോൾ ഡയമീറ്റർ ബോംബുകൾ, ഹെൽഫയർ മിസൈലുകൾ തുടങ്ങിയ പരമ്പരാഗത ആയുധങ്ങൾ ഇപ്പോഴും വലിയ അളവിൽ സ്റ്റോക്കുണ്ട്. എന്നാൽ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ കുറവാണ് അമേരിക്കയെ പ്രതിസന്ധിയിലാക്കുന്നത്. ഇറാൻ യുദ്ധം മുന്നോട്ടുകൊണ്ടുപോകണമോ എന്ന തീരുമാനത്തെ സ്വാധീനിക്കുന്നത് രാഷ്ട്രീയം മാത്രമല്ല, ആയുധ ലഭ്യതയും കൂടിയാണ്.
ഈ ആയുധ ക്ഷാമം സഖ്യകക്ഷികൾക്കുള്ള സഹായങ്ങളെയും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുള്ള നാവിക-വ്യോമസേനാ വിഭാഗങ്ങളുടെ യുദ്ധസജ്ജതയെയും ബാധിക്കുന്നുണ്ട്. തായ്‌വാൻ വിഷയത്തിൽ ചൈനയുമായി ഒരു ഏറ്റുമുട്ടലുണ്ടായാൽ, ഇപ്പോഴുള്ളതിനേക്കാൾ വലിയ അളവിൽ കൃത്യതയുള്ള ആയുധങ്ങൾ അമേരിക്കയ്ക്ക് വേണ്ടിവരും. ഒന്നിലധികം യുദ്ധമുഖങ്ങൾ തുറക്കുമ്പോൾ അമേരിക്കയുടെ ആയുധശേഷി ശത്രുരാജ്യങ്ങൾ പരീക്ഷിക്കുക തന്നെ ചെയ്യും.
മറ്റൊരു യാഥാർത്ഥ്യം, അമേരിക്ക ആക്രമിച്ചാലും ഇറാനിന് നേരിട്ട് അമേരിക്കൻ മണ്ണിൽ ആക്രമണം നടത്താൻ കഴിയില്ല. അതിനാൽ സ്വന്തം രാജ്യത്തെ പ്രതിരോധിക്കുന്നതിനെക്കുറിച്ച് അമേരിക്കയ്ക്ക് ആശങ്കയില്ല. എന്നാൽ ഗൾഫ് മണ്ണിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ഇറാൻ ശക്തമായി ആക്രമണം നടത്തിയിട്ടുണ്ട്. അതിനാൽ ആ രാജ്യങ്ങൾക്ക് പ്രതിരോധ മിസൈലുകൾ നൽകേണ്ടതുണ്ട്. ലോക്ഹീഡ് മാർട്ടിൻ, റൈത്തിയോൺ തുടങ്ങിയ കമ്പനികളിലെ എഞ്ചിനീയർമാർ രാപ്പകലില്ലാതെ മിസൈലുകൾ നിർമ്മിക്കുന്നുണ്ടെങ്കിലും, പഴയതുപോലെ ആവശ്യത്തിന് മിസൈലുകൾ നിർമ്മിക്കാൻ ഇനിയും വർഷങ്ങൾ വേണ്ടിവരും. ഇപ്പോൾ പുതുതായി നിർമ്മിക്കുന്ന ഇന്റർസെപ്റ്റർ മിസൈലുകൾ നിർമ്മാണത്തിനുശേഷം നേരെ യുദ്ധഭൂമിയിലേക്കാണ് പോകുന്നത്; ആയുധപ്പുരകളിലേക്ക് സ്റ്റോക്ക് ചെയ്യാൻ സാധിക്കുന്നില്ല. ഇത് ഭാവിയിൽ അമേരിക്കയ്ക്ക് നേരിട്ട് ഉണ്ടാകാവുന്ന ആക്രമണങ്ങളെ തടുക്കാൻ മിസൈലുകൾ ഇല്ലാത്ത അവസ്ഥയുണ്ടാക്കും.
ഇറാനിൽ അമേരിക്ക നടത്തുന്നത് അവരുടെ യുദ്ധമല്ല എന്ന് അമേരിക്കൻ ജനത തന്നെ തുറന്നുപറയുന്നുണ്ട്. പൗരന്മാരുടെ കോടിക്കണക്കിന് ഡോളറാണ് ഇതിനായി ചെലവഴിക്കുന്നത്. ട്രംപ് ഒരേസമയം കൂടുതൽ സംഘർഷങ്ങളിൽ ഏർപ്പെടുകയാണെങ്കിൽ അമേരിക്കയുടെ ശക്തി ഇനിയും കുറയും.
റഷ്യ-ഉക്രൈൻ യുദ്ധത്തിലും ഇറാൻ സംഘർഷത്തിലും ഇന്ത്യ-പാകിസ്ഥാൻ നടത്തിയ ഓപ്പറേഷൻ സിന്ധൂറിലുമെല്ലാം നിർണായകമായത് ഡ്രോണുകളാണ്. വലിയ സാങ്കേതികവിദ്യയോ വിലകൂടിയ കൺട്രോൾ സംവിധാനങ്ങളോ ഇല്ലാത്ത കാമികാസെ ഡ്രോണുകളും, ചുമലിൽ വെച്ച് ഉപയോഗിക്കാവുന്ന മാൻപാഡുകളുമാണ് ഭാവിയിലെ പ്രധാന ആയുധങ്ങൾ. ഇത്തരം പുതിയ സാങ്കേതികവിദ്യകളിലേക്ക് അമേരിക്ക മാറേണ്ടതുണ്ട്. ചുരുക്കത്തിൽ, അമേരിക്കയ്ക്ക് മുന്നിലുള്ളത് മാസങ്ങൾ കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമല്ല, മറിച്ച് വർഷങ്ങൾ കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയുന്ന വലിയൊരു ഘടനാപരമായ വെല്ലുവിളിയാണ്!
USA vs IRAN: ട്രംപ് കുടുങ്ങിയോ? യുദ്ധതന്ത്രം പാളി!
