ആഗോള വിപണിയില്‍ പഞ്ചസാരയുടെ ലഭ്യത കുറയുമെന്ന ആശങ്ക ശക്തമായതിനെത്തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ഇന്റര്‍കോണ്ടിനെന്റല്‍ എക്‌സ്‌ചേഞ്ചില്‍ പഞ്ചസാര വില ഒരു പൗണ്ടിന് 15 യുഎസ് സെന്റിന് മുകളിലെത്തി. ഓഗസ്റ്റ് 5 – ന് ഒക്ടോബര്‍ ഡെലിവറിക്കുള്ള ന്യൂയോര്‍ക്ക് ഷുഗര്‍ കരാര്‍ പൗണ്ടിന് 15.10 സെന്റ് അഥവാ ടണ്ണിന് ഏകദേശം 331 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടന്നത്. ലണ്ടനില്‍ വൈറ്റ് ഷുഗറിന്റെ ഒക്ടോബര്‍ കരാര്‍ ടണ്ണിന് 475.50 ഡോളറിനും വ്യാപാരം പൂര്‍ത്തിയാക്കി.
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കുറയുന്നതും പ്രതീക്ഷിച്ചതിലും മികച്ച ഉല്‍പാദനവും വിതരണവും സാധ്യമാകുന്നതും വഴി നിലവിലെയും അടുത്തടുത്തും പാദങ്ങളില്‍ പഞ്ചസാര വില കുറയാന്‍ സാധ്യതയുണ്ടെന്ന് ചില വിപണി വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. എങ്കിലും, എല്‍ നിനോ കാലാവസ്ഥാ പ്രതിഭാസവും വീണ്ടും ഉയരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും പഞ്ചസാര ഉല്‍പാദനത്തിനും വിതരണത്തിനും വലിയ വെല്ലുവിളിയാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.ആഗോള പഞ്ചസാര വിപണിയില്‍ മൂന്ന് ലക്ഷം ടണ്ണിന്റെ കുറവുണ്ടാകുമെന്നാണ് പുതിയ പ്രവചനങ്ങൾ. നേരത്തെ ഒരു ലക്ഷം ടണ്‍ മിച്ചമുണ്ടാകുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. പ്രമുഖ ഗവേഷണ സ്ഥാപനമായ ഗ്രീന്‍ പൂള്‍ കമോഡിറ്റി സ്‌പെഷ്യലിസ്റ്റ്‌സ് ആകട്ടെ, ആഗോള പഞ്ചസാര ക്ഷാമം 3.3 ദശലക്ഷം ടണ്ണായി ഉയരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. നേരത്തെ ഇത് 1.76 ദശലക്ഷം ടണ്‍ ആയിരിക്കുമെന്നായിരുന്നു അവരുടെ കണക്ക്.
