കടക്ക് പുറത്ത്’ ശൈലിയിൽ സതീശൻ?

കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ മാധ്യമങ്ങളോടുള്ള ഈ അടുത്തകാലത്തെ പെരുമാറ്റം… അതിൽ എന്തൊക്കെയോ ചില വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടോ? അദ്ദേഹത്തിന്റെ സ്വഭാവത്തിലും പ്രതികരണങ്ങളിലും ഒരു അസഹിഷ്ണുത വളരുന്നുണ്ടോ?
നമുക്ക് കാര്യം വ്യക്തമായി പരിശോധിക്കാം. പണ്ട് സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും, അതിനുശേഷം അധികാരത്തിലേറിയ ആദ്യ നാളുകളിലുമൊക്കെ എങ്ങനെയായിരുന്നു? മാധ്യമപ്രവർത്തകർ എവിടെവെച്ച്, എന്ത് കുഴപ്പിക്കുന്ന ചോദ്യം ചോദിച്ചാലും വളരെ കൃത്യമായി, സമാധാനത്തോടെ, വായനാസമ്പത്തുള്ള ഒരു നേതാവിന്റെ പക്വതയോടെ മറുപടി നൽകിയിരുന്ന ആളായിരുന്നു വി.ഡി. സതീശൻ. അതുകൊണ്ടുതന്നെ ജനങ്ങൾക്കിടയിൽ സതീശന് വലിയൊരു സ്വീകാര്യതയും അഡ്വാന്റേജും പെട്ടെന്ന് ഉണ്ടായി വന്നു.
കാരണം, നമ്മൾ തൊട്ടുമുമ്പ് കണ്ട ഭരണം ഓർത്തുനോക്കൂ. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമങ്ങളോടുള്ള സമീപനം നമ്മളൊക്കെ കണ്ടതാണ്. ഉമ്മൻ ചാണ്ടിയോ, വി.എസ്. അച്യുതാനന്ദനോ, ഇ.കെ. നായനാരോ ഒന്നും കാണിക്കാത്ത ഒരുത്തരം, ഏതാണ്ട് നരേന്ദ്ര മോദി സ്റ്റൈൽ സമീപനമായിരുന്നു പിണറായിയുടേത്. “മാറി നിൽക്ക്”, “കടക്ക് പുറത്ത്” എന്നൊക്കെയുള്ള അഹങ്കാരം നിറഞ്ഞ ശൈലികൾ. മാധ്യമങ്ങളെ ശത്രുക്കളായി മാത്രം കണ്ട ഒരു ഭരണം. അവിടുന്ന് ഒരു വലിയ മാറ്റം, ഒരു ജനാധിപത്യപരമായ ശ്വാസോച്ഛ്വാസം ജനങ്ങൾ ആഗ്രഹിച്ചിരുന്നു. സതീശൻ അധികാരത്തിൽ വന്നപ്പോൾ കൃത്യമായി പത്രസമ്മേളനങ്ങൾ നടത്തുന്ന, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി നൽകുന്ന, ജനങ്ങളോട് കാര്യങ്ങൾ തുറന്നുപറയുന്ന ഒരു നേതാവിനെയാണ് നമ്മൾ കണ്ടത്. അത് ആളുകൾക്ക് വലിയ പ്രതീക്ഷ നൽകി.
പക്ഷേ ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? ഈ അടുത്ത കാലത്തായി ആ പെരുമാറ്റത്തിൽ വലിയൊരു മാറ്റം വന്നിരിക്കുന്നു. ഒരു തരം ചൂടാവൽ, ചോദിക്കുന്ന ചോദ്യങ്ങളോടുള്ള അസഹിഷ്ണുത, മാധ്യമങ്ങളെ തള്ളിപ്പറയൽ ഒക്കെ നമ്മൾ കാണാൻ തുടങ്ങിയിരിക്കുന്നു.
ഉദാഹരണത്തിന്, ഇടുക്കിയിൽ വെച്ചുണ്ടായ സംഭവം തന്നെ എടുക്കാം. ഇഎസ്ഐ വിഷയവും കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനവുമൊക്കെയായി ആയിരക്കണക്കിന് സാധാരണക്കാരായ ജനങ്ങൾ വലിയ ആശങ്കയിൽ നിൽക്കുന്ന സമയത്താണ് മുഖ്യമന്ത്രി കളക്ടറേറ്റിലെ യോഗത്തിൽ പങ്കെടുക്കാൻ എത്തുന്നത്. അവിടെവെച്ച് ചില മാധ്യമപ്രവർത്തകർ അദ്ദേഹത്തോട് ഹെലികോപ്റ്റർ വിവാദത്തെക്കുറിച്ചോ മാസപ്പടിയെക്കുറിച്ചോ ഒക്കെ ചോദ്യങ്ങൾ ചോദിച്ചു. ഒരുപക്ഷേ, ആ നിമിഷത്തിൽ, ആ സാഹചര്യത്തിൽ മാധ്യമങ്ങൾ ആ ചോദ്യം ചോദിച്ചത് അത്ര അനുയോജ്യമായിരുന്നില്ല എന്ന് വേണമെങ്കിൽ വാദിക്കാം. പക്ഷേ, അതിനോട് സതീശൻ എങ്ങനെയാണ് പ്രതികരിക്കേണ്ടിയിരുന്നത്?
“നോക്കൂ, ഞാൻ ഇവിടെ വളരെ ഗൗരവമുള്ളൊരു ജനകീയ വിഷയത്തിന്റെ യോഗത്തിന് വന്നതാണ്. ആയിരക്കണക്കിന് ആളുകൾ ആശങ്കയിലാണ്. നിങ്ങളുടെ ചോദ്യങ്ങൾക്ക് മാധ്യമസമ്മേളനം വിളിച്ച് ഞാൻ വ്യക്തമായ മറുപടി തരാം, അതുവരെ ദയവായി കാത്തിരിക്കൂ” എന്ന് വളരെ വിനയത്തോടെ, എന്നാൽ ദൃഢതയോടെ പറയാമായിരുന്നു. അതിന് പകരം എന്താണ് അവിടെ കണ്ടത്? പിണറായി വിജയന്റെ പഴയ അതേ ശൈലിയിൽ മാധ്യമങ്ങളോട് ചൂടാവുക, “പോകൂ, ഇപ്പോൾ ഒന്നും പറയാനില്ല” എന്ന് പറഞ്ഞ് അസഹിഷ്ണുത കാണിക്കുക!
ഇത് ഇടുക്കിയിൽ മാത്രം ഒതുങ്ങിയില്ല. തൃശൂരിൽ വെച്ചാണെങ്കിലും പത്രക്കാരെ മാറ്റിനിർത്തി പോവുക, പോലീസുകാരെക്കൊണ്ട് മാധ്യമപ്രവർത്തകരെ തള്ളിമാറ്റിക്കുക… ഇതൊക്കെ ഏത് രാഷ്ട്രീയ സംസ്കാരമാണ്? ഇത്രയും വലിയ വായിക്കുന്ന, ജനാധിപത്യത്തെക്കുറിച്ച് വലിയ ധാരണയുണ്ടെന്ന് അവകാശപ്പെടുന്ന ഒരു നേതാവിൽ നിന്നാണോ ജനങ്ങൾ ഇത് കാണേണ്ടത്?
ഇവിടെ സതീശനെ പിന്തുണയ്ക്കുന്നവർ ചോദിച്ചേക്കാം, “അല്ല, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനേക്കാൾ എത്രയോ മോശമായി പെരുമാറിയിട്ടുണ്ട്?” എന്ന്. പക്ഷേ, യുഡിഎഫും സതീശനും മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. “പിണറായി അത് ചെയ്തു, അതുകൊണ്ട് ഞങ്ങളും ഇത് ചെയ്യും” എന്ന് പറയുന്നതിനേക്കാൾ വലിയൊരു വെല്ലുവിളി ജനങ്ങളോട് നടത്താനില്ല. പിണറായിയുടെ അതേ അഹങ്കാരവും മാധ്യമവിരോധവും കാണിക്കാനായിരുന്നെങ്കിൽ, കേരളത്തിലെ ജനങ്ങൾ എന്തിനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിങ്ങളെ വിശ്വസിച്ച് വോട്ട് ചെയ്തത്? പിണറായിയുടെ ഭരണം തുടർന്നാൽ പോരായിരുന്നോ?
ജനങ്ങൾ വ്യക്തമായ ഭൂരിപക്ഷം നൽകി സതീശനെ മുഖ്യമന്ത്രിയാക്കിയത് ഒരു കാര്യം ആഗ്രഹിച്ചുകൊണ്ടാണ്—സുതാര്യമായ, ഭയമില്ലാത്ത, ജനാധിപത്യപരമായ ഒരു ഭരണം ഉണ്ടാകണം എന്ന് ആഗ്രഹിച്ചതുകൊണ്ട്. അതുകൊണ്ട് ജനങ്ങൾ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നത് ഇതാണ്: വി.ഡി. സതീശൻ ഒരിക്കലും ഒരു “അര പിണറായി” ആയി മാറാൻ ശ്രമിക്കരുത്!
അറിവും വായനയുമുള്ള ആളുകൾക്ക് വിനയം കൂടണം എന്നാണ് വെപ്പ്. ഇവിടെ വിനയം എന്ന് പറയുമ്പോൾ അതിവിനയം കാണിക്കണമെന്നോ മാധ്യമങ്ങൾക്ക് മുന്നിൽ കുനിഞ്ഞുനിൽക്കണമെന്നോ അല്ല പറയുന്നത്. അത് ആശയപരമായ ദാർഢ്യമുള്ള ഒരു നേതാവിന്റെ വിനയമായിരിക്കണം. ഇനി ഹെലികോപ്റ്ററിന്റെ സ്പോൺസർ ആരാണെന്ന ചോദ്യത്തിന് മറുപടി പറയാൻ താല്പര്യമില്ലെങ്കിൽ, “എനിക്ക് അതിന് മറുപടി പറയാൻ മനസ്സില്ല” എന്ന് നേരിട്ട് പറഞ്ഞോളൂ. പക്ഷേ, ഏതെങ്കിലും ഒരു സ്വകാര്യ വ്യക്തിയോ കമ്പനിയോ മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റർ വെറുതെ സ്പോൺസർ ചെയ്യുമ്പോൾ, ജനങ്ങളുടെ മനസ്സിൽ സംശയങ്ങൾ ഉയർന്നാൽ മാധ്യമങ്ങൾ അത് ചോദിക്കും. അതിൽ മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ?
അതേസമയം തന്നെ, ഇതിനൊരു മറുവശം കൂടിയുണ്ട്. മാധ്യമങ്ങൾ എല്ലാം വിശുദ്ധന്മാരാണെന്ന് ഞാൻ ഒരിക്കലും പറയില്ല. ചില ചാനലുകൾ, പ്രത്യേകിച്ച് പ്രതിപക്ഷ പിന്തുണയുള്ള ചില മാധ്യമങ്ങൾ സതീശനെ മനപ്പൂർവ്വം ടാർഗറ്റ് ചെയ്യുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ആൾ ജനങ്ങളോട് ഉത്തരവാദിത്തമുള്ളയാളാണ്, അതുകൊണ്ട് ചോദ്യങ്ങൾ ഉണ്ടാകും. പക്ഷേ, രാവും പകലും വ്യാജവാർത്തകളും വ്യക്തിഹത്യകളും മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നത് ശരിയായ മാധ്യമപ്രവർത്തനമല്ല.
നമ്മൾ കണ്ടിട്ടില്ലേ ചില പ്രസ് മീറ്റുകൾ? മുഖ്യമന്ത്രി സംസാരിക്കാൻ നിൽക്കുമ്പോൾ പത്തോ പന്ത്രണ്ടോ പേർ ഒന്നിച്ച് അലറി വിളിച്ചു ചോദ്യം ചോദിക്കുന്നു. ഒരാൾ ചോദിക്കുന്നത് എന്താണെന്ന് കേൾക്കാൻ പോലും പറ്റാത്ത അവസ്ഥ. ചില റിപ്പോർട്ടർമാർ ഒറ്റയ്ക്കിരുന്ന് പത്തും പന്ത്രണ്ടും ചോദ്യങ്ങൾ ചോദിച്ച് സമയം കളയുന്നു, മറ്റുള്ളവർക്ക് അവസരം കൊടുക്കുന്നില്ല. വ്യക്തിപരമായ വൃത്തികെട്ട നുണപ്രചാരണങ്ങൾ നടത്തുന്നു. ഇതൊക്കെ മാധ്യമങ്ങളുടെ ഭാഗത്തുനിന്നും നിയന്ത്രിക്കപ്പെടേണ്ട കാര്യങ്ങൾ തന്നെയാണ്.
എന്നാൽ, ഇതൊക്കെ ഉണ്ടായാൽ പോലും ഒരു മികച്ച ഭരണാധികാരി അത് തിരിച്ചറിയണം. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളെയും നുണകളെയും തുറന്ന മനസ്സോടെയും വലിയ പക്വതയോടെയുമാണ് നേരിടേണ്ടത്. അല്ലാതെ തനിക്ക് ഇഷ്ടമില്ലാത്ത ചോദ്യം കേൾക്കുമ്പോൾ ദേഷ്യപ്പെടുകയല്ല വേണ്ടത്.
സതീശനെതിരെ സ്വന്തം പാർട്ടിക്ക് ഉള്ളിൽ നിന്നും പുറത്തു നിന്നും പലവിധ തന്ത്രങ്ങൾ നടക്കുന്നുണ്ടാകാം. മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട് നടക്കുന്ന പലരും അദ്ദേഹത്തിന് ചുറ്റുമുണ്ടാകാം. പക്ഷേ അത്തരം രാഷ്ട്രീയ വെല്ലുവിളികളെയൊക്കെ അതിജീവിക്കേണ്ടത് പക്വമായ ജനാധിപത്യ പെരുമാറ്റത്തിലൂടെയാണ്.
സിപിഎം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി കൊടുക്കൽ മാത്രമല്ല ഒരു മുഖ്യമന്ത്രിയുടെ പണി. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന വലിയൊരു പൊതുസമൂഹം ഇന്ന് കേരളത്തിലുണ്ട്. കഴിഞ്ഞ പത്തു വർഷത്തെ ഭരണത്തിന് എതിരായി വോട്ട് ചെയ്തവരാണവർ. സിപിഎം നൽകാതിരുന്ന മാധ്യമ സ്വാതന്ത്ര്യവും സുതാര്യതയും വി.ഡി. സതീശൻ നൽകും എന്ന് ഈ പൊതുസമൂഹം പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ, ആ പ്രതീക്ഷ നിലനിർത്തേണ്ടത് സതീശന്റെ കടമയാണ്.
ഒരു കാര്യം എപ്പോഴും ഓർക്കുന്നത് നല്ലതാണ്: “പിണറായി ആവാതിരിക്കാനാണ് കേരളത്തിലെ ജനങ്ങൾ നിങ്ങൾക്ക് വോട്ട് ചെയ്തത്!” അത് വി.ഡി. സതീശൻ മറക്കാതിരുന്നാൽ അദ്ദേഹത്തിനും കേരളത്തിനും നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *