കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും പ്രതിഷേധം കടുപ്പിക്കുന്നു. ഗ്യാനേഷ് കുമാറിനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ട്. ഗോവയിലേതടക്കം എസ്.ഐ.ആർ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആക്ഷേപം കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉയർന്നുവന്നതായാണ് വിവരം. കൂടാതെ, ജിജി തോംസണിന്റെ വെളിപ്പെടുത്തലും കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കുകയാണ്. ജിജി തോംസണെ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാൻ ക്ഷണിച്ചത് കടുത്ത വീഴ്ചയാണെന്നും, അദ്ദേഹം ബി.ജെ.പിയുടെ ഏജന്റാണെന്നതിന് മറ്റ് തെളിവുകൾ ആവശ്യമില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിമർശിച്ചു.

ഈ വിഷയത്തിലുള്ള അന്തിമ തീരുമാനം ‘ഇന്ത്യാ’ സഖ്യ യോഗത്തിൽ കൈക്കൊള്ളുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. ഇതിനിടെ, ആഗ്രയിലെ ഗ്യാനേഷ് കുമാറിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ച രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. രാജ്യവ്യാപകമായി പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോഴും താൻ രാജിവയ്ക്കില്ലെന്ന നിലപാടിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. ഡി.സി.സികളുടെ നേതൃത്വത്തിൽ കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്തിയപ്പോൾ, ഇടതുപക്ഷ നേതാക്കൾ എ.കെ.ജി ഭവനിൽ നിന്ന് ഭഗത് സിംഗ് സ്മാരകത്തിലേക്ക് മാർച്ചും സംഘടിപ്പിച്ചു. പുതിയ ഇംപീച്ച്മെന്റ് നോട്ടീസ് അടക്കമുള്ള തുടർനടപടികൾ മറ്റന്നാൾ ചേരുന്ന ‘ഇന്ത്യാ’ സഖ്യയോഗം ഔദ്യോഗികമായി തീരുമാനിക്കും.പൗരത്വം നിർണ്ണയിക്കാനുള്ള അവകാശം തിരഞ്ഞെടുപ്പ് കമ്മീഷന് ഇല്ലെന്ന് എസ്.ഐ.ആറിനെതിരായ ഹർജികൾ പരിഗണിക്കവേ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് സുധാൻഷു ധൂലിയ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പ്രതിപക്ഷ പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും വിവാദങ്ങൾ തള്ളിക്കളയുന്ന നിലപാടിലാണ് കേന്ദ്ര സർക്കാരും ബി.ജെ.പിയും സ്വീകരിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *