മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു വധക്കേസിൽ നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കാണ് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹർജി പരിഗണിച്ചാണ് ഈ ഉത്തരവ്. ഇനി വിചാരണയ്ക്കായി സമയം നീട്ടി നൽകില്ലെന്നും കോടതി കർശനമായി വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രധാന പ്രതി മുഹമ്മദ് അടക്കം അഞ്ച് പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 17 മുതൽ 26 വരെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം നൽകാതെ വിചാരണ തുടങ്ങരുതെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ ആദ്യ 16 പ്രതികൾ മാത്രമാണ് നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തതെന്നും, ഇവരുടെ വിചാരണ ആരംഭിക്കുന്നതിന് തടസ്സമില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തെളിവ് നശിപ്പിക്കാനും പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവരുമാണ് ബാക്കിയുള്ളവരെന്നും, അത് വിചാരണയ്ക്ക് തടസ്സമല്ലെന്നുമുള്ള പ്രോസിക്യൂഷൻ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.2018 ജൂലൈ 2-നാണ് ക്യാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അഭിമന്യു കുത്തേറ്റ് കൊല്ലപ്പെട്ടത്. കേസിലെ സുപ്രധാന രേഖകൾ കോടതി കസ്റ്റഡിയിൽ നിന്ന് കാണാതായത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. പിന്നീട് രേഖകൾ വീണ്ടും തയ്യാറാക്കിയാണ് വിചാരണ നടപടികളിലേക്ക് കടന്നത്. വിചാരണ നീണ്ടുപോകുന്നതിനെതിരെ അഭിമന്യുവിന്റെ മാതാപിതാക്കൾ നേരത്തെയും ഹൈക്കോടതിയെ സമീപിക്കുകയും, 9 മാസത്തിനകം നടപടികൾ പൂർത്തിയാക്കാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
