ബജാജ് അവഞ്ചർ 220 സ്ട്രീറ്റ് വീണ്ടും വിപണിയിലേക്ക്!

ജാജ് ക്രൂയിസർ ബൈക്ക് പ്രേമികൾക്കായി ഇതാ ഒരു വലിയ മാറ്റം. ബജാജ് ഓട്ടോ തങ്ങളുടെ നിരയിൽ നിന്ന് പ്രശസ്തമായ അവഞ്ചർ 160 സ്ട്രീറ്റ് പിൻവലിക്കുകയും അതിന് പകരമായി കൂടുതൽ കരുത്തനായ അവഞ്ചർ 220 സ്ട്രീറ്റിനെ തിരികെ എത്തിക്കുകയും ചെയ്യുന്നു. 2020-ൽ വിപണിയിൽ നിന്ന് മാറ്റിയ 220 സ്ട്രീറ്റ് മോഡൽ ഏകദേശം ആറ് വർഷത്തിന് ശേഷമാണ് വീണ്ടും നിരത്തുകളിലേക്ക് എത്തുന്നത്.

കുറഞ്ഞ ബജറ്റിൽ ക്രൂയിസർ അനുഭവം നൽകിയിരുന്ന മോഡലായിരുന്നു 160 സ്ട്രീറ്റ്. എന്നാൽ ഈ സെഗ്‌മെന്റിൽ കൂടുതൽ കരുത്തുറ്റ ഒരു വാഹനം ഉപഭോക്താക്കൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ബജാജ് ഈ മാറ്റം കൊണ്ടുവരുന്നത്. 160 മോഡലിന് പകരം കൂടുതൽ പെർഫോമൻസ് നൽകുന്ന 220 സിസി എഞ്ചിനിലേക്ക് മാറാൻ കമ്പനി തീരുമാനിക്കുകയായിരുന്നു. അവഞ്ചർ ക്രൂയിസിൽ ഉപയോഗിക്കുന്ന അതേ വിശ്വസനീയമായ 220 സിസി ഓയിൽ-കൂൾഡ് എഞ്ചിനാണ് പുതിയ അവഞ്ചർ 220 സ്ട്രീറ്റിലും പ്രവർത്തിക്കുന്നത്. ഇത് ഏകദേശം 19 ബിഎച്ച്പിയും 17.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു.ക്രൂയിസ് മോഡലിൽ നിന്ന് വ്യത്യസ്തമായി സ്ട്രീറ്റ് പതിപ്പിന് കൂടുതൽ സ്പോർട്ടിയായ ലുക്കാണുള്ളത്. ക്രോം വർക്കുകൾക്ക് പകരം മാറ്റ് ബ്ലാക്ക് ഫിനിഷും നഗരയാത്രകൾക്ക് അനുയോജ്യമായ ചെറിയ ഹാൻഡിൽ ബാറുകളും സ്റ്റൈലിഷ് അലോയ് വീലുകളും ഇതിന്റെ പ്രത്യേകതയാണ്. എബണി ബ്ലാക്ക്, കോക്ക്ടെയിൽ വൈൻ റെഡ് എന്നീ രണ്ട് നിറങ്ങളിൽ ഈ ബൈക്ക് ലഭ്യമാകും. കുറഞ്ഞ സീറ്റ് ഉയരവും 13 ലിറ്റർ ഇന്ധന ടാങ്കും ദീർഘദൂര യാത്രകൾക്ക് സുഖകരമായ അനുഭവം നൽകുന്നു. സുരക്ഷയ്ക്കായി സിംഗിൾ ചാനൽ എബിഎസ്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിവയും സെമി-ഡിജിറ്റൽ മീറ്ററും ഇതിൽ ഒരുക്കിയിട്ടുണ്ട്.

ബജാജിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ബൈക്ക് ഇതിനോടകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. എക്സ്-ഷോറൂം വില ഏകദേശം 1.30 ലക്ഷം രൂപ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക ലോഞ്ച് ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പഴയ പ്രതാപത്തോടെ തിരിച്ചെത്തുന്ന അവഞ്ചർ 220 സ്ട്രീറ്റ് ക്രൂയിസർ വിപണിയിൽ വലിയ ചലനമുണ്ടാക്കുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *