സിജെപിക്കെതിരെ ബിജെപി!

ഡിജിറ്റൽ യുഗത്തിന്റെ സാധ്യതകൾ ദുരുപയോഗം ചെയ്ത് രാജ്യത്തെ യുവാക്കളെ തെറ്റായ ദിശയിലേക്ക് നയിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ വ്യക്തമാക്കി. ജാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഡൽഹി ജന്തർ മന്തറിൽ നടന്ന ‘കോക്രോച്ച് ജനത പാർട്ടി’ (സിജെപി) എന്ന സംഘടനയുടെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ കടുത്ത പരാമർശം. വൻ സാമ്പത്തിക ശേഷിയുള്ളവരും അധികാരക്കൊതിയന്മാരുമായ ചില ഉന്നതർ ‘ജെൻ-സീ’ എന്ന ലേബൽ മുൻനിർത്തി രാജ്യത്ത് അരാജകത്വം വിതയ്ക്കാൻ ആസൂത്രിതമായി പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽ മുൻപ് പ്രവർത്തിച്ചിരുന്നതും അമേരിക്കയിൽ നിന്ന് അടുത്തിടെ തിരിച്ചെത്തിയതുമായ മുപ്പതുകാരൻ അഭിജീത് ദിപ്കെയാണ് ജന്തർ മന്തറിലെ ഈ പ്രതിഷേധങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ ബിരുദാനന്തര ബിരുദം നേടിയ ദിപ്കെ ആരംഭിച്ച ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന വെബ്‌സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും വളരെ പെട്ടെന്നാണ് വൈറലായത്. ചില വ്യക്തികൾ വിദേശത്തിരുന്ന് കൊണ്ട് ഇന്ത്യയിലെ യുവാക്കളെ നിയന്ത്രിക്കാമെന്നും അവർക്ക് ദിശാബോധം നൽകാമെന്നും വ്യാമോഹിക്കുന്നുണ്ടെന്ന് നിതിൻ നബിൻ പരിഹസിച്ചു. എന്നാൽ ചുരുക്കം ചില ആളുകളുടെ കൈയിലെ വെറും പാവകളായി മാറാൻ ഇന്ത്യൻ യുവത്വം തയ്യാറല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഷേധക്കാർക്ക് പ്രതിപക്ഷ നേതാക്കൾ നൽകുന്ന പിന്തുണയ്ക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ അജണ്ടകളുണ്ടെന്ന് ബിജെപി അധ്യക്ഷൻ കുറ്റപ്പെടുത്തി. രാജ്യത്തെ യുവാക്കളെ നിഷേധാത്മക രാഷ്ട്രീയത്തിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്നവരുടെ നീക്കങ്ങൾ പരാജയപ്പെടും. കാരണം ഇന്ത്യയിലെ യുവത്വം എപ്പോഴും സർഗ്ഗാത്മക രാഷ്ട്രീയത്തിൽ മാത്രമേ പങ്കാളികളാകൂ. ജനാധിപത്യപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും അതിന്റെ മറവിൽ രാജ്യത്തിന്റെ മൂല്യങ്ങൾ തകർക്കാൻ ആരെയും അനുവദിക്കില്ല. അതുകൊണ്ട് വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി രാജ്യത്തെ യുവാക്കൾ ഇത്തരം ഡിജിറ്റൽ ചതിക്കുഴികളിൽ വീഴാതെ ഉണർന്നു പ്രവർത്തിക്കണമെന്നും നിതിൻ നബിൻ ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *