കണ്ണീരിൽ നിന്ന് സിംഹാസനത്തിലേക്ക്!തോൽക്കാത്ത ഒരു മനുഷ്യന്റെ കഥ!

ഇന്ത്യൻ രാഷ്ട്രീയത്തിൽ നമ്മൾ ഒരുപാട് തരം നേതാക്കളെ കണ്ടിട്ടുണ്ട്. ചിലർ ഭയങ്കര വാഗ്മികളായിരിക്കും, ചിലർ ജനപ്രിയരായിരിക്കും. എന്നാൽ ഞാൻ ഇന്ന് നിങ്ങളോട് പറയാൻ പോകുന്നത് ഇതൊന്നുമല്ല, കടുത്ത പ്രതിസന്ധികൾ വരുമ്പോൾ… ശത്രുക്കൾ പോലും ഒന്ന് പകച്ചു നിൽക്കുന്ന രീതിയിൽ, ആ പ്രതിസന്ധികളെ ഒക്കെയും തന്റെ വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കി മാറ്റിയ ഒരു ‘യഥാർത്ഥ പോരാളിയുടെ’ കഥയാണ്.
​ഇതൊരു സിനിമയിലെ നായകന്റെ കഥ പോലെ തോന്നും. കേന്ദ്ര ഏജൻസികളുടെ നിരന്തരമായ റേഡുകൾ, ലക്ഷക്കണക്കിന് രൂപയുടെ പിഴകൾ, രാഷ്ട്രീയ എതിരാളികളുടെ ക്രൂരമായ കടന്നാക്രമണങ്ങൾ, ഒടുവിൽ രാജ്യത്തെ ഏറ്റവും കഠിനമായ തിഹാർ ജയിലിന്റെ ഇരുട്ടറയിലേക്ക് വരെയുള്ള ഒരു യാത്ര! ഏതൊരു സാധാരണക്കാരനും മാനസികമായി തകർന്നുപോയേക്കാവുന്ന, രാഷ്ട്രീയ ജീവിതം അവിടെ അവസാനിച്ചു എന്ന് എല്ലാവരും എഴുതിത്തള്ളിയ ഒരു അവസ്ഥ!
​പക്ഷേ, അവിടെയാണ് ട്വിസ്റ്റ്. 50 ദിവസത്തെ ജയിൽവാസത്തിന് ശേഷം അദ്ദേഹം ഡൽഹിയിൽ നിന്ന് വിമാനം ഇറങ്ങി തിരിച്ച് സ്വന്തം നാട്ടിലെത്തുമ്പോൾ, അവിടെ തടിച്ചുകൂടിയത് പതിനായിരങ്ങളായിരുന്നില്ല, ലക്ഷക്കണക്കിന് ജനങ്ങളായിരുന്നു! ആ ജനക്കൂട്ടത്തെ സാക്ഷിനിർത്തി അദ്ദേഹം പുഞ്ചിരിയോടെ ഒന്നുറപ്പിച്ചു പറഞ്ഞു, ‘എന്നെ തകർക്കാൻ നോക്കിയവർക്ക് തെറ്റി, കളി ഇനി ഞാൻ തുടങ്ങാം.’
​ആരാണ് ഈ നേതാവ്? അദ്ദേഹം എങ്ങനെയാണ് തന്റെ തന്ത്രങ്ങൾ കൊണ്ട് ഒരു സംസ്ഥാനത്തിന്റെ മുഴുവൻ ഭരണചക്രം തിരിക്കാൻ പാകത്തിലേക്ക് ഉയർന്നുവന്നത്? അദ്ദേഹം ഇന്ന് എവിടെ എത്തിനിൽക്കുന്നു? നമുക്ക് പരിശോധിക്കാം.

         ഒരു സാധാരണ കർഷക കുടുംബത്തിലാണ് അദ്ദേഹം ജനിക്കുന്നത്. കർണാടക രാഷ്ട്രീയത്തിൽ വലിയ വോട്ട് ബാങ്കുള്ള, നിർണായക സ്വാധീനമുള്ള 'വൊക്കലിഗ' സമുദായത്തിലാണ് ജനനമെങ്കിലും, പാരമ്പര്യമായി വലിയ രാഷ്ട്രീയ പശ്ചാത്തലമൊന്നും അവകാശപ്പെടാനില്ലായിരുന്നു. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം വെറുമൊരു ജനപ്രിയ നേതാവ് മാത്രമായിരുന്നില്ല, രാഷ്ട്രീയത്തിന്റെ പ്രായോഗിക തന്ത്രങ്ങൾ ആഴത്തിൽ പഠിച്ച ഒരു വ്യക്തിയായിരുന്നു.

​80-കളുടെ തുടക്കത്തിൽ നാഷണൽ സ്റ്റുഡന്റ്സ് യൂണിയനിലൂടെയും ( യൂത്ത് കോൺഗ്രസിലൂടെയുമാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് വരുന്നത്. തന്റെ 27-ാമത്തെ വയസ്സിൽ, അതായത് 1989-ൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു. ആദ്യ പോരാട്ടത്തിൽ തന്നെ വൻ വിജയം! അവിടെ നിന്നങ്ങോട്ട് ഇന്നുവരെ അദ്ദേഹത്തിന് തെരഞ്ഞെടുപ്പുകളിൽ തോൽവി എന്താണെന്ന് അറിഞ്ഞിട്ടില്ല. തുടർച്ചയായി എട്ടു തവണയാണ് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്!

​പിന്നീട് മണ്ഡല പുനർനിർണ്ണയത്തിന് ശേഷം അദ്ദേഹം തന്റെ സ്വന്തം തട്ടകമായ കനകപുരയിലേക്ക് മാറി. അവിടുത്തെ അണികൾ അദ്ദേഹത്തെ വിളിച്ചിരുന്നത് ‘കനകപുര ബണ്ടേ’ എന്നായിരുന്നു. അതായത് കനകപുരയിലെ പാറക്കല്ല്! ശത്രുക്കൾ ഭയത്തോടെയും അനുയായികൾ സ്നേഹത്തോടെയും വിളിക്കുന്ന ആ പേര് അന്വർത്ഥമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള രാഷ്ട്രീയ ജീവിതം. വെറുമൊരു ജനപ്രതിനിധി എന്നതിനപ്പുറം ജയിൽ വകുപ്പ്, ഊർജ്ജം, നഗരവികസനം, ജലസേചനം തുടങ്ങി നിരവധി സുപ്രധാന വകുപ്പുകൾ ഭരിച്ച് മികച്ച ഒരു അഡ്മിനിസ്ട്രേറ്റർ കൂടിയാണ് താനെന്ന് അദ്ദേഹം തെളിയിച്ചു.
പക്ഷേ, ഇദ്ദേഹത്തിന്റെ പേര് സംസ്ഥാന അതിർത്തികൾ കടന്ന് ദേശീയ തലത്തിൽ ചർച്ചയാകുന്നത് എപ്പോഴാണെന്ന് അറിയാമോ?
സ്വന്തം പാർട്ടി ഇന്ത്യയിൽ എവിടെയൊക്കെ കടുത്ത പ്രതിസന്ധി നേരിട്ടോ, അവിടെയൊക്കെ രക്ഷകനായി ഇദ്ദേഹം അവതരിച്ചപ്പോഴാണ്. ഹൈക്കമാൻഡിന്റെ ഏറ്റവും വിശ്വസ്തനായ ‘ട്രബിൾ ഷൂട്ടർ’ അല്ലെങ്കിൽ ‘ക്രൈസിസ് മാനേജർ’ ആയി അദ്ദേഹം മാറി.

​രണ്ട് പ്രധാന സംഭവങ്ങൾ പറയാം. ഒന്ന് 2002-ലാണ്. മഹാരാഷ്ട്രയിൽ വിലാസ്റാവ് ദേശ്മുഖിന്റെ കോൺഗ്രസ് സർക്കാർ വലിയൊരു പ്രതിസന്ധി നേരിടുന്നു. അവിശ്വാസ പ്രമേയത്തിലൂടെ സർക്കാരിനെ താഴെയിറക്കാൻ എതിരാളികൾ എംഎൽഎമാരെ വിലക്കെടുക്കാൻ വലവിരിച്ചു.
ആ സമയത്ത് മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎൽഎമാരെ അതീവ രഹസ്യമായി ബംഗളൂരുവിലെ സ്വന്തം റിസോർട്ടിൽ എത്തിച്ച്, വോട്ടിങ് ദിവസം വരെ ഒരു ബാഹ്യ ഇടപെടലുമില്ലാതെ സംരക്ഷിച്ച്, കൃത്യസമയത്ത് മുംബൈയിൽ എത്തിച്ച് ആ സർക്കാരിനെ നിലനിർത്തിയത് ഇതേ നേതാവായിരുന്നു!
​ഇതിലും വലിയൊരു മാസ്സ് നീക്കം നടന്നത് 2017-ലായിരുന്നു. ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ്. ഗാന്ധി കുടുംബത്തിന്റെ ഏറ്റവും വിശ്വസ്തനായ അഹമ്മദ് പട്ടേലിന്റെ വിജയം കോൺഗ്രസിന് അഭിമാന പ്രശ്നമാണ്. ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റാൻ വലിയ സമ്മർദ്ദമുണ്ടായപ്പോൾ, അവരെ മുഴുവൻ ബംഗളൂരുവിലേക്ക് വിമാനമേറ്റി കൊണ്ടുവന്ന് തന്റെ റിസോർട്ടിൽ താമസിപ്പിച്ച് അഹമ്മദ് പട്ടേലിന്റെ വിജയം ഉറപ്പാക്കിയത് ഇദ്ദേഹത്തിന്റെ ചാണക്യ തന്ത്രങ്ങളായിരുന്നു. 2018-ൽ കർണാടകയിൽ ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തി കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാർ ഉണ്ടാക്കിയതിന് പിന്നിലും പ്രവർത്തിച്ചത് ഇതേ തലച്ചോറായിരുന്നു.
ഇതിനിടയിൽ മറ്റൊരു രസകരമായ കാര്യമുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ രാഷ്ട്രീയ നേതാക്കളുടെ പട്ടികയെടുത്താൽ ഇദ്ദേഹം മുൻപന്തിയിലുണ്ടാകും. കോടിക്കണക്കിന് രൂപയുടെ ആസ്തിയാണ് സത്യവാങ്മൂലത്തിൽ കാണിച്ചിട്ടുള്ളത്. ഒരിക്കൽ ഒരു മാധ്യമ സംവാദത്തിൽ ഇദ്ദേഹത്തോട് ചോദിച്ചു, ‘നിങ്ങൾ എങ്ങനെയാണ് രാജ്യത്തെ ഏറ്റവും വലിയ പണക്കാരനായ ജനപ്രതിനിധിയായത്? എന്താണ് നിങ്ങളുടെ ബിസിനസ്സ് തന്ത്രം?’
​അതിന് അദ്ദേഹം നൽകിയ മറുപടി വളരെ നാച്ചുറലായിരുന്നു. അദ്ദേഹം പറഞ്ഞു, ‘ഞാൻ ഒരു കമ്പനിയും ഉണ്ടാക്കി പണക്കാരനായവനല്ല. ഞാൻ ജനിച്ചതും വളർന്നതും ബംഗളൂരുവിലാണ്. എന്റെ അച്ഛൻ കെമ്പ ഗൗഡയ്ക്ക് അവിടെ ഒരുപാട് കൃഷിഭൂമികളുണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ് വെറും 10 രൂപ വിലയുണ്ടായിരുന്ന ഭൂമിക്ക് ഇന്ന് വിപണിയിൽ ആയിരവും പതിനായിരവും രൂപ വിലയായി. ഒരിക്കൽ മുൻ മുഖ്യമന്ത്രി ബംഗാരപ്പ എനിക്ക് വെറും 99,000 രൂപയ്ക്ക് തന്ന ഒരു ചെറിയ സൈറ്റിന് ഇന്ന് 6 കോടിയിലധികം രൂപ വിപണി വിലയുണ്ട്! തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദിക്കുന്നത് നമ്മൾ വാങ്ങിയ വിലയല്ല, ഇന്നത്തെ മാർക്കറ്റ് വിലയാണ്. അത് സത്യസന്ധമായി വെളിപ്പെടുത്തിയത് കൊണ്ടാണ് എന്റെ സ്വത്ത് ഇത്രയും കൂടുതലായി കാണിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ എല്ലാ കണ്ണുകളും എന്റെ മേലിലാണ്, അതുകൊണ്ട് എനിക്ക് സത്യം മാത്രമേ പറയാൻ കഴിയൂ.’ രാഷ്ട്രീയത്തിൽ 24 മണിക്കൂറിൽ 15-16 മണിക്കൂറും താൻ പണിയെടുക്കുന്നത് കൊണ്ടാണ് ഇന്ന് ഈ നിലയിൽ എത്തിയതെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
ഈ കടുത്ത നിലപാടുകളും പാർട്ടിയോടുള്ള കൂറുമാണ് അദ്ദേഹത്തെ കേന്ദ്ര ഏജൻസികളുടെ നിരന്തര റേഡുകളിലേക്കും ജയിൽവാസത്തിലേക്കും നയിച്ചത്. പക്ഷേ, തിഹാർ ജയിലിൽ കിടക്കുമ്പോഴും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും നേരിട്ടെത്തി അദ്ദേഹത്തെ കണ്ടത് ഇദ്ദേഹം പാർട്ടിക്ക് എത്രത്തോളം വിലപ്പെട്ടതാണെന്ന് തെളിയിക്കുന്നതായിരുന്നു. ജയിൽ മോചിതനായ ശേഷം 2020-ൽ തകർന്നുകിടന്ന കർണാടക കോൺഗ്രസിന്റെ അധ്യക്ഷ പദവി അദ്ദേഹം ഏറ്റെടുത്തു.

​പാർട്ടിയെ താഴെത്തട്ടുമുതൽ കെട്ടിപ്പടുത്തു. മേക്കേദാട്ടു പദയാത്ര പോലുള്ള വൻ ജനകീയ പ്രക്ഷോഭങ്ങൾ നയിച്ചു. ഒടുവിൽ 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അവിടെ മൃഗീയ ഭൂരിപക്ഷത്തോടെ ചരിത്രവിജയം നേടി! തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞ ചില വാക്കുകളുണ്ട്: ‘ബിജെപി എന്നെ തീഹാർ ജയിലിൽ അടച്ചപ്പോൾ ഓടിയെത്തിയ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഞാൻ വാക്ക് കൊടുത്തതാണ്, കർണാടകയെ ഞാൻ കോൺഗ്രസിന്റെ കൈകളിൽ സുരക്ഷിതമായി ഏൽപ്പിക്കുമെന്ന്. ഞാനത് പാലിച്ചു.’
​ആ വിജയത്തിന് ശേഷം സീനിയോറിറ്റി പരിഗണിച്ച് സിദ്ധരാമയ്യ മുഖ്യമന്ത്രിയായപ്പോൾ, ഒരു കടുത്ത അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി ഉപമുഖ്യമന്ത്രി പദം കൊണ്ട് അദ്ദേഹം തൃപ്തിപ്പെട്ടു. ബംഗളൂരു നഗര വികസനവും ജലവിഭവ വകുപ്പും കൈകാര്യം ചെയ്ത് തന്റെ ലക്ഷ്യബോധത്തോടെ അദ്ദേഹം കാത്തിരുന്നു.

 വർഷങ്ങൾ നീണ്ട ആ കാത്തിരിപ്പിനും നിശബ്ദമായ രാഷ്ട്രീയ കരുനീക്കങ്ങൾക്കും ഒടുവിൽ, മുൻകൂർ ധാരണപ്രകാരവും ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരവും ഇക്കഴിഞ്ഞ മെയ് മാസത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി പദം ഒഴിഞ്ഞിരിക്കുകയാണ്. കഠിനാധ്വാനത്തിനും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾക്കും ഒടുവിൽ ആ സിംഹാസനം ഇന്ന് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നു!

​അതെ… നമ്മൾ ഇത്രയും സമയം പറഞ്ഞത്, തകർക്കാൻ നോക്കിയവർക്ക് മുന്നിൽ തോറ്റുകൊടുക്കാതെ, കനകപുരയിലെ പാറക്കല്ല് പോലെ ഉറച്ചുനിന്ന് പോരാടി, ഇന്ന് കർണാടകത്തിന്റെ ഭരണചക്രം തിരിക്കാൻ മുഖ്യമന്ത്രി കസേരയിലേക്ക് ഔദ്യോഗികമായി എത്തിയിരിക്കുന്ന ഒരേയൊരു ഡി.കെ. ശിവകുമാറിനെ (D K Shivakumar) കുറിച്ചാണ്!
​ഒരു സാധാരണ ഗ്രാമീണ വിദ്യാർത്ഥി നേതാവിൽ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നിന്റെ മുഖ്യമന്ത്രി പദവിയിലേക്കുള്ള ഡികെയുടെ ഈ യാത്ര കേവലം ഭാഗ്യം കൊണ്ട് ഉണ്ടായതല്ല. കൃത്യമായ ആസൂത്രണവും, ഏത് വലിയ പ്രതിസന്ധി വന്നാലും പതറാത്ത നെഞ്ചൂറ്റവും കൊണ്ടാണ്. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെങ്കിലും, സ്ഥിരമായ ലക്ഷ്യമുണ്ടെങ്കിൽ വിജയം സുനിശ്ചിതമാണെന്ന് അദ്ദേഹത്തിന്റെ ജീവിതം തെളിയിക്കുന്നു.
​ഇനി രാജ്യം ഉറ്റുനോക്കുന്നത് മറ്റൊന്നാണ്: ഒരു മികച്ച ‘ട്രബിൾ ഷൂട്ടർ’ എന്ന ഇമേജിൽ നിന്ന്, കർണാടകയെ വികസനത്തിലേക്ക് നയിക്കുന്ന ഒരു മികച്ച ‘അഡ്മിനിസ്ട്രേറ്റർ’ എന്ന റോളിലേക്ക് ഡികെ ശിവകുമാർ എത്രത്തോളം വേഗത്തിൽ മാറും എന്നത്! നമുക്ക് കാത്തിരുന്ന് കാണാം.

Leave a Reply

Your email address will not be published. Required fields are marked *