84 ലക്ഷം കോടി കടന്ന് മസ്കിന്റെ ആസ്തി..!

ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യവസായി ഇലോൺ മസ്കിന്റെ ആസ്തി വീണ്ടും ചരിത്രനേട്ടത്തിലേക്ക്. മസ്കിന്റെ ആസ്തി 1 ട്രില്യൺ ഡോളർ, അതായത് ഏകദേശം 84 ലക്ഷം കോടിയിലധികം ഇന്ത്യൻ രൂപ, കടന്നതായി റിപ്പോർട്ട്. മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഗവേഷണ കമ്പനിയായ സ്പേസ് എക്സിന്റെയും പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ലയുടെയും ഓഹരി മൂല്യത്തിലുണ്ടായ മുന്നേറ്റമാണ് ഈ കുതിപ്പിന് പ്രധാന കാരണം.

ആഗോള സാമ്പത്തിക വിപണിയിലെ മാറ്റങ്ങൾ വിലയിരുത്തുന്ന ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡക്സ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. നേരത്തെ ഓഹരി വിപണിയിലുണ്ടായ നേരിയ ഇടിവിനെ തുടർന്ന് മസ്കിന്റെ ആസ്തിയിലും കുറവുണ്ടായിരുന്നു. എന്നാൽ സ്പേസ് എക്സിന്റെ ഐ.പി.ഒ തരംഗത്തിന് പിന്നാലെയുണ്ടായ വിപണി തിരിച്ചുവരവും വാൾസ്ട്രീറ്റിലെ അനുകൂല സാഹചര്യവും ആസ്തി വീണ്ടും ഉയരാൻ കാരണമായി. ഒറ്റ ദിവസം കൊണ്ട് തന്നെ കോടിക്കണക്കിന് ഡോളറിന്റെ വർധനയാണ് മസ്കിന്റെ ആസ്തിയിലുണ്ടായത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആദ്യമായാണ് അദ്ദേഹത്തിന്റെ ആസ്തി 13 അക്ക സംഖ്യയിലെത്തുന്നത്.നിലവിൽ ലോക സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന മസ്ക് സാങ്കേതികവിദ്യയിലും ബഹിരാകാശ മേഖലയിലുമുള്ള തന്റെ ആധിപത്യം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ടെസ്‌ലയുടെ പുതിയ മോഡലുകളുടെ വിപണി പ്രവേശനവും സ്പേസ് എക്സിന്റെ വരാനിരിക്കുന്ന നിർണായക ബഹിരാകാശ ദൗത്യങ്ങളും വരും ദിവസങ്ങളിലും മസ്കിന്റെ ആസ്തി ഉയർത്താൻ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

ഗൂഗിൾ, ആപ്പിൾ തുടങ്ങിയ ആഗോള കമ്പനികളുടെ മൂല്യത്തോട് പോലും താരതമ്യം ചെയ്യാവുന്ന നിലയിലാണ് ഒരു വ്യക്തി എന്ന നിലയിൽ മസ്കിന്റെ നിലവിലെ ആസ്തി. സ്പേസ് എക്സിന്റെയും ടെസ്‌ലയുടെയും പ്രകടനം ഇനി എങ്ങോട്ട് നീങ്ങുമെന്നതനുസരിച്ച് ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയുടെ സമ്പത്തിൽ ഇനിയും വലിയ മാറ്റങ്ങൾ ഉണ്ടാകാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *