ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; 

പ്രശസ്ത ഗായികയും സംഗീത സംവിധായികയുമായ ഗൗരി ലക്ഷ്മി വിവാഹിതയായി. വിഷ്വൽ ആർട്ടിസ്റ്റായ കലേഷ് ഗോവിന്ദനാണ് വരൻ. ഇരുവരും തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി വിവാഹ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. പ്രിയതാരത്തിന് ആശംസകൾ നേർന്ന് സിനിമ-സംഗീത ലോകത്തുനിന്നും നിരവധി പ്രമുഖരും ആരാധകരുമാണ് രംഗത്തെത്തുന്നത്.

തനതായ ഗായന ശൈലിയിലൂടെയും വേറിട്ട നിലപാടുകളിലൂടെയും സംഗീത ആസ്വാദകരുടെ മനസ്സിൽ ഇടംനേടിയ കലാകാരിയാണ് ഗൗരി ലക്ഷ്മി. ക്ലാസിക് സംഗീതവും പഴയകാല ഹിറ്റ് ഗാനങ്ങളും സ്വന്തം ശൈലിയിൽ പുനരാവിഷ്കരിച്ച് ഗൗരി കയ്യടി നേടിയിട്ടുണ്ട്. പലപ്പോഴും തന്റെ കരിയറിലെ സംഗീത പരീക്ഷണങ്ങൾക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്ക് കൃത്യമായ മറുപടി നൽകിയും ഭയമില്ലാതെ സ്വന്തം നിലപാടുകൾ തുറന്നുപറഞ്ഞും സോഷ്യൽ മീഡിയയിൽ ഗൗരി ശ്രദ്ധേയയായിട്ടുണ്ട്.വളരെ ചെറിയ പ്രായത്തിൽ തന്നെ സംഗീത ലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭയാണ് ഗൗരി ലക്ഷ്മി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ‘കാസനോവ’ എന്ന ചിത്രത്തിലെ പ്രശസ്തമായ “സഖിയേ…” എന്ന ഗാനം ഗൗരി ഈണം നൽകുമ്പോൾ പ്രായം വെറും 13 വയസ്സായിരുന്നു. ചിത്രം തീയേറ്ററുകളിൽ എത്തുമ്പോൾ ഗൗരിക്ക് 15 വയസ്സായിരുന്നു പ്രായം. ലാൽ ജോസ് സംവിധാനം ചെയ്ത ‘ഏഴ് സുന്ദര രാത്രികൾ’ എന്ന ചിത്രത്തിലൂടെയാണ് ഗൗരി ലക്ഷ്മി ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നുവരുന്നത്. തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നിന്ന് സംഗീതത്തിൽ ബി.എ ബിരുദവും, കേരള സർവ്വകലാശാലയിൽ നിന്ന് എം.എയും കരസ്ഥമാക്കി. കൂടാതെ ലണ്ടനിലെ വിഖ്യാതമായ ട്രിനിറ്റി കോളേജിൽ നിന്ന് പെർഫോമേഴ്സ് സർട്ടിഫിക്കറ്റും ഗൗരി നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *