വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും പലയിടത്തും ദുരിതം ഒഴിയുന്നില്ല. മലപ്പുറത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും വയനാട്ടിൽ മഴ മാറിനിൽക്കുകയാണ്. താമരശ്ശേരി ചുരത്തിലും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ മഴ കുറഞ്ഞെങ്കിലും പല ഭാഗങ്ങളും ഇപ്പോഴും വെള്ളക്കെട്ടിലാണ്. തീരദേശത്തും മലയോര മേഖലയിലും അധികൃതർ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 273 ദുരിതാശ്വാസ ക്യാമ്പുകളിലായി 7,674 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. നിലവിൽ ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ് (75 ക്യാമ്പുകൾ). കോട്ടയത്ത് 64 ക്യാമ്പുകളും, കോഴിക്കോട് 36 ക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട്. ഇതുവരെയുള്ള ഔദ്യോഗിക കണക്കുപ്രകാരം മഴക്കെടുതികളിൽ 11 പേർ ജീവൻ വെടിഞ്ഞു. കൂടാതെ സംസ്ഥാനത്ത് 30 വീടുകൾ പൂർണ്ണമായും 293 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.
