വേൾഡ് മലയാളി കൗൺസിലിന്റെ 15-ാമത് ആഗോള ദ്വിവാർഷിക സമ്മേളനത്തിന് അമേരിക്കയിലെ ഡാളസിൽ ഓഗസ്റ്റ് 21 വെള്ളിയാഴ്ച വർണോജ്ജ്വലമായ തുടക്കം കുറിച്ചു.

ഡാളസ് ; വേൾഡ് മലയാളി കൗൺസിലിന്റെ 15-ാമത് ആഗോള ദ്വിവാർഷിക സമ്മേളനത്തിന് അമേരിക്കയിലെ ഡാളസിൽ ഓഗസ്റ്റ് 21 വെള്ളിയാഴ്ച വർണോജ്ജ്വലമായ തുടക്കം കുറിച്ചു. ഡാളസിലെ വിൻഡം DFW-ൽ വച്ചു നടന്ന സമ്മേളനത്തിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, ഗ്ലോബൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ്, ഗ്ലോബൽ കോൺഫറൻസ് കൺവീനർ ജോൺസൺ തലച്ചെല്ലൂർ എന്നിവർ ചേർന്ന് കൗൺസിൽ പതാക ഉയർത്തി ഔദ്യോഗികമായ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന സാംസ്കാരിക ഘോഷയാത്രയിൽ കേരളീയ പരമ്പരാഗത വേഷങ്ങളണിഞ്ഞ് ഇന്ത്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, അമേരിക്ക റീജിയനുകളിൽ നിന്നുള്ള വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ തങ്ങളുടെ രാജ്യങ്ങളുടെ പതാകയുമേന്തി വിശിഷ്ടാതിഥികളോടൊപ്പം പങ്കെടുത്തത് വേറിട്ട അനുഭവമായി.
തുടർന്ന് നടന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായ കോട്ടയം എം.പി. ഫ്രാൻസിസ് ജോർജ് ഭദ്രദീപം കൊളുത്തി ഔദ്യോഗികമായ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രവാസി സമൂഹത്തിന്റെ ഐക്യം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സാംസ്കാരിക പൈതൃക സംരക്ഷണം, നേതൃത്വ വികസനം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടാണ് വേൾഡ് മലയാളി കൗൺസിൽ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു.
ഗ്ലോബൽ കോൺഫറൻസ് കൺവീനർ ശ്രീ. ജോൺസൺ തലച്ചെല്ലൂരിന്റെ സ്വാഗതപ്രസംഗത്തിനു ശേഷം ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള അധ്യക്ഷത വഹിച്ച് സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഗ്ലോബൽ പ്രസിഡന്റ് ശ്രീ. ജോൺ മത്തായിയുടെ അഭിസംബോധനയ്ക്കു ശേഷം അന്തരിച്ച പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. പി. എ. ഇബ്രാഹിം ഹാജിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ “വേൾഡ് മലയാളി കൗൺസിൽ ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാന്റൺ അവാർഡ്” ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ്, പത്തനാപുരത്തിന്റെ സ്ഥാപകനും സെക്രട്ടറിയും മാനേജിങ് ട്രസ്റ്റിയുമായ ഡോ. പുനലൂർ സോമരാജന് സമ്മാനിച്ചു. അദ്ദേഹത്തിനായി ഫിലാഡൽഫിയ പ്രൊവിൻസ് പ്രസിഡന്റ് നൈനാൻ മത്തായി അവാർഡ് ഏറ്റുവാങ്ങി.
തുടർന്ന് സുവനീയർ കമ്മിറ്റി കോ-ഓർഡിനേറ്റർ പ്രൊഫ. സാം മാണിക്കരോട്ടിന്റെയും കോ-കോ-ഓർഡിനേറ്റർ ശ്രീമതി മേഴ്സി തടത്തിലിന്റെയും ഗ്ലോബൽ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട ഫ്രാൻസിസ് ജോർജ് എം.പി. WMC സുവനീയർ പ്രകാശനം ചെയ്തു. ടെക്സസിലെ ഹൂസ്റ്റണിലെ 240-ാമത് ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയായ ബഹു. സുരേന്ദ്രൻ കെ. പട്ടേൽ സമ്മേളനത്തിന്റെ മുഖ്യപ്രഭാഷണം നടത്തി. ആഗോള മലയാളി സമൂഹത്തിന്റെ ഐക്യം, നേതൃത്വ വികസനം, യുവതലമുറയുടെ പങ്കാളിത്തം, സാമൂഹിക പ്രതിബദ്ധത എന്നീ മേഖലകളെക്കുറിച്ച് പ്രതിപാദിച്ച അദ്ദേഹം, പ്രവാസി സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ ശാക്തീകരണത്തിന് വേൾഡ് മലയാളി കൗൺസിൽ തുടർന്നും നേതൃത്വം നൽകണമെന്ന് ആഹ്വാനം ചെയ്തു.
ഗ്ലോബൽ വൈസ് പ്രസിഡന്റ് ഓര്‍ഗനൈസേഷൻ ശ്രീ. രാജേഷ് പിള്ള, അമേരിക്ക റീജിയൻ പ്രസിഡന്റ് ശ്രീ. പിന്റോ കണ്ണമ്പള്ളി, ഇന്ത്യ റീജിയൻ ചെയർമാൻ അഡ്വ. കെ. വി. സാബു, ആതിഥേയ പ്രൊവിൻസ് പ്രസിഡന്റ് ശ്രീമതി ആൻസി തലച്ചെല്ലൂർ എന്നിവർ ആശംസകൾ നേർന്നു. WMC ഗ്ലോബൽ ജനറൽ സെക്രട്ടറി ശ്രീ. ക്രിസ്റ്റഫർ വർഗീസിന്റെ കൃതജ്ഞതാ പ്രകാശനത്തിന് ശേഷം നടന്ന നയനമനോഹരമായ കലാസന്ധ്യ കാണികൾക്ക് വേറിട്ട അനുഭവമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *