ഇന്ന് വി എസ് അച്യുതാനന്ദന്റെ 103-ാം ജന്മവാര്‍ഷിക ദിനം

കേരള രാഷ്ട്രീയത്തിലെ അതികായനായ വി എസ് അച്യുതാനന്ദന്റെ 103-ാം ജന്മവാർഷിക ദിനമാണ് ഇന്ന് (ഒക്ടോബർ 20). മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പുരോഗമന കേരളത്തെ പരുവപ്പെടുത്തിയ സമര പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായും, അവസാന ശ്വാസം വരെ കർമ്മനിരതനായ കമ്മ്യൂണിസ്റ്റായും മലയാളികളുടെ ജീവിതത്തിൽ വി.എസ് ചെലുത്തിയ സ്വാധീനം സമാനതകളില്ലാത്തതാണ്.

പോരാട്ടമെന്ന വാക്കിന് ഒരു ആൾരൂപമായിരുന്നു വി എസ് അച്യുതാനന്ദൻ. നാടുവാഴി കാലത്ത് നട്ടെല്ല് ഉയർത്തിനിന്ന് മുഷ്ടി ചുരുട്ടിയതിന്റെ കരുത്തുമായി നാട്ടിലിറങ്ങി നിന്ന ആ ചങ്കൂറ്റം ചരിത്രമാണ്. “കണ്ണേ കരളേ വിഎസ്സേ” എന്ന ഒരൊറ്റ മുദ്രാവാക്യം വിളിയിൽ പലരുടെയും സങ്കടങ്ങൾ ഒഴുകിപ്പോയി, ആശ നശിച്ചുപോയ നൂറുനൂറു മനുഷ്യർ എഴുന്നേറ്റുനിന്നു. പുന്നപ്ര വയലാറിൽ തുടങ്ങി സൂര്യനെല്ലിയിലെയും മൂന്നാറിലെയും വൻമലകളിൽ തട്ടിയ ആ മുദ്രാവാക്യം പ്ലാച്ചിമടയിലെ പൊരിയുന്ന വെയിലത്തും എൻഡോസൾഫാൻ ഇരകൾക്കായുള്ള പോരാട്ടത്തിലും മുഴങ്ങിക്കേട്ടു.

ആലപ്പുഴയിലെ പുന്നപ്രയിൽ വെന്തലത്തറ വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20നാണ് വിഎസിന്റെ ജനനം. കുട്ടിക്കാലം മുതൽക്കേ തുടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ പോരാട്ട ജീവിതം. നാലാം വയസിൽ അമ്മ അക്കമ്മയെയും 11-ാം വയസിൽ അച്ഛൻ ശങ്കരനെയും നഷ്ടമായതോടെ ഏഴാം ക്ലാസിൽ വെച്ച് ഔപചാരിക വിദ്യാഭ്യാസം അവസാനിച്ചു. തുടർന്ന് മൂത്ത സഹോദരന്റെ തുന്നൽക്കടയിലും പിന്നീട് കയർ ഫാക്ടറിയിലും തൊഴിലാളിയായി ജോലി ചെയ്തു.

സഖാക്കളുടെ സഖാവ് പി. കൃഷ്ണപിള്ളയുടെ സ്വാധീനമാണ് വിഎസിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എത്തിച്ചത്. കുട്ടനാട്ടിലെ കർഷക തൊഴിലാളികളെ സംഘടിപ്പിച്ചായിരുന്നു തുടക്കം. 17-ാം വയസിൽ പാർട്ടി അംഗമായ അദ്ദേഹം, തൊഴിലാളി വർഗ സമരത്തിന്റെ ജ്വലിക്കുന്ന ഏടായ പുന്നപ്ര വയലാർ സമരത്തിന്റെ മുന്നണിയിൽ നിന്ന് പൊലീസിന്റെ ക്രൂരമർദ്ദനങ്ങൾ ഏറ്റുവാങ്ങി. 1980 മുതൽ 1992 വരെ 12 വർഷം സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. പാർട്ടി ജയിക്കുമ്പോൾ വിഎസ് തോൽക്കുകയും, വിഎസ് ജയിക്കുമ്പോൾ പാർട്ടി തോൽക്കുകയും ചെയ്യുന്ന വൈരുദ്ധ്യത്തിന്റെ കാലവും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലുണ്ടായി.

1996-ൽ പാർട്ടിയുടെ ഉറച്ച കോട്ടയായ മാരാരിക്കുളത്ത് അദ്ദേഹം പരാജയപ്പെട്ടു. എന്നാൽ പിന്നീട് കണ്ടത് മറ്റൊരു വിഎസിനെയാണ്. പ്രതിപക്ഷ നേതൃ സ്ഥാനത്തിരുന്ന ആ കാലം അദ്ദേഹത്തിന്റെ ജനകീയ നേതാവിലേക്കുള്ള പരകായ പ്രവേശനത്തിന്റെ സമയമായിരുന്നു. എൻഡോസൾഫാൻ സമരവും കൊക്കകോള വിരുദ്ധ സമരവും ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങൾ അദ്ദേഹം ശക്തമായി ഏറ്റെടുത്തു. മതികെട്ടാൻ ചോലയിലൂടെ കുന്നുകയറി അഴിമതിക്കെതിരെ പടപൊരുതി. സൂര്യനെല്ലിയിലെ പാവം പെൺകുട്ടിക്ക് താങ്ങും തണലുമായി എന്നും ആ മനുഷ്യൻ ഒപ്പം നിന്നു.

ഭാവിയെ മുൻകൂട്ടി കാണാനുള്ള ക്രാന്തദർശിത്വവും അഗാധവും ഗഹനവുമായ വിപ്ലവബോധവുമായിരുന്നു വി.എസിന്റെ ഏറ്റവും വലിയ മുതൽക്കൂട്ടുകൾ. കുട്ടനാട്ടിലെ കാർഷിക ഭൂമി തിരിച്ചുപിടിക്കാൻ വി.എസിന്റെ നേതൃത്വത്തിൽ നടത്തിയ സമരം ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. ‘വെട്ടിനിരത്തൽ’ എന്ന് ചില പത്രങ്ങൾ ആക്ഷേപിച്ച ആ സമരം നടന്നില്ലായിരുന്നെങ്കിൽ കുട്ടനാട്ടിലെ നെൽപ്പാടങ്ങൾ എന്നേ ഇല്ലാതായേനെ.

കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിൽ നെൽക്കൃഷി നഷ്ടത്തിലാണെന്ന് പറഞ്ഞ് പാടങ്ങൾ നികത്തി മണ്ണ് കൂനകൂട്ടി തെങ്ങുവെക്കുന്നത് അക്കാലത്ത് ജന്മിമാരുടെ പതിവ് രീതിയായിരുന്നു. പാടങ്ങളുടെ കാൽഭാഗത്തോളം ഇത്തരത്തിൽ നികത്തിയെടുത്ത സാഹചര്യത്തിലാണ് സമരം ആരംഭിക്കാൻ വി.എസ്. തീരുമാനിച്ചത്. ചമ്പക്കുളത്ത് സമരം ഉദ്ഘാടനം ചെയ്തതും അദ്ദേഹം തന്നെയായിരുന്നു. പാരിസ്ഥിതിക സന്തുലനം നിലനിർത്തുന്ന നെൽപ്പാടങ്ങൾ ഇല്ലാതാക്കാനുള്ള ജന്മിത്തത്തിന്റെ ശ്രമങ്ങളെയാണ് വി.എസിന്റെ ഈ ശക്തമായ ഇടപെടൽ തടഞ്ഞുനിർത്തിയത്.

ഒരു നൂറ്റാണ്ടുകാലം നീണ്ട ആ ജീവിതം കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ പരിവർത്തനത്തിന്റെ ചരിത്രം കൂടിയാണ്. അദ്ദേഹം പകർന്നുതന്ന പോരാട്ടവീര്യം ഓരോ സാധാരണക്കാരന്റെയും മനസ്സിൽ എക്കാലത്തും ജ്വലിച്ചുനിൽക്കുന്നുണ്ട്. പാവപ്പെട്ടവന്റെ കണ്ണീരൊപ്പാൻ വി.എസ് കാണിച്ച ആ ആർജ്ജവം തന്നെയാണ് വരുംതലമുറകൾക്ക് അദ്ദേഹം നൽകിയ ഏറ്റവും വലിയ സന്ദേശം

തന്റെ 83-ാം വയസിലാണ് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദ്യം സീറ്റ് നിഷേധിച്ച പാർട്ടിക്ക്, ശക്തമായ ജനകീയ ഇടപെടലിനെ തുടർന്ന് അദ്ദേഹത്തിന് വീണ്ടും സീറ്റ് നൽകേണ്ടി വന്നതും കേരള രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമാണ്.

Leave a Reply

Your email address will not be published. Required fields are marked *