ത്രിരാഷ്ട്ര സൈനിക കരാറും ഇന്ത്യയുടെ സുരക്ഷയും

മധ്യപൂർവേഷ്യൻ രാഷ്ട്രീയത്തിലും ഏഷ്യൻ ഭൂഖണ്ഡത്തിലും വലിയ ചലനങ്ങൾ ഉണ്ടാക്കാൻ പോകുന്ന ഒരു പുതിയ സൈനിക അച്ചുതണ്ട് രൂപപ്പെട്ടിരിക്കുകയാണ്—സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ മൂന്ന് രാജ്യങ്ങൾ ചേർന്നുള്ള ഒരു ത്രിരാഷ്ട്ര സൈനിക സഹകരണ കരാർ!
ഒറ്റനോട്ടത്തിൽ ഇതൊരു ഇസ്ലാമിക കൂട്ടായ്മയോ ‘ഇസ്ലാമിക നാറ്റോ’ മാതൃകയോ ആയി തോന്നാം. സൗദിയും പാകിസ്ഥാനും തമ്മിൽ നേരത്തെ തന്നെ പ്രതിരോധ കരാറുകൾ ഉണ്ടായിരുന്നു. അതിലേക്കാണ് ഇപ്പോൾ ഇന്ത്യയോട് വിരോധം വെച്ചുപുലർത്തുന്ന തുർക്കി കൂടി കടന്നുവരുന്നത്. അപ്പോൾ സ്വാഭാവികമായും ഇവിടെ ഉയരുന്ന വലിയൊരു ചോദ്യമുണ്ട്—ഈ സഖ്യം ഇന്ത്യയെ ആശങ്കപ്പെടുത്തേണ്ട ഒന്നാണോ? ഭാരതത്തിന്റെ ഭാവി വിദേശനയത്തെയും സുരക്ഷയെയും ഇത് ഏത് രീതിയിലാണ് ബാധിക്കാൻ പോകുന്നത്?
ആദ്യം തന്നെ, ഉപരിപ്ലവമായി ഈ വിഷയത്തെ കണ്ടാൽ ‘ഇതിൽ ഇന്ത്യ ഭയപ്പെടാൻ ഒന്നുമില്ല’ എന്ന് കരുതുന്നവരുണ്ട്. എന്താണ് അതിന് നൽകുന്ന ന്യായം? നിലവിൽ ഗൾഫ് മേഖലയിലുള്ളത് വൻ സംഘർഷാവസ്ഥയാണ്. അമേരിക്കയും ഇറാനും തമ്മിൽ പോരാട്ടത്തിലാണ്, ഇറാനും ഇസ്രായേലും തമ്മിൽ യുദ്ധത്തിലാണ്. ഇതിനിടയിൽപ്പെട്ട് അമേരിക്കൻ താവളങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകുന്നു. ഹോർമൂസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുന്നു, ചെങ്കടലിൽ ഹൂതികൾ ആക്ടീവാണ്, ബാബ്-എൽ-മന്ദേബ് വഴി എണ്ണ എത്തിക്കാൻ സൗദി കപ്പലുകൾക്ക് പോലുമാകുന്നില്ല. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില 120 ഡോളർ വരെ കുതിച്ചുയർന്ന സാഹചര്യം നമ്മൾ കണ്ടതാണ്.
അപ്പോൾ ഇന്ത്യയെ സംബന്ധിച്ച് നിലവിൽ ഇത് പ്രധാനമായും ഒരു ‘എനർജി സെക്യൂരിറ്റി’ അല്ലെങ്കിൽ ഊർജ്ജ പ്രതിസന്ധിയുടെ വിഷയമാണ്. അപ്പോൾ സൗദി അറേബ്യ എന്താണ് ചെയ്യുന്നത്? തങ്ങളെ ഇറാൻ ആക്രമിച്ചാൽ അതിനെ പ്രതിരോധിക്കാൻ ആണവശക്തിയായ പാകിസ്ഥാനെയും വൻ സൈനിക ശേഷിയുള്ള തുർക്കിയെയും ഒപ്പം കൂട്ടുന്നു. പാകിസ്ഥാനെ സംബന്ധിച്ച് ഗൾഫിലെ യുദ്ധം നേരിട്ട് ബാധിക്കുന്നില്ലെങ്കിലും, ആണവശക്തി എന്ന നിലയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാൻ ഇത് സഹായിക്കുന്നു. അപ്പോൾ സൗദിയും തുർക്കിയും പാകിസ്ഥാനും തമ്മിൽ ഉണ്ടാക്കിയ ഈ കരാർ തങ്ങളുടെ സ്വന്തം സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ്, ഇന്ത്യയ്ക്ക് നേരിട്ട് ഇതിൽ അസ്വസ്ഥത ഉണ്ടാകേണ്ട കാര്യമില്ല എന്ന് തോന്നാം.
പക്ഷേ, കാര്യങ്ങൾ അവിടെ തീരുന്നില്ല! ഇതിന്റെ പ്രത്യാഘാതങ്ങൾ ആഴത്തിൽ പരിശോധിച്ച് നോക്കുമ്പോൾ വലിയ അപകടങ്ങളും ആശങ്കകളും ഇതിൽ പതിയിരിക്കുന്നത് കാണാം. എന്താണ് ആ ആശങ്ക? ഇതൊരു നാറ്റോ മാതൃകയിലുള്ള പക്കാ സൈനിക സഹകരണ കരാറാണ്. നാറ്റോയിൽ ഒരു രാജ്യത്തെ ആക്രമിച്ചാൽ അത് ബാക്കി എല്ലാ രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമല്ലോ. അപ്പോൾ ഏതെങ്കിലും ഘട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു സൈനിക സംഘർഷമുണ്ടായാൽ, അല്ലെങ്കിൽ മുൻപ് നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ പോലുള്ള നീക്കങ്ങളുടെ രണ്ടാം ഘട്ടം ഉണ്ടായാൽ എന്താണ് സംഭവിക്കുക? കരാർ പ്രകാരം സൗദിക്കും തുർക്കിക്കും പാകിസ്ഥാന്റെ സഹായത്തിനെത്തേണ്ടി വരും! അതായത് ഇന്ത്യയ്ക്ക് ഒരേസമയം ഈ മൂന്ന് രാജ്യങ്ങളുടെ സഖ്യത്തോട് പൊരുതേണ്ട അവസ്ഥ വരും.
തീർച്ചയായും, സൗദി അറേബ്യ മുൻപ് ഇന്ത്യയ്ക്ക് വ്യക്തമായ ചില ഉറപ്പുകൾ നൽകിയിട്ടുണ്ട്. ഈ സൈനിക കരാർ സൗദിയുടെ സുരക്ഷയ്ക്ക് മാത്രമുള്ളതാണെന്നും, പാകിസ്ഥാൻ ഉണ്ടാക്കുന്ന അനാവശ്യ പ്രശ്നങ്ങളിൽ തങ്ങൾ പങ്കാളികളാകില്ലെന്നും സൗദി വ്യക്തമാക്കിയിട്ടുമുണ്ട്. എങ്കിലും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന് ചില ന്യായമായ ആശങ്കകളുണ്ട്. എണ്ണപ്പണം കൊണ്ട് സമ്പന്നമായ സൗദിയുടെ പണം വൻതോതിൽ പാകിസ്ഥാനിലേക്ക് ഒഴുകില്ലേ? സൈനിക ഉപകരണങ്ങളുടെ ട്രാൻസ്ഫർ, ഫണ്ടിംഗ്, ജോയിന്റ് ട്രെയിനിംഗ്, ലോജിസ്റ്റിക്സ്, ഇൻഫർമേഷൻ ഷെയറിങ് എന്നിവ പാകിസ്ഥാന് ലഭിച്ചാൽ അത് ഇന്ത്യക്കെതിരെ അവർ ഉപയോഗിക്കില്ലേ?
ഇവിടെയാണ് തുർക്കിയുടെ സാന്നിധ്യം കൂടുതൽ അപകടകരമാകുന്നത്. കാശ്മീർ വിഷയത്തിൽ നിരന്തരമായി ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് അനുകൂലമായി സംസാരിക്കുന്ന രാജ്യമാണ് തുർക്കിയിലെ എർദഗാൻ ഭരണകൂടം. അത് മാത്രമല്ല, ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാൻ ഇന്ത്യൻ സിവിൽ-സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിടാൻ ഉപയോഗിച്ചത് തുർക്കിയിൽ വികസിപ്പിച്ചെടുത്ത ‘ഇഹ’, ‘സോങ്കാർ’ തുടങ്ങിയ കാമികാസെ ഡ്രോണുകളായിരുന്നു. അത്യാധുനിക ഡ്രോണുകൾ, റോക്കറ്റുകൾ, യുദ്ധക്കപ്പലുകൾ, യുദ്ധവിമാനങ്ങൾ എന്നിവ നിർമ്മിക്കുന്നതിൽ വൻശക്തിയായ തുർക്കിയിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ പാകിസ്ഥാനിലെത്തുന്നത് ഇന്ത്യയ്ക്ക് ഭാവിയിൽ വലിയ ഭീഷണിയാണ്. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് കറാച്ചി തുറമുഖത്ത് എത്തിച്ചേർന്ന രണ്ട് തുർക്കിഷ് കപ്പലുകൾ ആയുധങ്ങൾ എത്തിച്ചതാണോ എന്ന സംശയം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
അപ്പോൾ ചോദ്യം ഇതാണ്—ഇതൊരു ഇസ്ലാമിക കൂട്ടായ്മയായി മാറി ലോകത്തിലെ മുഴുവൻ ഇസ്ലാമിക രാജ്യങ്ങളും പാകിസ്ഥാന് വേണ്ടി ഇന്ത്യയ്ക്കെതിരെ തിരിയുമോ? ഒരിക്കലുമില്ല! അതൊരു കേവലം ഭാവന അല്ലെങ്കിൽ ‘വൈൽഡ് ഇമാജിനേഷൻ’ മാത്രമാണ്. കാരണം, ഇസ്ലാമിക ലോകത്തിന് ഇന്ത്യയുമായി വൻ ചരിത്രപരമായ, സാംസ്കാരിക, വ്യാപാര ബന്ധമുണ്ട്. സൗദി അറേബ്യയിൽ മാത്രം ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളാണ് ജോലി ചെയ്യുന്നത്. യു.എ.ഇ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്ത്യൻ ഡയസ്പോറ ഉള്ളത് സൗദിയിലാണ്. സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയുമായും ചൈനയുമായും വളരെ നല്ല സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. പാകിസ്ഥാന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി ഇന്ത്യയുമായുള്ള ബന്ധം സൗദി ബലികഴിക്കില്ല.
മറ്റൊരു നിർണായക ഘടകം യു.എ.ഇയുടെ നിലപാടാണ്. ഗൾഫിലെ വൻശക്തിയായ യു.എ.ഇ ഈ സഖ്യത്തിൽ ഇല്ല! നിലവിൽ സൗദിയും യു.എ.ഇയും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ല. അതുകൊണ്ടാണ് യു.എ.ഇ ‘ഒപെക്’ (OPEC) കൂട്ടായ്മയിൽ നിന്നും മാറി നിന്ന് സ്വതന്ത്രമായി എണ്ണ ഉത്പാദിപ്പിക്കാനും എണ്ണവില നിശ്ചയിക്കാനും തീരുമാനിച്ചത്. ഹോർമൂസ് കടലിടുക്ക് ഒഴിവാക്കി ഒമാൻ ഉൾക്കടലിലെ ഫുജൈറ തുറമുഖം വഴി ഇന്ത്യയ്ക്ക് നേരിട്ട് എണ്ണ എത്തിക്കാൻ യു.എ.ഇയ്ക്ക് സാധിക്കും. ഇന്ത്യയും യു.എ.ഇയും തമ്മിൽ പ്രത്യേക തന്ത്രപ്രധാന കരാറുമുണ്ട്. അതുകൊണ്ട് തന്നെ അറബ് ലോകത്ത് മുഴുവൻ പാകിസ്ഥാന് അനുകൂലമായ ഒരു ഏകോപനം ഉണ്ടാകില്ല.
ഇനി, വൻശക്തിയായ അമേരിക്കയുടെയും ഇസ്രായേലിന്റെയും കോൺടെക്സ്റ്റ് എടുത്തുനോക്കാം. അമേരിക്കയിൽ ഇപ്പോൾ നിലനിൽക്കുന്നത് ഒരു സങ്കീർണ്ണ സാഹചര്യമാണ്. റഷ്യ-ഉക്രൈൻ യുദ്ധം, ഡെന്മാർക്കിൽ നിന്ന് ഗ്രീൻലാന്റ് ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവന മൂലം ഉണ്ടായ പിണക്കങ്ങൾ, കാനഡയോടും മെക്സിക്കോയോടുമുള്ള തർക്കങ്ങൾ, ലാറ്റിൻ അമേരിക്കയിലെ പ്രശ്നങ്ങൾ, ചൈനയുമായുള്ള വ്യാപാര യുദ്ധം, റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്കെതിരെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച 50% അധിക ടാരിഫ്—ഇതെല്ലാം അമേരിക്കയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്.
പക്ഷേ, ഈ സൗദി-തുർക്കി-പാക് സഖ്യം വളർന്ന് വരുന്നത് ആത്യന്തികമായി ഇസ്രായേലിന് വലിയ ഭീഷണിയാകും. അമേരിക്കയിലെ ജൂത ലോബിയുടെ സ്വാധീനം കാരണം ഇസ്രായേലിന്റെ സുരക്ഷ അമേരിക്കയ്ക്ക് വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. സ്വാഭാവികമായും, പാകിസ്ഥാനെ തള്ളിപ്പറഞ്ഞ് ഇന്ത്യ-ഇസ്രായേൽ-അമേരിക്ക അച്ചുതണ്ട് കൂടുതൽ ശക്തമാക്കാൻ അമേരിക്ക നിർബന്ധിതരാകും.
ഇവിടെ ഇന്ത്യ ചെയ്യുന്നത് വളരെ തന്ത്രപരമായ ഒരു നയതന്ത്ര കളി അല്ലെങ്കിൽ ‘ടൈറ്റ്‌റോപ്പ് വാക്കിംഗ്’ ആണ്. ഇറാനുമായും, ഇസ്രായേലുമായും, അമേരിക്കയുമായും, ഗൾഫ് രാജ്യങ്ങളുമായും ഒരേസമയം നല്ല ബന്ധം ഇന്ത്യ കാത്തുസൂക്ഷിക്കുന്നു. ഭാവിയിൽ ഉപരോധങ്ങൾ മാറി സമാധാനം വന്നാൽ ഇറാനിൽ നിന്ന് കുറഞ്ഞ ചിലവിൽ ഇന്ത്യയിലേക്ക് എണ്ണയും, മുൻപ് പ്ലാൻ ചെയ്ത ഇറാൻ-ഇന്ത്യ പ്രകൃതിവാതക പൈപ്പ്‌ലൈൻ വഴി ഗ്യാസും എത്തിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. ഖത്തറും ഇറാനുമാണ് ലോകത്ത് ഏറ്റവും കൂടുതൽ പ്രകൃതിവാതക ശേഖരമുള്ള രാജ്യങ്ങൾ.
ചുരുക്കത്തിൽ പറഞ്ഞാൽ, പേപ്പറിൽ ഒരു വൻ ഭീഷണിയായി തോന്നാമെങ്കിലും, ആഭ്യന്തരമായി ഒട്ടനവധി വൈരുധ്യങ്ങളുള്ള ഒന്നാണ് ഈ സഖ്യം. ഒരറ്റം പൂട്ടിക്കെട്ടുമ്പോൾ മറ്റേ അറ്റം ലൂസാകുന്ന ഒരു സംഘടന! അതുകൊണ്ട് ഇന്ത്യ ഇപ്പോൾ അനാവശ്യമായി ഭയപ്പെടേണ്ട കാര്യമില്ല. ഇത് കടലാസിൽ ഒതുങ്ങാനാണ് കൂടുതൽ സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *