പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള തർക്കങ്ങളിൽ നമ്മളെയെല്ലാം അമ്പരപ്പിക്കുന്ന ഒരു വലിയ മാറ്റം ഇപ്പോൾ സംഭവിച്ചിരിക്കുകയാണ്. നമ്മളാരും വിചാരിക്കാത്ത ഒരു പരസ്യമായ കുറ്റസമ്മതം ഇപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നു. മറ്റൊന്നുമല്ല, ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ അട്ടിമറിക്കാനായി അമേരിക്ക നടത്തിയ സൈനിക ഇടപെടലുകൾ ചരിത്രപരമായ ഒരു വലിയ വിഡ്ഢിത്തമായിരുന്നു എന്ന് ട്രംപ് പരസ്യമായി സമ്മതിച്ചിരിക്കുകയാണ്. FOX ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ കാര്യം വളരെ വ്യക്തമായി തുറന്നു പറഞ്ഞത്. ഇറാഖിൽ മുൻപ് ഇടപെട്ടതും വലിയ തെറ്റായിപ്പോയി എന്ന് അദ്ദേഹം ഇതിനൊപ്പം കൂട്ടിച്ചേർക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ കടുത്ത ആക്രമണങ്ങൾ വലിയൊരു അബദ്ധമായിരുന്നു എന്നാണ് ട്രംപ് ഇപ്പോൾ പറഞ്ഞു വെക്കുന്നത്. ട്രംപിനെപ്പോലെ ഒരു നേതാവ് ഇങ്ങനെ പരസ്യമായി ഒരു കുറ്റസമ്മതം നടത്തണമെങ്കിൽ അതിന്റെ പിന്നിൽ വലിയ രാഷ്ട്രീയ തന്ത്രങ്ങളും കനത്ത സാമ്പത്തിക നഷ്ടങ്ങളുമുണ്ട്. പക്ഷേ, ഈ ഒരൊറ്റ പ്രസ്താവനയിലൂടെ ട്രംപ് ശരിക്കും ചതിച്ചത് ആരെയാണെന്ന് ,
തന്റെ യുദ്ധക്കൂട്ടുകാരനായ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെയാണ്.
ട്രംപിന്റെ വാക്കുകൾ നമ്മൾ സൂക്ഷ്മമായി പരിശോധിച്ചാൽ അതിൽ പതിവുപോലെ ഒരുപാട് വൈരുധ്യങ്ങൾ കാണാൻ സാധിക്കും. ഇറാനിൽ ഭരണകൂടത്തെ മാറ്റാൻ നോക്കിയത് തെറ്റാണെന്ന് പറയുമ്പോഴും, ഇറാന്റെ ആണവനിലയങ്ങൾക്ക് നേരെ ബി-ടു ബോംബർ വിമാനങ്ങൾ ഉപയോഗിച്ച് അമേരിക്ക നടത്തിയ ആക്രമണം ശരിയായിരുന്നു എന്നാണ് ട്രംപ് വാദിക്കുന്നത്. ഒറ്റനോട്ടത്തിൽ ഇത് രണ്ടും ഒന്നല്ലേ എന്ന് നമുക്ക് തോന്നാം. പക്ഷേ, നയതന്ത്ര വിദഗ്ധർ ഇതിനെ കാണുന്നത് മറ്റൊരു രീതിയിലാണ്. അമേരിക്കയുടെ സ്വന്തം സുരക്ഷയ്ക്ക് വേണ്ടി ഇറാന്റെ ആണവായുധ ശേഷി തകർക്കാൻ നോക്കിയത് ശരിയാണ്, എന്നാൽ അവിടുത്തെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ട് ഭരണകൂടത്തെ മാറ്റാൻ നോക്കിയത് അമേരിക്കയ്ക്ക് വലിയൊരു ബാധ്യതയായി മാറി എന്നാണ് ട്രംപ് ഉദ്ദേശിക്കുന്നത്. ട്രംപിന്റെ ഈ നിലപാട് മാറ്റത്തിന് പിന്നിൽ വരാൻ പോകുന്ന ഇടക്കാല തിരഞ്ഞെടുപ്പാണ് പ്രധാന ലക്ഷ്യം. തന്റെ തീവ്ര അനുയായികളായ ‘മാഗാ’ പ്രസ്ഥാനക്കാരെ സന്തോഷിപ്പിക്കാനാണ് ട്രംപ് ഇപ്പോൾ ശ്രമിക്കുന്നത്. കാരണം, ഇറാനുമായി അമേരിക്ക നടത്തിയ ഈ യുദ്ധം മാഗാ പ്രസ്ഥാനക്കാർക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു. അമേരിക്കക്കാരുടെ പണവും ജീവനും വിദേശ രാജ്യങ്ങളിലെ യുദ്ധങ്ങളിൽ കളയരുത് എന്നതാണല്ലോ അവരുടെ പ്രധാന നയം. ആ ഒരു വലിയ അതൃപ്തി പരിഹരിക്കാനാണ് ട്രംപ് ഇപ്പോൾ ഈ കുറ്റസമ്മതം നടത്തിയിരിക്കുന്നത്.
പക്ഷേ, ട്രംപ് തന്റെ സ്വന്തം രാഷ്ട്രീയ ലാഭം നോക്കി മാറിയപ്പോൾ പശ്ചിമേഷ്യയിൽ പൂർണ്ണമായും ഒറ്റപ്പെട്ടുപോയത് നെതന്യാഹു ആണ്. കാരണം, ഇറാനിൽ നേരിട്ട് ഇടപെടണമെന്നും അവിടുത്തെ ഭരണകൂടം തകർക്കണമെന്നും ട്രംപിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടതും അദ്ദേഹത്തെ നിർബന്ധിച്ചതും നെതന്യാഹു ആയിരുന്നു. ഗൾഫ് രാജ്യങ്ങളെല്ലാം വലിയ രീതിയിൽ മുന്നറിയിപ്പ് നൽകിയിട്ടും അത് പൂർണ്ണമായി അവഗണിച്ച് നെതന്യാഹുവിന്റെ വാക്ക് മാത്രം വിശ്വസിച്ചാണ് ട്രംപ് ഇറാനെ ആക്രമിക്കാൻ സൈന്യത്തെ അയച്ചത്. ഈ ആക്രമണം തുടങ്ങിയ സമയത്ത് നെതന്യാഹു ഇസ്രയേൽ ജനതയോട് വലിയ രീതിയിൽ പ്രസംഗിച്ചത്, ‘അമേരിക്കയും ഇസ്രയേലും തമ്മിലുള്ള സഖ്യം ചരിത്രത്തിൽ ഇതുവരെ ഇത്രയും ശക്തമായിട്ടില്ല’ എന്നായിരുന്നു. എന്നാൽ ആ നെതന്യാഹുവിനെയാണ് ട്രംപ് ഇപ്പോൾ പാതിവഴിയിൽ ഉപേക്ഷിച്ചിരിക്കുന്നത്. മൂന്ന് മാസം മുൻപ് ഇരുരാജ്യങ്ങളും ചേർന്ന് തുടങ്ങിയ സംയുക്ത സൈനിക നീക്കം ഇപ്പോൾ അമേരിക്കയുടെ നേതൃത്വത്തിലുള്ള നയതന്ത്ര ചർച്ചകളായി മാറി എന്നതാണ് യാഥാർത്ഥ്യം. സമാധാന ചർച്ചകളുടെ ഈ പുതിയ പാതയിലാകട്ടെ നെതന്യാഹുവിന് യാതൊരു സ്ഥാനവുമില്ല.
സത്യത്തിൽ നെതന്യാഹുവിന് ഈ യുദ്ധം ജയിക്കേണ്ടത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലനിൽപ്പിന്റെ വലിയൊരു പ്രശ്നമായിരുന്നു. ഇസ്രയേലിൽ അടുത്ത പൊതുതിരഞ്ഞെടുപ്പ് വരാൻ പോവുകയാണ്. നിലവിലെ എല്ലാ സർവേകളും പറയുന്നത് നെതന്യാഹുവിന് അധികാരം പൂർണ്ണമായി നഷ്ടപ്പെടുമെന്നാണ്. കഴിഞ്ഞ ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം തന്റെ തകർന്ന പ്രതിച്ഛായ വീണ്ടെടുക്കാൻ നെതന്യാഹു കണ്ട ഒരേയൊരു വഴി ഇറാനെ യുദ്ധത്തിൽ തോൽപ്പിക്കുക എന്നതായിരുന്നു. ഇറാനെ വരുതിയിലാക്കി ആ വലിയ വിജയം ജനങ്ങൾക്ക് മുന്നിൽ കാണിച്ച് വീണ്ടും അധികാരത്തിൽ വരാം എന്ന് അദ്ദേഹം സ്വപ്നം കണ്ടു. പക്ഷേ, ഇറാന്റെ അപ്രതീക്ഷിതമായ പോരാട്ട വീര്യം കാരണം ട്രംപ് യുദ്ധം നിർത്തി ചർച്ചകളിലേക്ക് മാറിയതോടെ നെതന്യാഹുവിന്റെ ആ സ്വപ്നങ്ങളെല്ലാം തകർന്നടിയുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. അടുത്തിടെ ഇസ്രയേലിൽ നടന്ന ഒരു സർവേ പ്രകാരം നാൽപ്പത്തിയഞ്ച് ശതമാനം ഇസ്രയേൽ ജനതയും വിശ്വസിക്കുന്നത് ഈ യുദ്ധം കാരണം ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണി മുൻപത്തേക്കാൾ കൂടിയെന്നാണ്. പകുതിയോളം ആളുകൾ ഇസ്രയേൽ ഈ യുദ്ധത്തിൽ ജയിക്കില്ല എന്നും കരുതുന്നു.
ഇറാൻ ഉയർത്തിയ കടുത്ത പ്രതിരോധമാണ് അമേരിക്കയെ ഇത്തരത്തിൽ പിന്നോട്ട് വലിച്ചത്. അമേരിക്കയുടെ വലിയ അഭിമാനമായിരുന്ന, കോടികൾ വിലയുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യയുള്ള യുദ്ധവിമാനങ്ങളെ തുടർച്ചയായി തകർക്കാൻ ഇറാന് സാധിച്ചു. ഇത് ആ വിമാനങ്ങളുടെ അന്താരാഷ്ട്ര മാർക്കറ്റ് വാല്യൂ തന്നെ ഇല്ലാതാക്കി. ബില്യൺ കണക്കിന് ഡോളറിന്റെ വൻ സാമ്പത്തിക നഷ്ടമാണ് ഇറാൻ അമേരിക്കയ്ക്ക് ഉണ്ടാക്കിക്കൊടുത്തത്. കൂടാതെ, ഇറാന്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ തകർക്കാൻ നെതന്യാഹു പദ്ധതിയിട്ടപ്പോൾ, ഗൾഫ് രാജ്യങ്ങളിലുള്ള അമേരിക്കൻ നിക്ഷേപമുള്ള ഊർജ്ജ കേന്ദ്രങ്ങളെ തിരിച്ച് ആക്രമിക്കുമെന്ന കടുത്ത നിലപാട് ഇറാൻ സ്വീകരിച്ചു. അതോടെ ട്രംപ് ഭയന്ന് പിന്മാറുകയും ഇസ്രയേലിനെ തടയുകയും ചെയ്തു. ഒരു വലിയ ആഗോള യുദ്ധത്തിലേക്ക് കാര്യങ്ങൾ പോയാൽ അത് അമേരിക്കൻ സമ്പദ്വ്യവസ്ഥയെ പൂർണ്ണമായി തകർക്കുമെന്ന് ട്രംപ് തിരിച്ചറിഞ്ഞു. ഇതിൽ നിന്ന് ഉടലെടുത്തതാണ് ട്രംപിന്റെ പുതിയ കുറ്റസമ്മതം.
എന്നാൽ ട്രംപ് നെതന്യാഹുവിനെ പൂർണ്ണമായി കൈവിട്ടിട്ടില്ല. യുദ്ധത്തിൽ ഉണ്ടായ രാഷ്ട്രീയ നഷ്ടം പരിഹരിക്കാൻ ട്രംപ് ഒരു പുതിയ തന്ത്രം ഇറക്കിയിട്ടുണ്ട്. സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് മേൽ ഇസ്രയേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിക്കാൻ ട്രംപ് കടുത്ത സമ്മർദ്ദം ചെലുത്തുകയാണ്. നിലവിൽ യു.എ.ഇയും ബഹ്റൈനും മാത്രമാണ് ഇസ്രയേലുമായി ‘അബ്രഹാം അക്കോർഡ്സ്’ കരാറിൽ ഒപ്പുവെച്ചിട്ടുള്ളത്. മറ്റ് ജി.സി.സി രാജ്യങ്ങളെക്കൂടി ഇതിലേക്ക് കൊണ്ടുവന്ന്, അത് നെതന്യാഹുവിന് ഒരു വലിയ രാഷ്ട്രീയ വിജയമായി കാണിച്ചുകൊടുക്കാനാണ് ട്രംപിന്റെ ശ്രമം. എന്നാൽ പഴയതുപോലെയല്ല ഇപ്പോൾ ഗൾഫ് രാജ്യങ്ങൾ. ഇറാനോട് തോറ്റ് പിന്മാറുന്ന അമേരിക്കയുടെ കൽപ്പനകൾ അനുസരിക്കാൻ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തയ്യാറല്ല. പലസ്തീൻ വിഷയം പരിഹരിക്കാതെ ഇസ്രയേലുമായി യാതൊരു കരാറിനുമില്ലെന്ന് സൗദി വ്യക്തമാക്കിക്കഴിഞ്ഞു. ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചില്ലെങ്കിൽ ചർച്ചകളിൽ നിന്ന് പിന്മാറുമെന്നാണ് ട്രംപ് ഗൾഫ് രാജ്യങ്ങൾക്ക് നൽകിയ മുന്നറിയിപ്പ്.
അമേരിക്കയുടെ ഈ ഏകപക്ഷീയമായ ഭീഷണികൾ കാരണം ഗൾഫ് സഹകരണ കൗൺസിലിൽ വലിയ അമർഷമാണ് പുകയുന്നത്. തങ്ങളുടെ സുരക്ഷയ്ക്കായി ഇനി അമേരിക്കയെ മാത്രം വിശ്വസിക്കാൻ കൊള്ളില്ല എന്ന വലിയൊരു തിരിച്ചറിവ് ഗൾഫ് രാജ്യങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും ഇറാന്റെ ആക്രമണങ്ങളെ തടയാൻ അമേരിക്കയ്ക്ക് കഴിയാതെ വന്ന സാഹചര്യത്തിൽ. ഈ തിരിച്ചറിവ് കാരണം അവർ ഇപ്പോൾ ചൈനയുമായും റഷ്യയുമായും കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കാൻ തുടങ്ങിയിരിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാർ ചൈനയാണ്. കൂടാതെ ഇറാനും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിൽ ചൈനയാണ് പ്രധാന പങ്കുവഹിച്ചത്. അതുകൊണ്ടുതന്നെ അമേരിക്കയേക്കാൾ വിശ്വസിക്കാവുന്ന പങ്കാളിയായി അറബ് രാജ്യങ്ങൾ ചൈനയെ കാണാൻ തുടങ്ങിയിരിക്കുന്നു.
മറ്റൊരു പ്രധാന കാര്യം, ആഗോള എണ്ണവില നിയന്ത്രിക്കുന്ന ഒപെക് പ്ലസ് കൂട്ടായ്മയിൽ സൗദി അറേബ്യയും റഷ്യയും ഒരുമിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നത്. അമേരിക്ക തങ്ങൾക്ക് മേൽ കൂടുതൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തിയാൽ, റഷ്യയുമായി ചേർന്ന് എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ച് അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുത്തനെ ഉയർത്താൻ സൗദിക്ക് സാധിക്കും. ഇത് തകർക്കുക അമേരിക്കയുടെ ആഭ്യന്തര വിപണിയെയും സമ്പദ്വ്യവസ്ഥയെയും ആയിരിക്കും. ചുരുക്കത്തിൽ, ഇറാന് പകരം നെതന്യാഹുവിന് ട്രംപ് നൽകാൻ ഉദ്ദേശിക്കുന്ന ഗൾഫ് രാജ്യങ്ങളുടെ ഈ സമ്മാനത്തിന് പിന്നിൽ അമേരിക്കയുടെ മേധാവിത്വം തന്നെ നഷ്ടപ്പെടുത്തുന്ന വലിയൊരു അപകടമുണ്ട്. അത് തിരിച്ചറിഞ്ഞതുകൊണ്ട് തന്നെയാണ് പിന്നീട് ഗൾഫ് രാജ്യങ്ങളോട് കടുത്ത ഭാഷയിൽ സംസാരിക്കാൻ ട്രംപ് മുതിരാത്തത്. തൽക്കാലം ലെബനനിൽ എന്തെങ്കിലും സൈനിക വിജയം നേടി രാഷ്ട്രീയമായി പിടിച്ചുനിൽക്കുക എന്ന ഒരൊറ്റ വഴി മാത്രമാണ് ഇനി നെതന്യാഹുവിന് മുന്നിലുള്ളത്. എന്നാൽ ഇറാനുമായുള്ള പുതിയ വെടിനിർത്തൽ കരാറിൽ ലെബനൻ കൂടി ഉൾപ്പെട്ടാൽ നെതന്യാഹുവിന്റെ ആ ഒരു അവസാന പ്രതീക്ഷയും പൂർണ്ണമായി ഇല്ലാതാകും.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തന്റെ രാഷ്ട്രീയ വ്യക്തിത്വം നെതന്യാഹു കെട്ടിപ്പടുത്തത് ‘മിസ്റ്റർ ഇറാൻ’ എന്ന ലേബലിലാണ്. ശക്തി ഉപയോഗിച്ച് മാത്രമേ ഇറാന്റെ ആണവ മോഹങ്ങളെ തടയാൻ കഴിയൂ എന്ന് വാദിച്ച നേതാവാണ് അദ്ദേഹം. എന്നാൽ ഇന്ന് തന്ത്രപരമായി പരാജയപ്പെട്ട സാഹചര്യത്തിൽ, താൻ തകർക്കാൻ ശ്രമിച്ച അതേ ഇറാൻ ഭരണകൂടത്തിന് അന്താരാഷ്ട്ര നിയമസാധുത നൽകുന്ന ഒരു വെടിനിർത്തൽ കരാർ അംഗീകരിക്കാൻ നെതന്യാഹു നിർബന്ധിതനാവുകയാണ്. എല്ലാം തെറ്റായിപ്പോയി എന്ന ഒരൊറ്റ കുറ്റസമ്മതത്തിലൂടെ ട്രംപ് അക്ഷരാർത്ഥത്തിൽ നെതന്യാഹുവിനെ വലിയൊരു കെണിയിലാണ് ചാടിച്ചിരിക്കുന്നത്
