ലതാദീദിയും ആശാ തായിയും അമാനുഷിക സംഗീതം കൊണ്ട് അനശ്വരത നേടിയവരാണ്. തങ്ങളുടെ ജീവിത നേട്ടങ്ങളില്‍ സമൂഹത്തെയും അവര്‍ ചേര്‍ത്തുപിടിച്ചു, സര്‍സംഘചാലക് പറഞ്ഞു. നന്ദോഷിയില്‍ ലതാ-ആശ മങ്കേഷ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിസ്വാര്‍ത്ഥതയും ദൃഢനിശ്ചയവും ഒത്തുചേരുമ്പോഴാണ് സേവാപ്രവര്‍ത്തനങ്ങള്‍ സാര്‍ത്ഥകമാവുക. സ്വന്തം എന്ന ഭാവത്തില്‍ നിന്നാണ് സേവനമനോഭാവം ജനിക്കുന്നത്. ഈ ബോധമാണ് നന്മ ചെയ്യുന്നതിന് പ്രേരണയാകുന്നതും.നിസ്വാര്‍ത്ഥ മനോഭാവത്തോടെയും മമതാബോധത്തോടെയും ചെയ്യുന്ന സേവനമാണ് യഥാര്‍ത്ഥ ധര്‍മ്മം, മോഹന്‍ ഭാഗവത് ഓര്‍മ്മിപ്പിച്ചു.
‘സംഗീതം കൊണ്ട് മാത്രമല്ല, ആഴമേറിയ ദേശഭക്തികൊണ്ടും മങ്കേഷ്കര്‍ കുടുംബം പ്രശസ്തമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. വീരസവര്ക്കറുമായി ഹൃദയബന്ധമുള്ള പാരമ്പര്യമാണ് നിസ്വാര്‍ത്ഥ സേവനത്തിലേക്ക് മങ്കേഷ്കര്‍ കുടുംബത്തെ നയിക്കുന്നത്. സാമ്പത്തിക ലാഭം നോക്കാതെ ആയിരക്കണക്കിന് രോഗികളെ സേവന മനോഭാവത്തോടെ ചികിത്സിക്കുന്നതാണ് ദിനനാഥ് മങ്കേഷ്കര്‍ ആശുപത്രിയുടെ ചരിത്രം, ഫഡ്നാവിസ് ചൂണ്ടിക്കാട്ടി.
ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, പൂനെ മേയര്‍ മഞ്ജുഷ നാഗ്പുരെ, പണ്ഡിറ്റ് ഹൃദയനാഥ് മങ്കേഷ്കര്‍, ഉഷാ മങ്കേഷ്കര്‍, ആനന്ദ് ഭോസ്ലെ, ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ധനഞ്ജയ് കേല്‍ക്കര്‍ എന്നിവര്‍ പങ്കെടുത്തു.
