ചരിത്രം കുറിച്ച് ഷാനിമോൾ ഉസ്മാൻ; 

പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനെ തിരഞ്ഞെടുത്തു. സഭയിൽ നടന്ന വോട്ടെടുപ്പിൽ 99 വോട്ടുകൾ നേടിയാണ് ഷാനിമോൾ ഉസ്മാൻ വിജയിച്ചത്. എതിർ സ്ഥാനാർത്ഥിയായിരുന്ന സി.പി.ഐയിലെ മുഹമ്മദ് മുഹ്സിന് 34 വോട്ടുകൾ ലഭിച്ചു. ബി.ജെ.പിയുടെ മൂന്ന് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

സ്പീക്കർ ഉൾപ്പെടെ സഭയിലെ നാല് പേർ വോട്ട് രേഖപ്പെടുത്തിയില്ല. എം.എൽ.എമാരായ സന്ദീപ് വാര്യർ, ആബിദ് ഹുസൈൻ തങ്ങൾ, സി.കെ. ഹരീന്ദ്രൻ എന്നിവരാണ് വോട്ട് ചെയ്യാൻ എത്താതിരുന്നത്. ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഷാനിമോൾ ഉസ്മാനെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു. കേരള നിയമസഭയുടെ ചരിത്രത്തിൽ 31 വർഷങ്ങൾക്ക് ശേഷമാണ് ഒരു വനിത ഡെപ്യൂട്ടി സ്പീക്കർ പദവിയിൽ എത്തുന്നതെന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്.ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയത്തിന്റെ അവതരണവും ചർച്ചയും ഇന്ന് സഭയിൽ ആരംഭിക്കും. എം. വിൻസെന്റാണ് നന്ദിപ്രമേയം സഭയിൽ അവതരിപ്പിക്കുന്നത്. മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് റവന്യൂ മന്ത്രി ഇന്ന് സഭയെ അറിയിക്കും. നന്ദിപ്രമേയ ചർച്ച നടക്കുന്ന അടുത്ത മൂന്ന് ദിവസങ്ങളിലും സഭയിൽ ചോദ്യോത്തര വേള ഉണ്ടായിരിക്കുന്നതല്ല. പതിനാറാം നിയമസഭയുടെ ആദ്യ അടിയന്തിര പ്രമേയമായി സംസ്ഥാനത്തെ കടുത്ത വിലക്കയറ്റ വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാടകവീട്ടിൽ ഇ.ഡി നടത്തിയ റെയ്ഡ് മുതൽ വന്ദേമാതരം വിവാദം വരെയുള്ള വിഷയങ്ങൾ ചർച്ചയിൽ ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം ഒരുങ്ങുകയാണ്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കാതിരുന്ന സംസ്ഥാന സർക്കാർ ആർ.എസ്.എസിന് മുന്നിൽ വഴങ്ങിയെന്ന കടുത്ത ആരോപണമായിരിക്കും പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *