സലിംകുമാർ ഇനി ഓർമ്മ!

ലയാളിയെ പതിറ്റാണ്ടുകളോളം പൊട്ടിച്ചിരിപ്പിക്കുകയും മനസ്സ് നൊന്തുപോകുന്ന രീതിയിൽ പൊട്ടിക്കരയിക്കുകയും ചെയ്ത പ്രിയപ്പെട്ട സലിംകുമാർ യാത്രയായിരിക്കുന്നു. വെള്ളിത്തിരയിൽ ചിരിയുടെ മാലപ്പടക്കങ്ങൾക്ക് തിരികൊളുത്തിയ ആ വലിയ കലാകാരൻ, ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞ് മായുമ്പോൾ മലയാള സിനിമയ്ക്കും ഓരോ മലയാളിക്കും നഷ്ടമാകുന്നത് കേവലം ഒരു നടനെയല്ല. മറിച്ച്, വരുംവരാഴികകൾ നോക്കാതെ ആരുടെ മുന്നിലും അപ്രിയ സത്യങ്ങൾ വിളിച്ചുപറയാൻ ആർജ്ജവം കാണിച്ച ഒരു വിപ്ലവകാരിയെ കൂടിയാണ്. ഉള്ളിലൊന്നും പുറത്തുമറ്റൊന്നും സൂക്ഷിക്കുന്ന സിനിമാക്കാരുടെ പൊതുരീതികൾക്ക് പുറത്തുനിൽക്കാൻ ധൈര്യം കാണിച്ച ആ ശുദ്ധമനസ്സ് ഇനി ഓർമ്മകളുടെ വിസ്തൃതമായ ആകാശത്ത് ജ്വലിച്ചുനിൽക്കും.

ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ പടവുകൾ കയറിവന്ന സലിംകുമാർ, കേവലം ഒരു കോമഡി നടൻ എന്ന ലേബലിൽ ഒതുങ്ങാൻ വിസമ്മതിച്ച പ്രതിഭയായിരുന്നു. ‘അച്ഛനുറങ്ങാത്ത വീട്’, ‘ആദാമിന്റെ മകൻ അബു’, ‘പെരുമഴക്കാലം’ എന്നീ സിനിമകളിലൂടെ ഇന്ത്യൻ സിനിമയെത്തന്നെ അദ്ദേഹം അത്ഭുതപ്പെടുത്തി. നെടുമുടി വേണുവിനും തിലകനും ഉർവശിക്കും മഞ്ജു വാര്യർക്കും പോലുമുള്ള പ്രഗത്ഭർക്ക് പലപ്പോഴായി നിഷേധിക്കപ്പെട്ട മികച്ച നടനുള്ള ദേശീയ പുരസ്കാരം സലിംകുമാറിനെ തേടിയെത്തിയപ്പോൾ, അത് കാലം കാത്തുവെച്ച ഏറ്റവും വലിയ കാവ്യനീതിയായി മാറി.

മിമിക്രിയുടെ തട്ടകത്തിൽ നിന്ന് കലാജീവിതം ആരംഭിച്ച്, ഹാസ്യവേഷങ്ങൾ ചെയ്യുന്നവരെ നടന്മാരായി പോലും പരിഗണിക്കാൻ മടിയുണ്ടായിരുന്ന ഒരു കെട്ടകാലത്തോടാണ് സലിംകുമാർ പൊരുതിയത്. തനിക്കു പിന്നാലെ സുരാജും ദേശീയ-സംസ്ഥാന തലങ്ങളിൽ ഒരേപോലെ അംഗീകരിക്കപ്പെടുന്ന ഒരു ചരിത്രനിയോഗത്തിന് അടിത്തറയിട്ടത് സലിംകുമാർ എന്ന വ്യക്തിയുടെ അഭിനയത്തികവായിരുന്നു. ചിരിയിൽ പൊതിഞ്ഞ് വലിയ സത്യങ്ങൾ തുറന്നടിക്കാൻ അദ്ദേഹം ഒരിക്കലും ഭയപ്പെട്ടിരുന്നില്ല.

മതത്തിന്റെയോ ജാതിയുടെയോ പേരിൽ മനുഷ്യർ തമ്മിലടിക്കുന്ന ഈ ലോകത്ത്, സലിമിന്റെ നിലപാടുകൾക്ക് കൃത്യമായ ദിശാബോധമുണ്ടായിരുന്നു. ഒരിക്കൽ പേരുകേട്ട് ജാതി തിരിച്ചറിയാൻ കഴിയാത്ത ഒരാൾ മുഖത്തുനോക്കി ജാതി ചോദിച്ചപ്പോൾ സലിം നൽകിയ മറുപടി അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ നേർക്കാഴ്ചയായിരുന്നു. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്. മതമേതായാലും മനുഷ്യൻ നന്നായാൽ മതി. ജാതി ചോദിക്കരുത് ചിന്തിക്കരുത് പറയരുത്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്. ഇപ്പോൾ മനസ്സിലായില്ലേ എന്റെ ജാതി?”

കാലത്തിന്റെ ചില തിരിച്ചടികളെ നോക്കി പരിഹസിക്കാൻ സലിമിന് പ്രത്യേകമൊരു കഴിവുണ്ടായിരുന്നു. ഒരു സിനിമയിലേക്ക് വിളിച്ചുവരുത്തിയ ശേഷം ‘ടൈമിംഗ് ശരിയല്ല’ എന്ന് പറഞ്ഞ് ഇടയ്ക്കുവെച്ച് ഇറക്കിവിട്ട അതേ സംവിധായകൻ ചെയർമാനായ ജൂറിക്കാണ് സലിമിന് തന്റെ ആദ്യത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം പ്രഖ്യാപിക്കേണ്ടി വന്നത്. ‘പച്ചക്കുതിര’യുടെ സെറ്റിലിരുന്ന് അവാർഡ് വാർത്ത കേൾക്കുമ്പോൾ അമ്പരന്ന സലിമിനോട് കാലം കാട്ടിയത് വലിയൊരു നീതിയായിരുന്നു.

“കണ്ടാലൊരു ലുക്കില്ലെന്നേയുള്ളൂ, ഭയങ്കര ബുദ്ധിയാ…” എന്ന ‘മീശമാധവൻ’ സിനിമയിലെ വക്കീൽ കഥാപാത്രത്തിന്റെ ഡയലോഗ് ഇന്നും മലയാളികളുടെ ചുണ്ടുകളിൽ തങ്ങിനിൽക്കുന്നുണ്ട്. എഴുതിയ ആളുടെ ഭാവനയെയും മറികടക്കുന്ന രീതിയിലായിരുന്നു സലിം അത് അവതരിപ്പിച്ചത്. വെറും സിനിമാ ഡയലോഗ് എന്നതിനപ്പുറം വ്യക്തിജീവിതത്തിലും അദ്ദേഹം അങ്ങനെയായിരുന്നു; മഹാരാജാസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദം നേടിയ സലിം, ആഴത്തിലുള്ള വായനയും തനതായ രാഷ്ട്രീയ ചിന്തകളുമുള്ള ഒരു കനത്ത മനുഷ്യനായിരുന്നു.

തന്റെ ജീവിതത്തിൽ കണക്കുകൂട്ടലുകൾ പിഴച്ചത് ഒരു കാര്യത്തിൽ മാത്രമാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ചലച്ചിത്ര സംവിധായകനാകണമെന്ന ആഗ്രഹത്തിൽ രണ്ട് സിനിമകൾ ചെയ്തെങ്കിലും അവ വിചാരിച്ചത്ര ഖ്യാതി നൽകിയില്ല. സത്യൻന്തിക്കാടിന്റെ സിനിമകൾ ഒരേ റൂട്ടിലോടുന്ന ബസ്സാണെന്ന് പണ്ട് പരിഹസിച്ച സലിം, പിന്നീട് സിനിമയിൽ ഒരു സംവിധായകന്റെ ഉത്തരവാദിത്തം എത്രത്തോളമുണ്ടെന്ന് സ്വന്തം അനുഭവം കൊണ്ട് തിരിച്ചറിയുകയായിരുന്നു.

തെറ്റാണെങ്കിലും ശരിയാണെങ്കിലും മനസ്സിൽ തോന്നുന്നത് തുറന്നുപറയാനുള്ള ആർജ്ജവം എക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നു. സ്ഥാനമാനങ്ങളെക്കുറിച്ചുള്ള ആകുലതകളില്ലാതെ, താനൊരു കോൺഗ്രസ്സുകാരനാണെന്നും തന്റെ കുടുംബം ആ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവരാണെന്നും വിളിച്ചുപറയാൻ അദ്ദേഹം മടിച്ചില്ല. ആനുകൂല്യങ്ങൾക്ക് വേണ്ടിയോ ഭയത്തിന്റെ പേരിലോ അദ്ദേഹം ശബ്ദം താഴ്ത്തിയില്ല, ആ സത്യസന്ധതയ്ക്ക് അദ്ദേഹത്തിന്റെ ചിരിയോളം തന്നെ ശുദ്ധിയുണ്ടായിരുന്നു.

ജീവിച്ചിരുന്ന കാലത്ത് സോഷ്യൽ മീഡിയയിലെ ചില ദുഷ്ടബുദ്ധികളാൽ പലവട്ടം ‘കൊല്ലപ്പെട്ട’ ഒരു ചരിത്രവും അദ്ദേഹത്തിനുണ്ട്. സലിംകുമാർ അന്തരിച്ചു എന്ന വ്യാജവാർത്ത കൊടുത്ത്, പിന്നീട് അദ്ദേഹത്തെത്തന്നെ വിളിച്ച് “സത്യത്തിൽ സലിമേട്ടൻ മരിച്ചോ?” എന്ന് ചോദിക്കുന്ന ക്രൂരതയോടും ആ മാസ്റ്റർപീസ് ചിരിയോടെയാണ് അദ്ദേഹം പ്രതികരിച്ചത്. “വന്നു വന്ന് കാലന്റെ റോൾ പോലും ഇവർ ഏറ്റെടുത്തു കഴിഞ്ഞു” എന്നായിരുന്നു സലിമിന്റെ പരിഹാസം.

ഒരു ജനതയെ മുഴുവൻ ചിരിപ്പിച്ച സലിമിനോടുള്ള സ്നേഹം ചിലപ്പോഴൊക്കെ അദ്ദേഹത്തിന് വലിയൊരു ബാധ്യതയായി മാറിയിരുന്നു. മരണവീടുകളിൽ ചെന്നാൽ പോലും ആളുകൾ അദ്ദേഹത്തോട് തമാശ പറയാൻ ആവശ്യപ്പെടുമായിരുന്നു. “ആക്ഷൻ ഹീറോയോട് രണ്ട് ചവിട്ടു തരാൻ ആരും പറയില്ല, വില്ലനോട് റേപ്പ് ചെയ്യാൻ പറയില്ല, പക്ഷെ സലിംകുമാർ ഏതു സമയത്തും ആളുകളെ ചിരിപ്പിച്ചേ പറ്റൂ,” എന്ന് സലിം പറയുമ്പോൾ അതിൽ ഒരു കലാകാരന്റെ നിസ്സഹായതയുടെ നൊമ്പരമുണ്ടായിരുന്നു.

വന്നവഴി ഒട്ടും മറക്കാത്ത അപൂർവ്വം മനുഷ്യരിൽ ഒരാളായിരുന്നു അദ്ദേഹം. ഹാസ്യനടനായി വന്ന് ക്യാരക്ടർ റോളുകളിലേക്ക് മാറിയ പലരും പിന്നീട് കോമഡി ചെയ്യാൻ വിമുഖത കാട്ടിയപ്പോൾ സലിമിന് അത്തരം വേർതിരിവുകൾ ഇല്ലായിരുന്നു. തനിക്ക് ലഭിക്കുന്ന ഏത് വേഷവും പരമാവധി നന്നായി ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.

തന്റെ സമ്പാദ്യത്താൽ പണിതുയർത്തിയ വീടിന് ‘ലാഫിങ് വില്ല’ എന്ന് പേരിട്ടതിന് പിന്നിലും ആ കൃതജ്ഞതയുണ്ടായിരുന്നു. “ചിരിയെ ഒരു അനുഗ്രഹമായി കാണുന്നു. എന്റെ ജീവിതത്തിൽ അമ്മയോടും ചിരിയോടും മാത്രമാണ് എനിക്ക് കടപ്പാടുള്ളത്. ചിരിപ്പിച്ചു കിട്ടിയ കാശുകൊണ്ടാണ് ഈ വീടിന്റെ ഓരോ മണൽത്തരിയും ഞാൻ വാങ്ങിയത്,” എന്ന് പറഞ്ഞ സലിം, സിനിമയിലെ നെഗറ്റീവ് റിവ്യൂകളോട് അസഹിഷ്ണുത കാണിക്കുന്ന പുതുതലമുറ താരങ്ങൾക്ക് എന്നും ഒരു മാതൃകയായിരുന്നു.

മരണത്തെ ഭയക്കാത്ത ഒരു മനസ്സ് സലിമിനുണ്ടായിരുന്നു. മാരകമായ കരൾരോഗം തന്റെ ജീവന് ഭീഷണിയായി വളരുമ്പോഴും അദ്ദേഹം തികച്ചും ശാന്തനായിരുന്നു. അസ്തമയത്തെക്കുറിച്ചുള്ള ചിന്ത മനസ്സിലുള്ളതുകൊണ്ട് താൻ ഒരു ഉറുമ്പിനെപ്പോലും നോവിക്കാറില്ലെന്ന് 55-ാം വയസ്സിൽ അദ്ദേഹം കുറിച്ചു. ഭൂമിയിൽ നിന്ന് ഒരുനാൾ വിടപറഞ്ഞു പോകേണ്ടവൻ മറ്റൊരു ജീവനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിൽ എന്താണ് അർത്ഥമെന്ന അദ്ദേഹത്തിന്റെ ചോദ്യം മലയാളിയുടെ മനസ്സാക്ഷിയെ തൊട്ടുണർത്തുന്നതായിരുന്നു.

സമൂഹത്തിലെ കപടനാട്യങ്ങളെയും മതഭ്രാന്തിനെയും അദ്ദേഹം എപ്പോഴും വിമർശിച്ചു. വർഷങ്ങളോളം പഠിച്ച ഡോക്ടർമാരെ നോക്കുകുത്തിയാക്കി സോഷ്യൽ മീഡിയയിലൂടെ വ്യാജ മരുന്ന് നൽകുന്നവരെയും, ഹോട്ടലുകൾക്ക് ‘രസം’ എന്നും ‘കുഞ്ഞുമോന്റെ അപ്പന്റെ ചായക്കട’ എന്നും പേരിടുന്ന പുതിയ ഫുഡ് വ്ലോഗിങ് സംസ്കാരത്തെയും അദ്ദേഹം തന്റെ തനത് ശൈലിയിൽ പരിഹസിച്ചു. ജാതി എന്നത് ഡിവോഴ്സ് സമയത്ത് സ്വർണ്ണം തിരികെ വാങ്ങാനുള്ള ഒരു തെളിവു പത്രിക മാത്രമായി മാറിയിരിക്കുന്നു എന്ന സലിമിന്റെ നിരീക്ഷണം എത്രയോ മൂർച്ചയുള്ളതായിരുന്നു.

ദൈവവിശ്വാസത്തെയും ഭക്തിയെയും കുറിച്ചുള്ള സലിമിന്റെ കാഴ്ചപ്പാടുകൾ ഏറെ വ്യത്യസ്തമായിരുന്നു. “എനിക്ക് ഈശ്വരവിശ്വാസമില്ല, എന്റെ അച്ഛനും അമ്മയുമാണ് എന്റെ ദൈവങ്ങൾ. ഭാവിയെക്കുറിച്ചുള്ള ആശങ്ക കൂടുമ്പോഴാണ് മനുഷ്യൻ ദൈവങ്ങളെ തേടുന്നത്, അതിലും നല്ലത് സ്വന്തം അമ്മയെ ആശ്രയിക്കുന്നതാണ്,” എന്ന് സലിം പറഞ്ഞു. തനിക്കുവേണ്ടി ജീവിച്ചു മരിച്ച അമ്മയോടും, തനിക്കുവേണ്ടി മരിച്ചു ജീവിക്കുന്ന ഭാര്യയോടും മാത്രമാണ് തനിക്ക് കടപ്പാടെന്ന് അദ്ദേഹം എപ്പോഴും ഓർത്തു.

ഇപ്പോൾ, ആരും കൂടെയില്ലാത്ത, ചിരികളില്ലാത്ത ഏകാന്തമായ ഒരു ലോകത്തേക്ക് സലിംകുമാർ യാത്രയായിരിക്കുന്നു. രോഗശയ്യയുടെ കഠിനമായ നാളുകളിൽ, എല്ലാവരും കൈവിട്ട നിമിഷത്തിൽ മാതാ അമൃതാനന്ദമയി അദ്ദേഹത്തോട് പറഞ്ഞ, “വിഷമിക്കണ്ട… ധൈര്യമായി പോകൂ… ഞാനുണ്ട് കൂടെ…” എന്ന വാക്കുകളായിരുന്നു ഒടുവിൽ അദ്ദേഹത്തിന്റെ കരുത്ത്. ഈ ഭൂമിയിൽ ഒരു മനുഷ്യന് കേൾക്കാവുന്ന ഏറ്റവും വലിയ ആ വാക്കിന്റെ ആശ്വാസത്തിൽ, തന്റെ പ്രിയപ്പെട്ട കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ത്രിവർണ്ണ പതാകയും പുതച്ച് ആ വലിയ മനുഷ്യൻ വിടവാങ്ങുമ്പോൾ, മലയാളക്കരയുടെ കണ്ണീരിന് ആഴമേറുന്നു. പ്രിയപ്പെട്ട സലിമേട്ടാ… വിട!

Leave a Reply

Your email address will not be published. Required fields are marked *