ഹോസ്റ്റലിൽ മിന്നൽ സന്ദർശനം നടത്തി മുഖ്യമന്ത്രി; 

ചെന്നൈ സൈദാപ്പേട്ടിലെ എം.സി. രാജ ആദി ദ്രാവിഡർ ഹോസ്റ്റലിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നടത്തിയ അപ്രതീക്ഷിത മിന്നൽ പരിശോധന ഹോസ്റ്റലിലെ ദയനീയാവസ്ഥ വെളിച്ചത്തുകൊണ്ടുവന്നു. മുഖ്യമന്ത്രിയെ നേരിൽ കണ്ടതോടെ വിദ്യാർഥികൾ തങ്ങൾ നേരിടുന്ന ദുരനുഭവങ്ങളുടെ നീണ്ട നിരയാണ് നിരത്തിയത്.

ചോറിൽ നിന്ന് പുഴുക്കളെ ലഭിക്കുന്നത് പതിവാണെന്നും ഭക്ഷണത്തിന് ഒട്ടും ഗുണമേന്മയില്ലെന്നും വിദ്യാർഥികൾ പരാതിപ്പെട്ടു. കഴിഞ്ഞ വർഷം സമരം ചെയ്തപ്പോൾ നല്ല ഭക്ഷണം ലഭിച്ചിരുന്നുവെങ്കിലും പിന്നീട് സ്ഥിതി വീണ്ടും പഴയപടിയായി. അടുക്കളയിൽ ജോലി ചെയ്യുന്നവർ ഗ്ലൗസോ തൊപ്പിയോ ധരിക്കാറില്ലെന്നും ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. ഹോസ്റ്റലിലെ കുളിമുറികൾ വൃത്തിഹീനമാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ജലക്ഷാമവും ഹോസ്റ്റലിലെ ജീവിതം ദുഷ്കരമാക്കുന്നു. ഹോസ്റ്റലിൽ സിസിടിവി ക്യാമറകൾ കുറവാണെന്നും, വളപ്പിൽ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്നും പരാതിയുണ്ട്.രാത്രി 9.30-ന് ഗേറ്റ് അടയ്ക്കുന്നത് മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് വലിയ വെല്ലുവിളിയാണ്. വൈകി എത്തുന്നവർക്ക് പുറത്ത് പാർക്കുകളിൽ ഉറങ്ങേണ്ടി വരുന്ന അവസ്ഥയാണുള്ളത്.

പി.എസ്.സി, യു.പി.എസ്.സി പരീക്ഷകൾക്കായി കഠിനമായി പരിശ്രമിക്കുന്ന വിദ്യാർഥികൾക്ക് പോലും ഹോസ്റ്റലിലെ മോശം അന്തരീക്ഷം വലിയ തടസ്സമാകുന്നുവെന്ന് വിദ്യാർഥികൾ ബോധിപ്പിച്ചു. സന്ദർശന വേളയിൽ ഉയർന്ന പരാതികൾ ഗൗരവത്തോടെ കാണുമെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാമെന്നും മുഖ്യമന്ത്രി വിദ്യാർഥികൾക്ക് ഉറപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *