കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുകയായിരുന്ന പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനെത്തുടർന്ന് സമരപ്പന്തലിൽ സിജെപി പ്രവർത്തകരും പൊലീസും തമ്മിൽ കടുത്ത സംഘർഷമുണ്ടായി. വാങ്ചുക്കിന്റെ ആരോഗ്യനില മോശമായതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് പൊലീസിന്റെ ഔദ്യോഗിക വിശദീകരണം. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സ്ഥലത്തില്ലാതിരുന്ന സമയം നോക്കിയായിരുന്നു പൊലീസിന്റെ അപ്രതീക്ഷിത നീക്കം. ദീപ്കെ നിലവിൽ വീട്ടുതടങ്കലിലാണെന്ന് സിജെപി പ്രവർത്തകർ ആരോപിച്ചു.
സർക്കാർ നിയോഗിച്ച ഡോക്ടർമാരുടെ സംഘം സോനം വാങ്ചുക്കിനെ പരിശോധിക്കാനിരിക്കെയാണ് പൊലീസും കേന്ദ്രസേനയും സമരപ്പന്തലിലേക്ക് ഇരച്ചുകയറിയത്. കടുത്ത പ്രതിഷേധം ഉയർത്തിയ പ്രവർത്തകരെ മാറ്റിയ ശേഷം, വെള്ള ബെഡ്ഷീറ്റ് കൊണ്ട് മൂടിയാണ് സോനത്തെ പൊലീസ് വാഹനത്തിലേക്ക് മാറ്റിയത്. നിരാഹാര സമരം 21-ാം ദിവസത്തിലേക്ക് കടന്നതോടെ സോനത്തിന്റെ ആരോഗ്യനില അതീവ വഷളായിരുന്നു. 20 ദിവസം കൊണ്ട് അദ്ദേഹത്തിന്റെ ശരീരഭാരം 9.5 കിലോയോളമാണ് കുറഞ്ഞത്. പൂർണ്ണമായും സമാധാനപരമായി നടന്ന സമരത്തെ പൊലീസ് മനഃപൂർവ്വം സംഘർഷത്തിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തി.കഴിഞ്ഞ ദിവസം രാത്രി സമരപ്പന്തലിൽ വെച്ച് സോനം വാങ്ചുക്കിന് നേരെ ചില അജ്ഞാതർ വസ്തുക്കൾ വലിച്ചെറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതായി അഭിജീത് ദീപ്കെ വെളിപ്പെടുത്തിയിരുന്നു. ആക്രമണത്തിൽ വാങ്ചുക്ക് പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. സമരസ്ഥലത്ത് ബോധപൂർവ്വം അസ്വസ്ഥതകൾ സൃഷ്ടിക്കാൻ ചിലർ ശ്രമിച്ചിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും ദീപ്കെ ആരോപിച്ചിരുന്നു. ജൂൺ 20-നാണ് വിദ്യാഭ്യാസ മന്ത്രിക്കെതിരെ സിജെപി ജന്തർ മന്തറിൽ സമരം തുടങ്ങിയത്. ജൂൺ 27 മുതൽ സോനം വാങ്ചുക്കും നിരാഹാരവുമായി സമരപ്പന്തലിലെത്തി. സിജെപിയുടെ സമരം 27-ാം ദിവസവും വാങ്ചുക്കിന്റെ നിരാഹാരം 21-ാം ദിവസവും പിന്നിടുന്നതിനിടയിലാണ് പൊലീസിന്റെ ഈ നാടകീയ നീക്കം. കോൺഗ്രസ് നേതാവ് ശശി തരൂർ, സിപിഐഎം, സിപിഐ നേതാക്കൾ ഉൾപ്പെടെ പ്രമുഖ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.
