ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് സർക്കാർ

സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയിൽ കനത്ത നാശനഷ്ടങ്ങളും മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർമാർ എന്നിവരുമായി സംസാരിച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ കളക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാനും പുനരധിവാസം വേഗത്തിലാക്കാനും എൻ.ഡി.ആർ.എഫ്, പോലീസ് സേനകളെ സജ്ജമാക്കാനും സർക്കാർ തീരുമാനിച്ചു.

ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മഴ കനത്ത നാശം വിതച്ചിരിക്കുന്നത്. ഇടുക്കിയിലെ അടൂർമല, പയ്യാനിത്തോട്ടം, കോലാഹലമേട് എന്നിവിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലുമാണ് മൂന്ന് പേർ മരിച്ചത്. പത്തനംതിട്ട റാന്നിയിൽ റോഡുകളെല്ലാം വെള്ളത്തിലാവുകയും പമ്പയാറ്റിൽ ജലനിരപ്പ് ഉയരുകയും ചെയ്തതോടെ ആളുകളെ ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. തൂമ്പാക്കുളത്ത് ഉരുൾപൊട്ടുകയും അരയാഞ്ഞിലിമണ്ണ് കോസ്‌വേ മുങ്ങി 400-ഓളം കുടുംബങ്ങൾ ഒറ്റപ്പെടുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *