രാത്രികാലങ്ങളിൽ അമിത ശബ്ദമുണ്ടാക്കിയും അഭ്യാസപ്രകടനങ്ങൾ നടത്തിയും ഭീതി സൃഷ്ടിച്ച ബൈക്ക് യാത്രക്കാർക്കെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു. ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തിൽ നടന്ന അർദ്ധരാത്രി മിന്നൽ പരിശോധനയിൽ നിരവധി വാഹനങ്ങൾ പിടിച്ചെടുക്കുകയും 2.20 ലക്ഷം രൂപയിലധികം പിഴ ചുമത്തുകയും ചെയ്തു. അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞ് ജൂലൈ 31-ന് രാത്രി ആരംഭിച്ച റെയ്ഡ് പുലർച്ചെ 5 മണി വരെ നീണ്ടുനിന്നു.
കലൂർ സ്റ്റേഡിയം ലിങ്ക് റോഡ്, ചാത്യാത്ത്, ക്വീൻസ് വാക്ക്, മറൈൻ ഡ്രൈവ്, കടവന്ത്ര, പനമ്പിള്ളി നഗർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലായിരുന്നു പരിശോധന. പരിശോധനയ്ക്ക് വിധേയമാക്കിയ 80-ഓളം വാഹനങ്ങളിൽ 35 എണ്ണത്തിലും ശബ്ദമലിനീകരണമുണ്ടാക്കുന്ന രീതിയിൽ രൂപമാറ്റം വരുത്തിയ സൈലൻസറുകളാണ് ഘടിപ്പിച്ചിരുന്നത്. 20 വാഹനങ്ങളിൽ അപകടകരമായ രീതിയിലുള്ള മറ്റ് ഗുരുതര നിയമലംഘനങ്ങളും കണ്ടെത്തി. നിയമലംഘകർക്കെതിരെ ഇ-ചെല്ലാൻ വഴി ആകെ 2,20,500 രൂപ പിഴ ചുമത്തി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ബിജു ഐസക് അറിയിച്ചു.
