അഭിജിത് ദീപ്‌കെയുടെ പിതാവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ

സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയുടെ പിതാവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകൻ രംഗത്ത്. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരനായ അദ്ദേഹം തന്റെ മകന്റെ വിദേശ വിദ്യാഭ്യാസത്തിനായി എങ്ങനെ പണം കണ്ടെത്തിയെന്ന കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് സൂറത്തില്‍ നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകനായ അമിത് തിവാരി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനുപുറമെ, സിജെപി പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസെടുത്ത കേസില്‍ മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപില്‍ സിബല്‍ പ്രഖ്യാപിച്ച 1 കോടി രൂപയുടെ നിയമ പ്രതിരോധ ഫണ്ടിന്റെ വിനിയോഗത്തെക്കുറിച്ചും പരിശോധിക്കണമെന്ന് തിവാരി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനും ആദായ നികുതി അധികൃതര്‍ക്കും കത്തയച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരത്തില്‍ ഫണ്ട് സ്വീകരിക്കാന്‍ ചട്ടപ്രകാരം കഴിയുമോ എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.കോക്രോച്ച് ജനതാ പാര്‍ട്ടി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാത്ത ഒരു പ്രസ്ഥാനമാണ്. എങ്കിലും ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. 1 കോടി രൂപ നിയമ പ്രതിരോധ ഫണ്ടായി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കില്‍, 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 29എ പ്രകാരം സിജെപി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്,’ തിവാരി വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ പ്രവര്‍ത്തിക്കുന്നതും ഫണ്ട് സ്വീകരിക്കുന്നതും നിയമപരമാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ, കപില്‍ സിബല്‍ വാഗ്ദാനം ചെയ്ത നിയമ പ്രതിരോധ ഫണ്ടിലേക്ക് ജി.എസ്.ടി ബാധകമാകുമോ എന്ന് പരിശോധിക്കാന്‍ കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡിനെയും അമിത് തിവാരി സമീപിച്ചിട്ടുണ്ട്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തെത്തുടര്‍ന്ന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിഷേധക്കാര്‍ക്ക് നിയമസഹായം നല്‍കുന്നതിനായി സിജെപി രൂപീകരിച്ച ഫണ്ടിലേക്ക് 1 കോടി രൂപ സംഭാവന നല്‍കുമെന്ന് കപില്‍ സിബല്‍ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *