ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പേമാരിയും പ്രളയവും രൂക്ഷമായി തുടരുന്നു. അസം, ഒഡീഷ ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴക്കെടുതിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 82 പേർ മഴക്കെടുതികളിൽ ജീവൻ വെടിഞ്ഞു. അസമിലെ 14 ജില്ലകൾ പൂർണ്ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. വീടുകൾ, കടകൾ, സ്കൂളുകൾ എന്നിവയെല്ലാം വെള്ളത്തിൽ മുങ്ങിയിരിക്കുന്നു. ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള പ്രധാന നദികൾ അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. സംസ്ഥാനത്ത് ലക്ഷക്കണക്കിന് ആളുകൾ ദുരിതത്തിലാണെന്നും കരസേനയും ദുരന്തനിവാരണ സേനയും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണെന്നും അസം ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഒഡീഷയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദമാണ് ഒഡീഷയിൽ കനത്ത മഴയ്ക്ക് കാരണം. ഹിരാക്കുഡ് അണക്കെട്ടിന്റെ 22 ഗേറ്റുകൾ തുറന്നത് താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്ക ഭീഷണി കൂടുതൽ വഷളാക്കി. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഹിമാചലിൽ മണ്ണിടിച്ചിലിനെ തുടർന്ന് നാഷണൽ ഹൈവേ ഉൾപ്പെടെ 102 റോഡുകൾ അടച്ചിട്ടു. മേഘാലയ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴ തുടരുകയാണ്.
