ഗുസ്തി താരങ്ങളുടെ പരാതിയിൽ മുൻ റെസ്ലിങ് ഫെഡറേഷൻ മേധാവി ബ്രിജ് ഭൂഷൺ ശരണിനെ ഡൽഹി വിചാരണ കോടതി കുറ്റവിമുക്തനാക്കി. ഒരു വർഷത്തോളം നീണ്ട അടച്ചിട്ട മുറിയിലെ വിചാരണയ്ക്കൊടുവിലാണ് കോടതിയുടെ സുപ്രധാന വിധി. കേസിലെ കൂട്ടുപ്രതിയും ഡബ്ല്യു.എഫ്.ഐ മുൻ അസിസ്റ്റന്റ് സെക്രട്ടറിയുമായ വിനോദ് തോമറിനെയും കോടതി വെറുതെവിട്ടു.
വനിതാ ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം, പിന്തുടർന്ന് ശല്യം ചെയ്യൽ, ക്രിമിനൽ ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ പരാതിയിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പിന്നീട് ആ പരാതി പിൻവലിക്കപ്പെട്ടിരുന്നു.2016-നും 2019-നും ഇടയിൽ ഡബ്ല്യു.എഫ്.ഐ ഓഫീസിലും ബ്രിജ് ഭൂഷന്റെ ഔദ്യോഗിക വസതിയിലും വിദേശയാത്രകൾക്കിടയിലും ലൈംഗികാതിക്രമങ്ങൾ നടന്നുവെന്നായിരുന്നു പ്രധാന ആരോപണം. കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് വേണ്ടി സീനിയർ അഡ്വ. റെബേക്ക ജോണും, ബ്രിജ് ഭൂഷൺ സിങിന് വേണ്ടി അഡ്വ. രാജീവ് മോഹനും കോടതിയിൽ ഹാജരായി.
