നിയമസഭയിൽ അന്ന് നടന്നത്… വിചാരണ തുടങ്ങുന്നു!

നമ്മൾ മലയാളികൾ ആരും അത്ര പെട്ടെന്ന് മറക്കാൻ സാധ്യതയില്ലാത്ത ഒരു ദൃശ്യമുണ്ട്… 2015 മാർച്ച് 13-ന് കേരള നിയമസഭയ്ക്കുള്ളിൽ നടന്ന ആ അവിശ്വസനീയമായ സംഭവങ്ങൾ! അന്നത്തെ ധനമന്ത്രി കെ.എം. മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത് തടയാൻ അന്നത്തെ പ്രതിപക്ഷം നടത്തിയ പ്രതിഷേധവും, തുടർന്ന് സഭയിലുണ്ടായ വൻ കയ്യാങ്കളിയും നമ്മൾ കണ്ടതാണ്. സ്പീക്കറുടെ ഡയസിലേക്ക് എം.എൽ.എമാർ ഇരച്ചുകയറുന്നു… ,വാച്ച് AND വാർഡുമായി ഉന്തും തള്ളും… സ്പീക്കറുടെ കസേര എടുത്ത് പുറത്തേക്ക് എറിയുന്നു, മൈക്കും ഇലക്ട്രോണിക് പാനലുകളും അടിച്ചു തകർക്കുന്നു… ചില എം.എൽ.എമാർ മേശപ്പുറത്ത് കയറി മുണ്ടുമടക്കിക്കുത്തി താണ്ഡവമാടുന്നു! കേരളം മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികൾ വളരെ ഞെട്ടലോടെയും നാണക്കേടോടെയുമാണ് അന്ന് ആ ദൃശ്യങ്ങൾ കണ്ടത്. ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് നമ്മൾ വിളിക്കുന്ന ആ നിയമസഭയിലായിരുന്നു ഇതെല്ലാം സംഭവിച്ചത്.

ഇപ്പോ ഏതാണ്ട് 11 വർഷങ്ങൾക്ക് ശേഷം, ഈ കേസിൽ വളരെ നിർണ്ണായകമായ ഒരു വഴിത്തിരിവ് വന്നിരിക്കുകയാണ്. സംഭവം നടന്ന് 11 വർഷത്തിന് ശേഷം ഈ വരുന്ന നവംബർ 3-ന് കേസിന്റെ വിചാരണ ആരംഭിക്കുകയാണ്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് വിചാരണ നടക്കുന്നത്. അന്നത്തെ നിയമസഭാ സെക്രട്ടറിയായിരുന്ന ശശിധരനെയാണ് നവംബർ 3-ന് കോടതി ആദ്യ സാക്ഷിയായി വിസ്തരിക്കുന്നത്.
ഈ കേസിൽ ആകെ 6 ജനപ്രതിനിധികളാണ് പ്രതിപ്പട്ടികയിലുള്ളത്. വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്ത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് ആ പ്രതികൾ. ഇതിൽ ശിവൻകുട്ടിയും ജലീലുമൊക്കെ പിന്നീട് മന്ത്രിമാരൊക്കെ ആയി മാറിയെങ്കിലും, സംഭവം നടക്കുമ്പോൾ ഇവരെല്ലാം അന്നത്തെ പ്രതിപക്ഷ എം.എൽ.എമാരായിരുന്നു.
നിയമസഭയിലെ ഏതാണ്ട് 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചു എന്നാണ് കേസ്. സ്പീക്കറുടെ കസേര, മൈക്കുകൾ, പാനലുകൾ അങ്ങനെ സഭയിലെ പ്രധാന സിസ്റ്റംസ് ഒക്കെ അടിച്ചുതകർത്തു. പക്ഷെ, ഈ കേസ് ചാർജ്ജ് ചെയ്തപ്പോൾ പൊലീസും ക്രൈംബ്രാഞ്ചും ചുമത്തിയ വകുപ്പുകൾ കേട്ടാൽ നിങ്ങൾ അത്ഭുതപ്പെടും!
നിലവിൽ കോടതിയിലുള്ള ചാർജ്ജ് ഷീറ്റിൽ പ്രധാനമായും മൂന്ന് വകുപ്പുകളാണ് ഉള്ളത്. ഒന്ന് ക്രിമിനൽ ട്രെസ്പാസ്, അതായത് അനാവശ്യമായി അതിക്രമിച്ചു കയറിയതിനായുള്ള ഐ.പി.സി 447. രണ്ടാമത്തേത് സ്വത്ത് നശിപ്പിച്ചതിനായുള്ള ഐ.പി.സി 427. മൂന്നാമത്തേത് പബ്ലിക് പ്രോപ്പർട്ടി ഡാമേജ് ആക്ടിലെ സെക്ഷൻ 3(1). ഇതിൽ PDPP Act അനുസരിച്ച് പരമാവധി 5 വർഷം വരെ തടവ് ലഭിക്കാം.
പക്ഷെ ഇവിടെയാണ് വലിയൊരു നിയമപരമായ പോരായ്മ വരുന്നത്. ഒന്നാമതായി, ‘ഹൗസ് ട്രെസ്പാസ്’ അല്ലെങ്കിൽ സഭക്കുള്ളിൽ അക്രമ ഉദ്ദേശ്യത്തോടെ കയറി ആക്രമണം നടത്തൽ സംബന്ധിച്ച ഐ.പി.സി 452 വകുപ്പ് ഇതിൽ ഇട്ടിട്ടില്ല! ക്രൈംബ്രാഞ്ച് 81 ദിവസമെടുത്ത് അന്വേഷണം നടത്തിയിട്ടും എന്തുകൊണ്ട് ഈ വകുപ്പുകൾ വന്നില്ല എന്ന ചോദ്യം ഉയരുന്നുണ്ട്. രണ്ടാമതായി, അന്നത്തെ ആ കയ്യാങ്കളിയിൽ കുറേ എം.എൽ.എമാർക്ക് പരിക്കേറ്റിരുന്നു. ഉന്തും തള്ളും അടിപിടിയുമൊക്കെ നമ്മൾ തത്സമയം കണ്ടതുമാണ്. പക്ഷെ, ക്രിമിനൽ അസൾട്ട് അല്ലെങ്കിൽ ബോധപൂർവ്വം പരിക്കേൽപ്പിക്കൽ സംബന്ധിച്ച ശക്തമായ വകുപ്പുകൾ ഒന്നും ഈ ചാർജ് ഷീറ്റിൽ ഇല്ല! എന്നാൽ വിചാരണ വേളയിൽ സാക്ഷിമൊഴികളും തെളിവുകളും വരുമ്പോൾ കോടതിക്ക് വേണമെങ്കിൽ ഈ ചാർജ് അമെൻഡ് ചെയ്ത് കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർക്കാവുന്നതാണ്.
ഇനി ഈ കേസിന്റെ മറ്റൊരു വശം എന്താണെന്ന് വെച്ചാൽ, 2016-ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഈ കേസ് പിൻവലിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് വലിയ ശ്രമങ്ങൾ നടന്നു. നിയമസഭയ്ക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾക്ക് എം.എൽ.എമാർക്ക് സഭാ വിശേഷാധികാരം ഉണ്ടെന്നായിരുന്നു സർക്കാരിന്റെ വാദം.
ആദ്യം സി.ജെ.എം കോടതിയെ സമീപിച്ചു… കേസ് പിൻവലിക്കാൻ അനുവദിക്കണം എന്ന് പറഞ്ഞ്. എന്നാൽ കോടതി അത് തള്ളി! പിന്നീട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും പറഞ്ഞു: “സഭയ്ക്കുള്ളിൽ പൊതുമുതൽ നശിപ്പിക്കുന്നത് സഭാ വിശേഷാധികാരത്തിന്റെ പരിധിയിൽ വരില്ല!” ഒടുവിൽ 2021-ൽ സർക്കാർ ഈ വിഷയവുമായി സുപ്രീം കോടതി വരെ പോയി. പക്ഷെ സുപ്രീം കോടതിയിൽ നിന്നും സർക്കാരിന് കിട്ടിയത് വലിയ തിരിച്ചടിയായിരുന്നു. “സഭയ്ക്കുള്ളിൽ വാതിൽ തകർക്കുന്നതും കസേര എറിയുന്നതും മൈക്ക് അടിച്ചുതകർക്കുന്നതും വിശേഷാധികാരമല്ല, അത് ക്രിമിനൽ കുറ്റമാണ്. പൊതുമുതൽ നശിപ്പിച്ചവർ വിചാരണ നേരിടുക തന്നെ വേണം!” എന്നാണ് സുപ്രീം കോടതി കർശനമായി പറഞ്ഞത്.
അങ്ങനെ എല്ലാ വഴികളും അടഞ്ഞതുകൊണ്ടാണ് നീണ്ട 11 വർഷങ്ങൾക്ക് ശേഷം ഇപ്പോഴെങ്കിലും വിചാരണയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നത്.
സത്യത്തിൽ ഈ ഒരു കേസ് കേവലം 6 എം.എൽ.എമാരുടെ വിചാരണ മാത്രമല്ല, ഇത് നമ്മുടെ ജനാധിപത്യ വ്യവസ്ഥയ്ക്ക് തന്നെ ഒരു വലിയ സന്ദേശമാണ്. നമ്മൾ വോട്ട് ചെയ്ത് ജയിപ്പിച്ച് വിടുന്ന ജനപ്രതിനിധികൾ സാധാരണക്കാർക്ക് മാതൃകയാകേണ്ടവരാണ്. പ്രതിഷേധിക്കാം, ബഹളം വെക്കാം, വോക്കൗട്ട് നടത്താം… അതൊക്കെ ജനാധിപത്യപരമായ അവകാശങ്ങളാണ്. പക്ഷെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഉണ്ടാക്കിയ പൊതുമുതൽ തല്ലിത്തകർക്കുക എന്നത് ഏത് പാർട്ടിയുടെ ആളുകൾ ചെയ്താലും അംഗീകരിക്കാൻ കഴിയില്ല.
നവംബർ 3-ന് വിചാരണ തുടങ്ങുമ്പോൾ കോടതി എന്ത് തീരുമാനമെടുക്കും, ഏതെല്ലാം വകുപ്പുകൾ കൂട്ടിച്ചേർക്കപ്പെടും എന്നതൊക്കെ ഇനി നമ്മൾ കണ്ടറിയണം. മാതൃകാപരമായ ഒരു ശിക്ഷ തന്നെ കോടതിയിൽ നിന്ന് ഉണ്ടാകുമെന്നാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *