കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിനെ (കിഫ്ബി) ദുർബലപ്പെടുത്തുകയും സാധാരണ ബജറ്റ് വിഹിതത്തിലൂടെ മാത്രം വികസന പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് കേരളത്തെ കാൽനൂറ്റാണ്ട് പിറകിലേക്ക് കൊണ്ടുപോകുമെന്ന് ടി.എം. തോമസ് ഐസക്. സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബിക്ക് ബാധ്യതകളുണ്ടെങ്കിലും അതിന് തുല്യമായ വൻ പൊതുആസ്തികൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും ഭാവി വികസനത്തിനായി വരുത്തിയ ഈ ബാധ്യതകളെക്കുറിച്ച് മാത്രം സംസാരിച്ച് ആസ്തികളെ അവഗണിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റ് വിഹിതം വഴി മാത്രം ഇത്തരം അടിസ്ഥാന സൗകര്യ വികസനങ്ങൾ നടപ്പിലാക്കുകയാണെങ്കിൽ അതിന് കുറഞ്ഞത് 30 വർഷമെങ്കിലും വേണ്ടിവരുമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി യോഗം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. കിഫ്ബിയെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാക്കി അഴിമതിക്ക് വഴിയൊരുക്കാനാണ് ശ്രമം നടക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. മദ്യം, പെട്രോൾ, വാഹന നികുതി എന്നിവയിൽ നിന്നുള്ള വരുമാനം അടിസ്ഥാന സൗകര്യ വികസനത്തിനായി തിരിച്ചുവിട്ടുകൊണ്ട് കേരളത്തിന് അധിക വിഭവ സമാഹരണം സാധ്യമാക്കാൻ കിഫ്ബി സഹായിച്ചിട്ടുണ്ടെന്ന് വിജയരാഘവൻ പറഞ്ഞു. അതേസമയം, മുന്നണി നേതാക്കൾക്കും കുടുംബത്തിനുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വീകരിക്കുന്ന നടപടികൾ രാഷ്ട്രീയ വേട്ടയാടലാണെന്ന് യോഗത്തിൽ വിമർശനമുയർന്നു. ആരെയും ശിക്ഷിക്കാനല്ല, മറിച്ച് ഉപദ്രവിക്കാനാണ് ഇഡി ലക്ഷ്യമിടുന്നതെന്നും, ‘ഇഡി’ എന്നാൽ ‘ഇലക്ഷൻ ഡ്യൂട്ടി’ മാത്രമാണെന്നും തോമസ് ഐസക് പരിഹസിച്ചു.
