കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പും 10 ജില്ലകളിൽ അവധിയും

കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും ജാഗ്രത തുടരുന്നതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 26 പേർ മരണപ്പെടുകയും നാല് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. വിവിധ ജില്ലകളിലായി തുറന്ന 418 ദുരിതാശ്വാസ ക്യാമ്പുകളിൽ 18,434 പേരെയാണ് നിലവിൽ പാർപ്പിച്ചിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയും അതിശക്തമായ മഴയും തുടരുന്ന പശ്ചാത്തലത്തിൽ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഒൻപത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 115.6 മിമി മുതൽ 204.4 മിമി വരെ മഴ ലഭിച്ചേക്കാവുന്ന രീതിയിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇതിനിടയിൽ സംസ്ഥാനത്തെ തീരദേശങ്ങളിൽ ‘കള്ളക്കടൽ’ പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾ വരുമെന്നുള്ള മുന്നറിയിപ്പും പുറത്തു വന്നിട്ടുണ്ട്.ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാവിലെ 5.30 മുതൽ നാളെ (വ്യാഴം) രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കൂടാതെ വ്യാഴാഴ്ച ഉച്ചയ്ക്ക് 02.30 വരെ കന്യാകുമാരി തീരത്ത് 1.2 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിനും സാധ്യത കൽപ്പിക്കുന്നു.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് പൂർണ്ണമായി ഒഴിവാക്കണമെന്നും മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം സംസ്ഥാനത്ത് തുടരുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *