സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജനജീവിതം സ്തംഭിപ്പിച്ച് കനത്ത നാശനഷ്ടങ്ങൾ. ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയുമായി കേരളത്തിലെ മിക്ക ജില്ലകളിലും കനത്ത മഴയാണ് ലഭിച്ചത്. കോട്ടയത്ത് രാത്രി മുഴുവൻ നീണ്ടുനിന്ന മഴയെത്തുടർന്ന് മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മിന്നൽ പ്രളയ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുള്ള പത്തനംതിട്ടയിലും മഴ ശക്തമായി തുടരുന്നതിനാൽ പമ്പ നദിയിൽ ജലം ക്രമാതീതമായി ഉയരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ പമ്പ നദിയിലെ മൂഴിയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാം തുറക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ഉണ്ടാകും.
പുലർച്ചെ നാല് മണിക്ക് പുറപ്പെടുവിച്ച കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ 7 ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകൾക്കും നേരത്തെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഓറഞ്ച് അലർട്ട് ബാധകമായ ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.മഴക്കെടുതികളിൽ ഇതുവരെ ആകെ 15 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക കണക്കുകൾ പ്രകാരം 11 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനിടയിൽ തിരുവനന്തപുരത്തും കൊല്ലത്തുമായി കടലിൽ വള്ളം മറിഞ്ഞ് കാണാതായ 4 മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇപ്പോഴും ഊർജിതമായി തുടരുകയാണ്. മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതശ്വാസ നടപടികളും പുരോഗമിക്കുകയാണ്.
പ്രകൃതിക്ഷോഭത്തിന്റെ ഈ പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. നദീതീരങ്ങളിൽ താമസിക്കുന്നവരും മലയോര മേഖലകളിലേക്ക് യാത്ര ചെയ്യുന്നവരും ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിക്കുന്നു.
