ചരിത്രത്തിലാദ്യം, സിപിഎമ്മിനെ പ്രതിയാക്കി ഇഡി!

കേരളത്തിൽ ഇപ്പോൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അഥവാ ഇഡിക്ക് നല്ല ചാകരയാണെന്ന് പറയേണ്ടി വരും. എവിടെ നോക്കിയാലും ഇഡി റൈഡുകളും ചോദ്യം ചെയ്യലുകളുമാണ് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. തിരുവനന്തപുരത്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട് 12 പ്രമുഖ ഇടങ്ങളിൽ ഇഡി അതിശക്തമായ റൈഡ് നടത്തിയത് നമ്മൾ കഴിഞ്ഞ ദിവസങ്ങളിൽ തത്സമയം കണ്ടതാണ്. അതിന്റെ ചൂടാറും മുൻപേ ദാ ഇപ്പോൾ കേരള രാഷ്ട്രീയത്തെയും ഇവിടുത്തെ ശക്തമായ സഹകരണ മേഖലയെയും അടിമുടി ഉലച്ചുകളഞ്ഞ ഒരു വാർത്തയാണ് പുറത്തുവരുന്നത്. കരുവന്നൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് തട്ടിപ്പ് കേസിൽ ഇതുവരെ ഉണ്ടാകാത്ത വിധം അതീവ നിർണായകമായ ഒരു വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.
​കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭരണകൂടം പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും വേട്ടയാടുന്നു എന്ന ആരോപണം നമ്മൾ കേരളത്തിൽ നിരവധി തവണ കേട്ടിട്ടുള്ളതാണ്. പല പ്രമുഖ നേതാക്കളെയും ഇഡിയും സിബിഐയുമൊക്കെ പല കേസുകളിലായി ചോദ്യം ചെയ്യുന്നതും അറസ്റ്റ് ചെയ്യുന്നതുമൊക്കെ നമ്മുടെ നാട്ടിൽ പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. എന്നാൽ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നേവരെ ഒരു രാഷ്ട്രീയ പാർട്ടി പോലും ഒരു ഇഡി കേസിൽ നേരിട്ട് പ്രതിയായി ചേർക്കപ്പെട്ടിട്ടില്ല. ആ ചരിത്രമാണ് ഇപ്പോൾ കേരളത്തിൽ തിരുത്തിക്കുറിക്കപ്പെട്ടിരിക്കുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വ്യക്തികളെ മാത്രമല്ല, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) അഥവാ സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയെ തന്നെ ഇഡി ഇപ്പോൾ ഔദ്യോഗികമായി പ്രതിപ്പട്ടികയിൽ ചേർത്തിരിക്കുകയാണ്. ഒരു ഭരണകക്ഷി പാർട്ടിയെ സാമ്പത്തിക തട്ടിപ്പ് കേസിൽ കേന്ദ്ര ഏജൻസി പ്രതിയാക്കുന്നത് നമ്മുടെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഭവങ്ങളിലൊന്നാണ്.

​കൊച്ചി (PMLA) കോടതിയിൽ ഇഡി സമർപ്പിച്ച പുതിയ കുറ്റപത്രത്തിൽ സിപിഎം എന്ന പാർട്ടിയുൾപ്പെടെ ആകെ 28 പ്രതികളാണുള്ളത്. ഇതിൽ തൃശ്ശൂരിലെ പ്രമുഖ സിപിഎം നേതാക്കളായ കെ. രാധാകൃഷ്ണൻ എംപി, എ.സി. മൊയ്തീൻ എംഎൽഎ, മുൻ ജില്ലാ സെക്രട്ടറി വർഗീസ് എന്നിവരടങ്ങുന്ന 28 പ്രതികളും ഈ കേസിൽ വിചാരണ നേരിടണമെന്നാണ് കോടതി വ്യക്തമാക്കുന്നത്. വരും ദിവസങ്ങളിൽ, അതായത് കൃത്യമായി പറഞ്ഞാൽ ജൂലൈ നാലിന് ഈ 28 പ്രതികളും കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് ജസ്റ്റിസ് ഉത്തരവിട്ടിരിക്കുന്നത്.
​ഇവിടെ നമ്മൾ കൃത്യമായി പരിശോധിക്കേണ്ട ഒരു കാര്യമുണ്ട്. വർഷങ്ങളായി ജനങ്ങൾക്ക് വലിയ വിശ്വാസമുണ്ടായിരുന്ന, വളരെ മികച്ച നിലയിൽ ലാഭകരമായി പ്രവർത്തിച്ചിരുന്ന കരുവന്നൂർ സഹകരണ ബാങ്ക് എങ്ങനെയാണ് പെട്ടെന്ന് ഒരു വലിയ തട്ടിപ്പിന്റെ കേന്ദ്രമായി മാറിയത്? സാധാരണക്കാരായ മനുഷ്യർ തങ്ങളുടെ അന്നന്നത്തെ വിയർപ്പൊഴുക്കിയുള്ള വരുമാനവും ഭാവിയിലേക്കുള്ള സമ്പാദ്യവുമൊക്കെ പൂർണ്ണമായി വിശ്വസിച്ചു നിക്ഷേപിച്ച ബാങ്കായിരുന്നു ഇത്. പ്രാഥമിക വിലയിരുത്തലുകൾ അനുസരിച്ച് ഏതാണ്ട് 300 കോടി രൂപയുടെ ഭീമമായ തട്ടിപ്പാണ് ഇവിടെ നടന്നിരിക്കുന്നത്.
​ഇതൊരു സാധാരണ ബാങ്ക് കൊള്ളയല്ല. അവിടെ ബാങ്കിന് കൃത്യമായ ഒരു ഭരണസമിതിയും ഉദ്യോഗസ്ഥരുമൊക്കെയുണ്ടായിരുന്നു. എന്നാൽ അതിനൊക്കെ മുകളിലായി സിപിഎം ഒരു സമാന്തര സമിതി അഥവാ അപ്പക്സ് അതോറിറ്റി രൂപീകരിച്ചു. ഈ സമിതി അംഗീകരിക്കുന്ന ആളുകൾക്ക് മാത്രമാണ് ബാങ്കിൽ നിന്ന് വായ്പകളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും നൽകിയിരുന്നത്. ഈ സമിതി രൂപീകരിക്കുന്ന സമയത്ത് അതിന്റെ ചെയർമാൻ മുൻ സഹകരണ വകുപ്പ് മന്ത്രി കൂടിയായ എ.സി. മൊയ്തീൻ ആയിരുന്നു.

​ഈ സമിതിയുടെ സ്വാധീനം ഉപയോഗിച്ച് വ്യാജ രേഖകൾ ചമച്ചും, കൃത്യമായ ഈടുകൾ ഇല്ലാതെയും പലർക്കും കോടിക്കണക്കിന് രൂപ ക്രമവിരുദ്ധമായി ലോണുകൾ അനുവദിച്ചു. ഇതിന് പകരമായി, ലോൺ കിട്ടുന്നവർ പാർട്ടിക്ക് വലിയൊരു തുക ‘കമ്മീഷൻ’ ആയി നൽകണമായിരുന്നു. ഈ കമ്മീഷൻ പണം വാങ്ങി സൂക്ഷിക്കാൻ വേണ്ടി മാത്രം ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് തുറന്നു. ആ സമയത്ത് പാർട്ടിയുടെ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്നത് കെ. രാധാകൃഷ്ണനായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഈ കേസിൽ പ്രതിസ്ഥാനത്ത് വരുന്നത്. ഇത്തരത്തിൽ തുറന്ന അക്കൗണ്ടിൽ നിന്ന് 10 ലക്ഷം രൂപ ഇഡി കണ്ടെത്തുകയുണ്ടായി. ഈ പണം ഉപയോഗിച്ചത് സിപിഎമ്മിന്റെ ഒരു ഏരിയ കമ്മിറ്റി office ഉണ്ടാക്കാൻ വേണ്ടി സ്ഥലം വാങ്ങാനായിരുന്നു. ആ സ്ഥലം വാങ്ങി രജിസ്റ്റർ ചെയ്യുന്ന സമയത്ത് ജില്ലാ സെക്രട്ടറിയായിരുന്നത് വർഗീസ് ആയിരുന്നു. അതുകൊണ്ടാണ് അദ്ദേഹവും പ്രതിയായത്. ചുരുക്കത്തിൽ, തട്ടിപ്പിലൂടെ കിട്ടിയ കമ്മീഷൻ പണം പാർട്ടിയുടെ സ്വന്തം ആസ്തികൾ ഉണ്ടാക്കാൻ വേണ്ടി നേരിട്ട് ഉപയോഗിച്ചു എന്ന് വ്യക്തമായ തെളിവുകൾ കണ്ടെത്തിയതുകൊണ്ടാണ് സിപിഎം എന്ന പാർട്ടിയെ ഇഡി പ്രതിപ്പട്ടികയിൽ ചേർത്തത്. കോടിക്കണക്കിന് രൂപ പാർട്ടിയുടെ അക്കൗണ്ടുകളിലേക്ക് വന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

​’മണി ഹീസ്റ്റ്’ എന്ന പ്രശസ്തമായ വെബ് സീരീസിൽ ബാങ്ക് കൊള്ളയടിക്കാൻ വലിയ തന്ത്രങ്ങളും ശാസ്ത്രീയമായ പ്ലാനിങ്ങുമൊക്കെ നടത്തുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കരുവന്നൂരിൽ സിപിഎമ്മിന് കാര്യങ്ങൾ വളരെ അനായാസമായിരുന്നു. അത്രത്തോളം വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള ബാങ്കിന്റെ ഭരണസമിതിയിൽ അംഗമാവുക എന്ന ഒരൊറ്റ കാര്യം മാത്രമാണ് അവർ ചെയ്തത്.
​ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും പാവപ്പെട്ട നിക്ഷേപകർ ഇതറിഞ്ഞത് വളരെ വൈകിയാണ്. ബാങ്ക് പൂർണ്ണമായി തകർച്ചയിലായ ഘട്ടത്തിൽ, സ്വന്തം മകളുടെ വിവാഹത്തിനോ, കുട്ടികളുടെ ഉപരിപഠനത്തിനോ, അല്ലെങ്കിൽ അടിയന്തിര ചികിത്സയ്ക്കോ വേണ്ടി തങ്ങൾ നിക്ഷേപിച്ച പണം തിരികെ ചോദിച്ചു ചെന്നപ്പോഴാണ് തങ്ങളുടെ പണത്തിന് ഒരു ഗ്യാരണ്ടിയുമില്ലെന്ന ക്രൂരമായ കാര്യം ജനങ്ങറിയുന്നത്. ചികിത്സിക്കാൻ പണമില്ലാതെ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പലരും കരഞ്ഞു, ചിലർ നിരാശ മൂലം ആത്മഹത്യ ചെയ്തു. ഇതിലെ ഏറ്റവും വലിയ ക്രൂരത എന്തെന്നാൽ, ഈ തട്ടിപ്പിനിരയായി കണ്ണീരൊഴുക്കുന്നവരിൽ വലിയൊരു പങ്ക് പാവപ്പെട്ട സിപിഎം അനുഭാവികളും പാർട്ടി പ്രവർത്തകരും തന്നെയാണ് എന്നതാണ്. ഏതാനും നേതാക്കളുടെ സ്വാർത്ഥ താല്പര്യത്തിനും പാർട്ടിക്ക് ഓഫീസ് പണിയാനും വേണ്ടി പാവങ്ങളുടെ ചോരനീരൊഴുക്കിയ സമ്പാദ്യമാണ് ഇവിടെ ഇല്ലാതായത്.

​ഈ കേസിലെ അന്വേഷണം അത്ര സുഗമമായിട്ടല്ല മുന്നോട്ട് പോയത്. തുടക്കത്തിൽ എ.സി. മൊയ്തീന്റെ വീട്ടിലും ഓഫീസിലുമൊക്കെ ഇഡി വലിയ രീതിയിൽ റൈഡ് നടത്തുകയും നേതാക്കളെ ചോദ്യം ചെയ്യുകയും ചെയ്തതാണ്. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഈ അന്വേഷണത്തിന് പെട്ടെന്നൊരു മന്ദഗതി അല്ലെങ്കിൽ നിശ്ചലാവസ്ഥ ഉണ്ടായി. തുടർച്ചയായ നീക്കങ്ങളോ, ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി പണം പിടിച്ചെടുക്കാനോ ഉള്ള നടപടികൾ ഇഡി ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇത് സിപിഎമ്മിന് താല്ക്കാലികമായ വലിയൊരു ആശ്വാസമായി മാറി.
​ആ സമയത്താണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിച്ചതിന് പിന്നിൽ ഈ കരുവന്നൂർ ബാങ്ക് വിഷയം വലിയ രീതിയിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അന്വേഷണം തങ്ങളെ ബാധിക്കാത്ത രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ബിജെപിയും സിപിഎമ്മിന് ഒപ്പം ചേർന്ന് ഒരു രാഷ്ട്രീയ നീക്കുപോക്ക് നടത്തിയെന്ന ആരോപണം ശക്തമാണ്. സുരേഷ് ഗോപിക്ക് അന്ന് ലഭിച്ച വോട്ടിന്റെ പകുതി പോലും തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ബിജെപിക്ക് കിട്ടിയില്ല എന്നതും ഈ അന്തർധാര ആരോപണത്തിന് ബലം നൽകുന്നു.
​അതുപോലെ തന്നെ കെ. രാധാകൃഷ്ണൻ ആലത്തൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു ജയിച്ചു. അന്ന് അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ ചേർത്തിരുന്നില്ല. അദ്ദേഹം നേരിട്ട് പണം തട്ടിയെടുക്കാൻ പോയ വ്യക്തിയല്ലായിരിക്കാം, പക്ഷേ പാർട്ടിയുടെ ജില്ലാ സെക്രട്ടറി എന്ന പദവി ഉപയോഗിച്ച് ഈ തട്ടിപ്പും നാണക്കേടും മൂടിവെക്കാൻ അന്ന് ശ്രമങ്ങൾ നടന്നിട്ടുണ്ടാകാം എന്ന് വേണം കരുതാൻ.

​നിലവിൽ ഇഡി, ഈ കേസുമായി ബന്ധപ്പെട്ട് പ്രതികളിൽ നിന്നും മറ്റുമായി ഏതാണ്ട് 100 കോടിയോളം രൂപ കണ്ടുകെട്ടിയിട്ടുണ്ട്. നിയമപരമായി ഈ പണം തിരികെ വാങ്ങി ദുരിതത്തിലായ നിക്ഷേപകർക്ക് നൽകാൻ ബാങ്കോ ഭരണകൂടമോ വിചാരിച്ചാൽ സാധിക്കും. എന്നാൽ അതിനുപകരം ഇവിടെ നീണ്ട നിയമപോരാട്ടങ്ങളാണ് നടക്കുന്നത്. ബാങ്കിനെയും ഭരണപക്ഷ പാർട്ടിയെയും കണ്ണ് അടച്ച് വിശ്വസിച്ച് തങ്ങളുടെ ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ അവിടെ കൊണ്ടുപോയി ഇട്ട ആ പാവപ്പെട്ട മനുഷ്യരുടെ കണ്ണീരിന് ആരാണ് ഇനി മറുപടി നൽകുക?
​സ്വന്തം പാർട്ടി ഓഫീസ് പണിയാൻ പാവങ്ങളുടെ പണം കമ്മീഷനായി വാങ്ങിയ നേതാക്കൾക്ക് ജനങ്ങളോട് എന്ത് പ്രതിബദ്ധതയാണ് ഉള്ളത്? ഈ ജൂലൈ നാലിന് കോടതി വിചാരണ ആരംഭിക്കുമ്പോൾ, കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ സാധിക്കുമോ, അതോ സാധാരണക്കാരന്റെ പണം രാഷ്ട്രീയക്കാരന്റെ പോക്കറ്റിൽ തന്നെ അവശേഷിക്കുമോ?

Leave a Reply

Your email address will not be published. Required fields are marked *