രാജ്യത്തെ ജഡ്ജിമാരുടെ നിയമന നടപടികളിൽ യാതൊരുവിധ സുതാര്യതയുമില്ലെന്ന് രാജ്യസഭാംഗം ഹാരിസ് ബീരാൻ. സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം ഉയർത്തൽ ഭേദഗതി ബിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ മികച്ച നിയമപ്രതിഭകളെയും അഭിഭാഷകരെയും ജുഡീഷ്യറിയിലേക്ക് ആകർഷിക്കുന്നതിനായി ജഡ്ജിമാരുടെ പ്രതിമാസ ശമ്പളം 20 ലക്ഷം രൂപയായി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജഡ്ജി നിയമനത്തിൽ കേന്ദ്രസർക്കാരിന് പങ്കില്ലെന്ന് പറയുന്നുണ്ടെങ്കിലും, കേരള ഹൈക്കോടതിയിലേക്ക് കൊളീജിയം ശുപാർശ ചെയ്ത രണ്ടുപേരുടെ നിയമനം ഇതുവരെ അംഗീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ശുപാർശകൾക്ക് അംഗീകാരം നൽകാതെ നീട്ടിക്കൊണ്ടുപോകുന്നത് സുതാര്യമല്ലാത്ത ഇടപെടലാണെന്നും, ഈ കാലതാമസമാണ് കോടതികളിൽ കേസുകൾ കെട്ടിക്കിടക്കാൻ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവിലെ ഭേദഗതി ബിൽ തൊലിപ്പുറത്തെ പരിഷ്കാരം മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വകാര്യ പ്രാക്ടീസിൽ മുതിർന്ന അഭിഭാഷകർ ദിവസേന ഒരു കോടി രൂപ വരെ പ്രതിഫലം നേടുമ്പോൾ, മികച്ച പ്രതിഭകളെ ബെഞ്ചിലേക്ക് ആകർഷിക്കാൻ ഉയർന്ന വേതനം അത്യാവശ്യമാണെന്ന് അദ്ദേഹം വാദിച്ചു. കൂടാതെ ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 62-ൽ നിന്ന് 65 ആക്കി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ എത്താതിരുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തി പ്രസംഗം പൂർത്തിയാക്കാതെ അദ്ദേഹം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
