പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധമേഘങ്ങൾ അതീവ ഗുരുതരമായി കനക്കുകയാണ്. ലോകം മുഴുവൻ ഉറ്റുനോക്കിയിരുന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകൾ ഇപ്പോൾ പൂർണ്ണമായും തകർന്നു തരിപ്പണമായിരിക്കുന്നു. അമേരിക്കയുടെയും ഇറാന്റെയും കടുത്ത പിടിവാശികൾക്കിടയിൽ പെട്ട് സമാധാന ശ്രമങ്ങളെല്ലാം അസ്ഥാനത്തായിരിക്കുകയാണ്. വളരെ രസകരവും എന്നാൽ നാടകീയവുമായ ഒരു കാര്യമുണ്ട്, “ചമ്മന്തി അരഞ്ഞിട്ടില്ല, ഒന്നുകൂടി അരയാനുണ്ട്” എന്ന് പരിഹസിച്ചുകൊണ്ട് തങ്ങൾ തയ്യാറാക്കിയ കരാറിന്റെ കരട് രൂപം ട്രംപ് ഇറാന് തിരിച്ചയച്ചിരിക്കുകയാണ്. ട്രംപിന്റെ ഈ ധാർഷ്ട്യത്തിന് മുന്നിൽ മുട്ടുമടക്കാൻ ഇറാൻ ഒട്ടും തയ്യാറല്ല. മറുവശത്ത്, ഔദ്യോഗികമായി ആണവ ചർച്ചകളൊന്നും നിലവിൽ നടക്കുന്നില്ലെന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബക്കായി അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കുന്നത്. ലെബനനിലും ഫലസ്തീനിലും ഇസ്രായേൽ തുടരുന്ന ക്രൂരമായ ആക്രമണങ്ങൾ തങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും, അതുകൊണ്ട് തന്നെ അമേരിക്ക ഏകപക്ഷീയമായി നിശ്ചയിക്കുന്ന ഒരു നിബന്ധനകളിലും ചർച്ചയ്ക്ക് തയ്യാറല്ലെന്നുമാണ് ഇറാന്റെ കടുത്ത നിലപാട്.
യഥാർത്ഥത്തിൽ എന്തായിരുന്നു ഇരുരാജ്യങ്ങളും തമ്മിൽ മുന്നോട്ടുവെക്കപ്പെട്ട ആ സമാധാന പ്രൊപ്പോസൽ? ആദ്യ ഘട്ടത്തിൽ ഇറാൻ ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഉപരോധം പൂർണ്ണമായും അവസാനിപ്പിക്കുക, അതിനു പകരമായി അമേരിക്ക ഇറാന്റെ തുറമുഖങ്ങൾക്ക് നേരെയുള്ള നാവിക ഉപരോധം പിൻവലിക്കുക എന്നതായിരുന്നു പ്രാഥമിക ധാരണ. ഇതിലൂടെ ഇറാന്റെ എണ്ണ വിപണി വീണ്ടും സജീവമാകുകയും ഇരുവിഭാഗത്തിനും പരസ്പര വിശ്വാസം വരികയും ചെയ്യും എന്നായിരുന്നു ലോകം കരുതിയത്. ഈ ഒരു മാസത്തെ താൽക്കാലിക വെടിനിർത്തലിന് ശേഷം ആണവ വിഷയത്തിൽ അന്തിമ ചർച്ച നടത്താം എന്നതായിരുന്നു പ്ലാൻ. എന്നാൽ പുറമെ വെടിനിർത്തൽ എന്ന് പറയുകയും, ഉള്ളിൽ ഇറാന്റെ നട്ടെല്ലൊടിക്കാൻ പ്രഹരം ഏൽപ്പിക്കുകയും ചെയ്യുന്ന അമേരിക്കൻ ഇരട്ടത്താപ്പാണ് ഇവിടെ പ്രകടമാകുന്നത്. ഈ ചർച്ചകൾ അണിയറയിൽ നടക്കുമ്പോഴും കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ മൂന്ന് തവണയാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറാന്റെ അതിർത്തിക്കുള്ളിൽ അതിക്രമിച്ചു കയറി ബോംബാക്രമണം നടത്തിയത്.
പശ്ചിമേഷ്യയിലെ ശക്തിസമവാക്യങ്ങൾ മാറ്റിമറിക്കാൻ ആര് വിചാരിച്ചാലും, ഇറാന്റെ അനുവാദമില്ലാതെ ഈ മണ്ണിൽ ഒരു കാറ്റുപോലും അനങ്ങില്ലെന്ന് ലോകത്തെ ഓർമ്മിപ്പിച്ചുകൊണ്ട്, മരണക്കയത്തിൽ നിന്നും വീണ്ടും ഉയിർത്തെഴുന്നേൽക്കുകയാണ് ആ പോരാളികളുടെ രാജ്യം. മണിക്കൂറുകൾക്ക് മുൻപ് ഇറാന്റെ ടെലികോം ടവറുകൾക്ക് നേരെ ശത്രുക്കൾ നടത്തിയ ആ ഭീരുത്വമേറിയ ആക്രമണത്തിന്റെ കനലടങ്ങും മുൻപ് തന്നെ, ശത്രുവിന്റെ നെഞ്ചിലേക്ക് കോടിക്കണക്കിന് രൂപ വിലവരുന്ന മിസൈലുകൾ പായിച്ചാണ് ഇറാൻ ഇപ്പോൾ കൃത്യമായ മറുപടി നൽകിയിരിക്കുന്നത്. നോക്കൂ, ഈ തിരിച്ചടി വെറുമൊരു സാധാരണ സൈനിക പ്രതികരണമല്ല, അത് ഇറാന്റെ ചോരത്തിളപ്പാണ്.
“അടിച്ചാൽ തിരിച്ചടിക്കും… തകർത്താൽ വീണ്ടും ഉയിർത്തെഴുന്നേൽക്കും…” എന്ന് ലോക മഹാശക്തികളുടെ മുഖത്തുനോക്കി വിളിച്ചുപറയുന്ന ഇറാൻ, ചരിത്രത്തോട് ഒന്നുമാത്രം ഓർമ്മിപ്പിക്കുന്നു—ഇത് തോറ്റുപിന്മാറാൻ പഠിച്ച മണ്ണല്ല!
അമേരിക്കയുടെ ഈ തുടർച്ചയായ പ്രകോപനങ്ങളാണ് ചർച്ചകളുടെ അന്തരീക്ഷം പൂർണ്ണമായും തകർത്തത്. സമാധാന ചർച്ചകൾ ഒരു വശത്ത് നടക്കുമ്പോഴും അമേരിക്ക തങ്ങളുടെ അതിനൂതനമായ MQ-9 റീപ്പർ ഡ്രോണുകൾ ഇറാന്റെ സമുദ്രാതിർത്തിയിലേക്ക് നിരീക്ഷണത്തിനും ചാരപ്രവർത്തനത്തിനുമായി അയച്ചു. ഇതിനെ ഇറാൻ തങ്ങളുടെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് കൃത്യമായി വെടിവെച്ചിട്ടു. ഇതിൽ വെറിപിടിച്ച അമേരിക്ക ഇറാന് നേരെ അതിശക്തമായ പ്രത്യാക്രമണം നടത്തിയപ്പോൾ, അതിലും വലിയ തിരിച്ചടിയാണ് ഇറാൻ നൽകിയത്. കുവൈറ്റിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് ഇറാൻ ഡ്രോണുകളും മിസൈലുകളും പായിച്ചത്.
പണ്ട് നമ്മുടെ കേരളത്തിൽ ഇടതുപക്ഷ സർക്കാരുകൾ പറഞ്ഞ “ഭരണവും സമരവും ഒരുമിച്ച് കൊണ്ടുപോകും” എന്ന മുദ്രാവാക്യം പോലെയാണ് ട്രംപിന്റെ നയം. യുദ്ധവും സമാധാന ചർച്ചകളും ഒരേസമയം ഒരുമിച്ച് കൊണ്ടുപോകാൻ ട്രംപിന് കഴിയില്ലെന്ന് ഇറാൻ തെളിയിച്ചിരിക്കുകയാണ്. കളി തുടങ്ങാൻ അമേരിക്കയ്ക്ക് കഴിഞ്ഞേക്കും, പക്ഷേ അത് അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കുമെന്ന ഇറാന്റെ പ്രഖ്യാപനം വെറുതെയല്ല എന്ന് കുവൈറ്റിലെ യുഎസ് ബേസുകൾക്ക് നേരെ നടന്ന ആക്രമണം വ്യക്തമാക്കുന്നു.
അതുമാത്രമല്ല, ഈ സൈനിക നീക്കങ്ങൾ കടലിലും ഇപ്പോൾ വലിയൊരു യുദ്ധകാഹളം മുഴക്കിക്കഴിഞ്ഞു. മുൻപ് നടന്ന ഇറാനിയൻ കപ്പൽ ആക്രമണത്തിന് പ്രതികാരമായി വലിയൊരു നാവിക നീക്കമാണ് ഇറാന്റെ നാവികസേന ഇപ്പോൾ നടത്തിയിരിക്കുന്നത്. അമേരിക്കയും ഇസ്രയേലുമായി വ്യക്തമായ ബിസിനസ് ബന്ധമുള്ള ‘എംഎസ്‌സി സരിസ്ക’ (MSC Sariska) എന്ന ഭീമാകാരമായ കപ്പലിനെ ലക്ഷ്യമിട്ടാണ് irgc നാവികസേനയുടെ പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. തങ്ങളുടെ കപ്പലുകൾക്ക് നേരെ ഉയരുന്ന ഓരോ ചെറിയ വെല്ലുവിളിക്കും, ശത്രുവിന്റെ ആഗോള സാമ്പത്തിക നട്ടെല്ലൊടിക്കുന്ന രീതിയിൽ അന്താരാഷ്ട്ര സമുദ്രപാതകളിൽ വെച്ച് തിരിച്ചടി നൽകാൻ തങ്ങൾക്ക് മടിയില്ലെന്ന് ഇറാൻ ഇതിലൂടെ തെളിയിക്കുകയാണ്.
യഥാർത്ഥത്തിൽ ഇറാന്റെ ആഭ്യന്തര രാഷ്ട്രീയത്തിലും വലിയ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് പാശ്ചാത്യ രാജ്യങ്ങൾ കരുതിയിരുന്നു. പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ രാജിവെക്കാൻ ഒരുങ്ങുന്നു എന്ന രീതിയിൽ അമേരിക്കൻ മാധ്യമങ്ങൾ വലിയ വാർത്തകൾ ആഘോഷിച്ചെങ്കിലും ഇത് വ്യാജ വാർത്തയാണെന്ന് അദ്ദേഹം തന്നെ പിന്നീട് ലോകത്തോട് വ്യക്തമാക്കി. നിലവിൽ ഇറാന്റെ ഭരണം നിയന്ത്രിക്കുന്നത് ആരാണ് എന്ന കാര്യത്തിൽ അമേരിക്കയ്ക്ക് ഇപ്പോഴും വലിയ കൺഫ്യൂഷൻ ഉണ്ട്. വിപ്ലവ ഗാർഡുകളായ IRGC ആണോ, അതോ അന്തരിച്ച അയത്തുള്ള അലി ഖൊമേനിയുടെ മകൻ മുജ്തബ ഖൊമേനി ആണോ ഇവിടുത്തെ ഡിഫാക്ടോ ഭരണാധികാരി എന്ന് മനസ്സിലാകാതെ ട്രംപ് ഭരണകൂടം കുഴങ്ങുകയാണ്. വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ചിയും പാർലമെന്റ് സ്പീക്കർ ഖാലിബാഫുമാണ് ഇപ്പോൾ എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിൽക്കുന്നത്. അതുകൊണ്ട് തന്നെ ഇറാന്റെ യഥാർത്ഥ മുൻഗണനകൾ എന്താണെന്ന് കൃത്യമായി മനസ്സിലാക്കാൻ ട്രംപിന് സാധിക്കുന്നില്ല. കഴിഞ്ഞ ജനുവരി മാസത്തിൽ ഭരണകൂടത്തിനെതിരെ വലിയ ജനകീയ പ്രക്ഷോഭങ്ങൾ നടന്നിരുന്ന ഇറാനിൽ, അമേരിക്കയുടെ ഈ ബാഹ്യ ആക്രമണത്തോടെ ജനങ്ങൾ വീണ്ടും ഭരണകൂടത്തിന് അനുകൂലമായി ഒന്നിച്ച് അണിനിരക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. അതായത്, ട്രംപിന്റെ ആക്രമണങ്ങൾ ഇറാന്റെ ഭരണകൂടത്തെ ജനങ്ങൾക്കിടയിൽ കൂടുതൽ ശക്തമാക്കുകയാണ് ചെയ്തത്.
ഇറാനെ ഉപരോധങ്ങളിലൂടെ ഒതുക്കാൻ നോക്കുന്ന അമേരിക്ക സ്വന്തം നാട്ടിൽ വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ് എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. അമേരിക്കയിലെ വലിയ കള്ളപ്പണ വേട്ടയും ട്രംപിന്റെ സാമ്പത്തിക നാടകങ്ങളും ഇപ്പോൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. നികുതി വെട്ടിപ്പിൽ തുടങ്ങി ഒടുവിൽ വൻകിട കലാപകാരികളുടെ ഫണ്ടിൽ ചെന്നവസാനിച്ച ഒരു വലിയ സാമ്പത്തിക കള്ളക്കളിയാണ് ട്രംപ് ഭരണകൂടം അവിടെ കളിച്ചത്. അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ സ്വാധീനം നിലനിർത്താൻ ട്രംപ് തയ്യാറാക്കിയ വലിയൊരു ഫണ്ടിംഗ് തന്ത്രമായിരുന്നു ഇത്. പക്ഷേ, അവിടെയാണ് ട്രംപിന് അപ്രതീക്ഷിത പ്രഹരമേറ്റത്. ട്രംപ് കൊണ്ടുവന്ന ഈ വൻ സാമ്പത്തിക നീക്കത്തിന് പിന്നിൽ യാതൊരുവിധ നിയമപരമായ അടിത്തറയുമില്ലെന്ന് ചൂണ്ടിക്കാട്ടി, അമേരിക്കൻ ജില്ലാ ജഡ്ജി ലിയോണി ബ്രിങ്കെമ (Leonie Brinkema) കഴിഞ്ഞ ദിവസം കടുത്ത ഉത്തരവാണ് പുറപ്പെടുവിച്ചത്. ജഡ്ജി ലിയോണി ബ്രിങ്കെമയുടെ ഈ ശക്തമായ ഇടപെടലോടെ ട്രംപിന്റെ ആ സാമ്പത്തിക പദ്ധതി ഇപ്പോൾ താൽക്കാലികമായി മരവിപ്പിക്കപ്പെട്ടിരിക്കുകയാണ്. പുറമേ ലോകപൊലീസായി കളി പഠിപ്പിക്കാൻ ഇറങ്ങുന്ന അമേരിക്ക, ഉള്ളിൽ സ്വന്തം നിയമവ്യവസ്ഥയ്ക്ക് മുന്നിൽ ഉത്തരംമുട്ടി നാണംകെട്ട് നിൽക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.
അമേരിക്ക പറയുന്നതനുസരിച്ച് മൂക്കുകൊണ്ട് ക്ഷ വരയ്ക്കാൻ ഇറാൻ ഒരിക്കലും തയ്യാറല്ല. കാരണം, അമേരിക്ക എന്ന രാജ്യം ഭൂമുഖത്ത് രൂപപ്പെടുന്നതിന് എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപ് വലിയ സംസ്കാരവും പാരമ്പര്യവുമുള്ള പേർഷ്യൻ സാമ്രാജ്യത്തിന്റെ പിൻഗാമികളാണ് അവർ. അവർക്ക് ശക്തമായ ഒരു ദേശീയ അഭിമാനമുണ്ട്. നിലവിലെ മതഭരണകൂടത്തോട് അവിടുത്തെ ജനങ്ങൾക്ക് ആഭ്യന്തരമായി ചില എതിർപ്പുകളുണ്ടാകാം, എന്നാൽ വിദേശ ശക്തികൾ തങ്ങളുടെ രാജ്യത്തെ അടിച്ചമർത്താൻ നോക്കിയാൽ ഭേദചിന്തകളില്ലാതെ അവർ ഒറ്റക്കെട്ടായി പ്രതിരോധിക്കും. ഇറാന്റെ കൈവശമുള്ള 60% സമ്പുഷ്ടീകരിച്ച യുറേനിയം ചൈനയിലേക്കോ റഷ്യയിലേക്കോ മാറ്റണമെന്നാണ് യുഎസ് ഇപ്പോൾ ആവശ്യപ്പെടുന്നത്. എന്നാൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും കൈവശമുള്ള ആണവായുധങ്ങൾ ലോകത്തിന് സുരക്ഷിതമാണെന്നും ഇറാന്റെ കയ്യിൽ അത് സുരക്ഷിതമല്ലെന്നും പറയുന്നതിൽ വലിയ വൈരുദ്ധ്യമുണ്ട്. ഇതോടൊപ്പം, ഇറാന്റെ മരവിപ്പിച്ചു വെച്ചിരിക്കുന്ന 12 ബില്യൺ ഡോളർ ആസ്തികൾ വിട്ടുനൽകാനും അമേരിക്ക തയ്യാറാകുന്നില്ല. ഈ സാമ്പത്തിക-ആണവ ഉപരോധങ്ങൾ തന്നെയാണ് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നത്.
മിസൈൽ താവളങ്ങളും ഡ്രോണുകളും സൈനിക ക്യാമ്പുകളും, ഇപ്പോൾ കടലിലെ കപ്പലുകളും കേന്ദ്രീകരിച്ച് നടക്കുന്ന ഈ പുതിയ ശക്തിപ്രകടനം പശ്ചിമേഷ്യയെ വീണ്ടും വലിയൊരു അനിശ്ചിതത്വത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. ലോക മഹാശക്തികൾ ഒന്നുമാത്രം ഓർക്കുക—ഈ ആക്രമണങ്ങൾക്കും ഉപരോധങ്ങൾക്കും പകരമായി ഇറാന്റെ മണ്ണിൽ നിന്നും വരാൻ പോകുന്നത് ഒരു സുനാമിയേക്കാൾ ഭീകരമായ ഒന്നായിരിക്കും! അത് കേവലമൊരു സൈനിക പ്രതികാരമല്ല, മറിച്ച് ശത്രുവിന്റെ സർവ്വ സാമ്രാജ്യത്വത്തെയും വേരോടെ പിഴുതെറിയുന്ന ആഞ്ഞടിക്കലായിരിക്കും. ഞങ്ങളുടെ മാതൃഭൂമിയെ തൊട്ടുകളിച്ചാൽ, ഇനി വരാനിരിക്കുന്ന ആ മഹാമാരിയെ തടുക്കാൻ ഈ ഭൂമിയിലെ ഒരു ശക്തിക്കും കഴിയില്ല! കാരണം ഇത് തോറ്റുപിന്മാറാൻ പഠിച്ച മണ്ണല്ല, ഇത് പോരാളികളുടെ സ്വന്തം മണ്ണാണ്!
